ലിബിയയിലെ വെള്ളപ്പൊക്കം; ഒമാൻ അടിയന്തര സഹായമെത്തിക്കും
text_fieldsമസ്കത്ത്: വെള്ളപ്പൊക്കത്തെ തുടർന്ന് പ്രയാസമനുഭവിക്കുന്ന ലിബിയയിലേക്ക് ഒമാൻ അടിയന്തര സഹായമെത്തിക്കും. ഇതുസംബന്ധിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യബന്ധത്തിന്റെ ചട്ടക്കൂടിനുള്ളിൽനിന്നും വിവിധ പ്രകൃതിദുരന്തങ്ങളാൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം നൽകുന്നതിനായി സുൽത്താനേറ്റ് നടത്തുന്ന മാനുഷിക സംരംഭത്തിന്റെയും ഭാഗമാണ് സഹായം. സംഭവത്തിൽ അനുശോചിച്ച് ലിബിയൻ പ്രസിഡൻഷ്യൽ കൗൺസിൽ പ്രസിഡന്റ് ഡോ. മുഹമ്മദ് അൽ മാൻഫിക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് കഴിഞ്ഞ ദിവസം കേബ്ൾ സന്ദേശം അയച്ചിരുന്നു.
കൊടുങ്കാറ്റിനെയും മഴയെയും തുടർന്ന് കിഴക്കൻ ലിബിയയിലെ ഡെർന നഗരത്തിലുണ്ടായ വൻ വെള്ളപ്പൊക്കത്തിൽ 2000 പേർ മരിച്ചതായാണ് റിപ്പോർട്ട്. ആയിരക്കണക്കിന് ആളുകളെ കാണാതാവുകയും ചെയ്തു. ലിബിയൻ നഗരമായ ഡെർണയുടെ മധ്യത്തിലൂടെ വെള്ളം ഒഴുകുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡെർന നഗരത്തിനു സമീപമുള്ള അണക്കെട്ട് തകർന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയതെന്ന് അധികൃതർ അറിയിച്ചു. കാണാതായവരുടെ എണ്ണം 5000ത്തിനും 6000ത്തിനും ഇടയിൽ ആണെന്നാണ് കണക്കുകൂട്ടൽ. ഭൂകമ്പത്തിൽ വിറങ്ങലിച്ച മൊറോക്കോയിലേക്കും സഹായമെത്തിക്കാൻ സുൽത്താൻ രണ്ടു ദിവസം മുമ്പ് നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.