കേരള സെക്ടറിൽ വിമാന സർവിസുകൾ വർധിക്കുന്നു, നിരക്കുകൾ ഉയർന്നുതന്നെ
text_fieldsമസ്കത്ത്: മസ്കത്തിൽനിന്ന് കേരള സെക്ടറിലേക്ക് ഒക്ടോബർ മുതൽ വിമാന സർവിസുകൾ വർധിക്കുന്നുണ്ടെങ്കിലും യാത്രനിരക്കുകളും ഉയർന്നുതന്നെ നിൽക്കുന്നു. ഇതോടെ വിമാന സർവിസുകൾ വർധിക്കുമ്പോൾ നിരക്കുകൾ കുറയുമെന്ന യാത്രക്കാരുടെ പ്രതീക്ഷകൾ അസ്ഥാനത്താവുകയാണ്.
ഒക്ടോബർ ഒന്ന് മുതൽ മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്ക് സലാം എയറും തിരുവനന്തപുരത്തേക്ക് ഒമാൻ എയറുമാണ് പുതുതായി സർവിസുകൾ നടത്തുന്നത്. ടിക്കറ്റ് നിരക്കുകൾ ഈ മാസത്തെ അപേക്ഷിച്ച് കൂടുതലാണ് ഒക്ടോബറിൽ.
ബജറ്റ് എയർലൈനായ സലാം എയർ മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്ക് സർവിസ് ആരംഭിക്കുന്നതോടെ മസ്കത്തിൽ നിന്ന് കോഴിക്കോട്ടേക്കും അവിടെനിന്ന് മസ്കത്തിലേക്കും ദിവസവും നാല് സർവിസുകൾ ഉണ്ടാവും. ഒമാൻ എയർ കോഴിക്കോട്ടേക്ക് രണ്ട് സർവിസും എയർ ഇന്ത്യ എക്പ്രസ് ദിവസവും ഒരു സർവിസും സലാം എയർ ബുധനാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും സർവിസ് നടത്തും. എന്നാൽ, അടുത്ത മാസം എല്ലാ വിമാന കമ്പനികളുടെയും നിരക്കുകൾ 65ന് മുകളിലാണ്. മൂന്ന് വിമാന കമ്പനികളും സമാനമായ നിരക്കുകൾ ഈടാക്കുന്നതിനാൽ ഒമാൻ എയർ ടിക്കറ്റുകൾക്ക് കൂടുതൽ ആവശ്യക്കാരുണ്ടാവും. പുലർച്ചെ 2.55ന് പുറപ്പെട്ട് രാവിലെ 7.50ന് കോഴിക്കോട്ടെത്തുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ഒക്ടോബറിലെ വൺവേ നിരക്ക് 69 റിയാലാണ്. രാത്രി 11.20 ന് പുറപ്പെട്ട് പുലർച്ചെ 3.20 ന് കോഴിക്കോട്ടെത്തുന്ന സലാം എയറും സമാന നിരക്ക് തന്നെയാണ് ഈടാക്കുന്നത്. മസ്കത്തിൽനിന്ന് പുലർച്ചെ മൂന്നിനും ഉച്ചക്ക് രണ്ടിനും സർവിസ് നടത്തുന്ന ഒമാൻ എയറിന്റെ പുലർച്ചെയുള്ള വിമാനത്തിനും സമാന നിരക്കാണുള്ളത്. തിരുവനന്തപുരത്തേക്ക് ഒക്ടോബർ മുതൽ എല്ലാ ദിവസവും ഒമാൻ എയർ സർവിസ് നടത്തുന്നുണ്ടെങ്കിലും നിരക്കുകളിൽ ഒരു കുറവും കാണിക്കുന്നില്ല. തിരുവനന്തപുരത്തേക്ക് എയർ ഇന്ത്യ എക്പ്രസ് 74 റിയാലാണ് ഈടാക്കുന്നത്.
എന്നാൽ, ഒമാൻ എയർ ചില ദിവസങ്ങളിൽ 67 റിയാൽ ഈടാക്കുന്നുണ്ടെങ്കിലും മറ്റ് ദിവസങ്ങളിൽ വൻ നിരക്കുകളാണുള്ളത്. ഗോ എയർ സർവിസ് ആരംഭിച്ചാൽ നിരക്കുകൾ കുറയുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും എന്ന് തുടങ്ങുമെന്നുള്ളത് അനിശ്ചിതമായി തുടരുകയാണ്.
കഫറ്റീരിയയിലും മറ്റ് ചെറിയ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന കുറഞ്ഞ വരുമാനക്കാരായ നിരവധി പേർ നിരക്കുകൾ കുറയുന്നതും കാത്തിരിക്കുകയായിരുന്നു. എന്നാൽ, പുതിയ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചതോടെ പലരും യാത്രകൾ മറ്റിവെക്കുകയാണ്. പൊതുവെ ഈ മാസം നിരക്കുകൾ കുറവായതിനാൽ പലരും ടിക്കറ്റെടുത്ത് യാത്ര ചെയ്യുകയാണ്. എങ്കിലും കൂടുതൽ സർവിസുകൾ ആരംഭിച്ചതോടെ ഭാവിയിൽ നിരക്ക് കുറയുമെന്നും സ്കൂൾ അവധിക്കാലത്തും മറ്റും അനുഭവപ്പെടുന്ന യാത്രാ പ്രയാസങ്ങൾക്ക് അറുതിയാവുമെന്നും പലരും പ്രതീക്ഷിക്കുന്നു.
കോഴിക്കോട്ടേക്ക് മസ്കത്തിൽനിന്ന് സർവിസുകൾ വർധിച്ചത് കോഴിക്കോട്, മലപ്പുറം ജില്ലകളുടെ വിനോദ സഞ്ചാര, ആരോഗ്യ മേഖലക്ക് അനുഗ്രഹമാവും. ഇനിയുള്ള മാസങ്ങൾ കേരളത്തിൽ വിനോദ സഞ്ചാര സീസണാണ്. അതിനാൽ, കോഴിക്കോട്ടേക്ക് കൂടുതൽ സർവിസുകൾ ഉള്ളതിനാൽ ഒമാനികൾക്കും മറ്റ് വിദേശികൾക്കും എളുപ്പം എത്താനുള്ള വിനോദ സഞ്ചാരകേന്ദ്രമായി ഈ മേഖല മാറും. അതോടൊപ്പം ഇവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് കൂടുതൽ രോഗികളും അവരുമായി ബന്ധപ്പെട്ടവരും ചികിത്സക്കും മറ്റും എത്താനും സർവിസുകൾ വർധിക്കുന്നത് സഹായകമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.