അപ്രതീക്ഷിത പൊതുഅവധി പ്രഖ്യാപനം: അവസരം മുതലെടുത്ത് വിമാന കമ്പനികൾ
text_fieldsമസ്കത്ത്: ദേശീയ ദിനവും നബിദിനവും പ്രമാണിച്ചുള്ള അവധി പ്രഖ്യാപനം പതിവ് തെറ്റിച്ച് നേരെത്തെയായതോടെ എല്ലാവരും ആഹ്ലാദത്തിലാണ്. തുടർച്ചയായ അഞ്ചു ദിവസത്തെ അവധി ആഘോഷമാക്കാൻ ഒരുക്കം തുടങ്ങി. സാധാരണ ദേശീയദിനമായ നവംബർ പതിനെട്ടിന് ശേഷമാണ് അവധി പ്രഖ്യാപിക്കുക. അതും മാസത്തിെൻറ അവസാന ആഴ്ചയിൽ ആയിരിക്കുകയും ചെയ്യും. ഇത്തവണ പതിവിന് വിപരീതമായി ദേശീയ ദിനത്തിന് മുേമ്പ അവധി പ്രഖ്യാപനമുണ്ടായതോടെ യാത്രകൾക്കായി ഒരുങ്ങാൻ സമയം ലഭിച്ചു. നബിദിന, ദേശീയദിന അവധികൾക്കൊപ്പം വാരാന്ത്യ അവധി കൂടി ചേർത്താണ് അഞ്ചുദിവസത്തെ അവധി ലഭിക്കുക. കഴിഞ്ഞവർഷം നാലുദിവസത്തെ അവധിയാണ് ഉണ്ടായിരുന്നത്.
തുടർച്ചയായ അവധിദിവസം ആഘോഷിക്കാൻ ചിലർ നാട്ടിലേക്ക് പോകാൻ ഒരുങ്ങുകയാണ്. പതിവുപോലെ അവസരം മുതലെടുത്ത് വിമാനക്കമ്പനികൾ നിരക്കുകൾ കുത്തനെ കൂട്ടിയിട്ടുണ്ട്. അവധി പ്രഖ്യാപനത്തിന് മുമ്പ് നവംബർ 20 മുതൽ 24 വരെ തീയതികളിൽ മടക്ക ടിക്കറ്റ് ഉൾെപ്പടെ വിവിധ എയർലൈൻസുകളിൽ 60 മുതൽ 90 റിയാൽ വരെയായിരുന്നു നിരക്ക്. എന്നാൽ, അവധി പ്രഖ്യാപന ശേഷം ഇത് 190 മുതൽ 350 റിയാൽ വരെയായി. അവധി പ്രഖ്യാപിച്ചതോടെ ചില വിമാനക്കമ്പനികൾ താൽക്കാലികമായി ഓൺലൈൻ ബുക്കിങ് നിർത്തിവെച്ചു.
പിന്നീട് നിരക്കുകളിൽ മാറ്റംവരുത്തിയാണ് ഓൺലൈൻ ബുക്കിങ് ആരംഭിച്ചത്. അവധി ആരംഭിക്കുന്നതിനും അവസാനിക്കുന്നതിനും തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാണ്. ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലേക്കും ഇതുതന്നെയാണ് അവസ്ഥ. നിരക്ക് ഉയർന്നതോടെ നാട്ടിലേക്കുള്ള യാത്ര മാറ്റിവെക്കാൻ ആലോചിക്കുകയാണ് പലരും. നാട്ടിൽ പോകാൻ കഴിയാത്തവർ ഇവിടെ തന്നെ അവധി ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ്.
സാധാരണ ഒമാനിലെ ദേശീയദിന അവധിക്കൊപ്പമാണ് യു.എ.ഇയിലെയും അവധി ദിനങ്ങൾ വരാറുള്ളത്. അതുകൊണ്ടുതന്നെ പലരും അവധി ആഘോഷങ്ങൾക്കായി അങ്ങോട്ടും ഇങ്ങോട്ടും വരുക പതിവാണ്.
ഡിസംബർ രണ്ടിനാണ് യു.എ.ഇ ദേശീയദിനം എന്നതിനാൽ ഇത്തവണ അതുണ്ടാകാൻ സാധ്യതയില്ല. ഒമാനിൽനിന്ന് പലരും യു.എ.യിലേക്ക് പോകാൻ ഒരുങ്ങുന്നതിനാൽ ചെക്പോസ്റ്റുകളിൽ കനത്ത തിരക്ക് അനുഭവപ്പെടും. രാജ്യം തണുപ്പു കാലാവസ്ഥയിലേക്ക് മാറുകയാണ്. ഇനിയുള്ള ദിവസങ്ങളിൽ സ്വദേശികളും വിദേശികളും ഒഴിവുസമയങ്ങൾ കടൽത്തീരങ്ങളിലും പാർക്കുകളിലും ചെലവഴിക്കും. ഇവിടെ കുടുംബങ്ങളും ബാച്ചിലേഴ്സും എത്തി ബാർബിക്യൂ ഒരുക്കലും കളികളുമൊക്കെയായിട്ടാകും സമയം ചെലവഴിക്കുക. ബാർബിക്യൂ ഒരുക്കുന്നതിനുള്ള ഉപകരണങ്ങളുടെ വിൽപന നഗരത്തിലെ വിവിധ ഹൈപ്പർ മാർക്കറ്റുകളിൽ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. അതോടൊപ്പം, തണുപ്പുകാലത്ത് ധരിക്കാനുള്ള വസ്ത്രങ്ങളുടെ വിൽപനയും കടകളിലും മറ്റും ആരംഭിച്ചിട്ടുണ്ട്. അവധിദിനങ്ങളിൽ പ്രത്യേക സ്റ്റേജ് ഷോകളോ മറ്റു കലാപരിപാടികളോ ആരും ഇതുവരെ തീരുമാനിച്ചിട്ടില്ല. അവധി ദിനങ്ങളിൽ നഗരത്തിൽ കഴിച്ചുകൂട്ടാൻ വിധിക്കപ്പെട്ടവർക്ക് ഇത് നിരാശയാകും നൽകുക. അവധി ദിനങ്ങൾ എത്ര വന്നാലും അതൊന്നും ലഭിക്കാത്ത സാധാരണ ഹൈപ്പർ മാർക്കറ്റുകളിലെയും കോഫി ഷോപ്പുകളിലെയും തൊഴിലാളികൾക്ക് ഈ ദിവസങ്ങൾ സാധാരണ ദിവസങ്ങൾ പോലെ തന്നെയാകും കടന്നുപോവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.