ഭക്ഷ്യസുരക്ഷ;സ്മാർട്ട് ഫാമിങ്ങുമായി ഒമാൻ
text_fieldsമസ്കത്ത്: ഭക്ഷ്യ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറക്കുന്നതിനും കാർഷിക ഉൽപന്നങ്ങളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമായി സുൽത്താനേറ്റ് സ്മാർട്ട് ഫാമിങ്ങിലേക്ക് കടക്കുന്നു. ഒമാൻ സർക്കാർ ദക്ഷിണ കൊറിയൻ ഭക്ഷ്യ-പാനീയ കമ്പനിയായ നോങ്ഷിമുമായി സഹകരിച്ചായിരിക്കും സ്മാർട്ട് ഫാമിങ് നടത്തുക.ഒമാനിൽ ഒരു സ്മാർട്ട് ഫാം സിസ്റ്റം ഒരുക്കുന്നതിനുള്ള ടെൻഡർ നേടിയതായി നോങ്ഷിം അറിയിച്ചു. നോങ്ഷിം നിർമിച്ച 200,000 ഡോളർ വിലയുള്ള രണ്ടു യൂനിറ്റ് കണ്ടെയ്നർ-ടൈപ് വെർട്ടിക്കൽ സ്മാർട്ട് ഫാമുകൾ ഒമാനി സർക്കാർ വാങ്ങും. സ്മാർട്ട് ഫാം സംവിധാനത്തിൽ ഒരു വർഷത്തിൽ 18 തവണ വരെ കൃഷി വിളവെടുപ്പ് സാധ്യമാകും.
ഒമാനുമായുള്ള കരാറിലൂടെ മറ്റ് മിഡിലീസ്റ്റ് രാജ്യങ്ങളിലേക്ക് സ്മാർട്ട് ഫാം സാങ്കേതികവിദ്യ കയറ്റുമതി ചെയ്യാനാണ് നോങ്ഷിം ലക്ഷ്യമിടുന്നത്. മിഡിലീസ്റ്റ് ഭൂരിഭാഗവും മരുഭൂമിയാണ്. അതിനാൽ കൃഷി മിക്കവാറും അസാധ്യമാണ്, അതുകൊണ്ട് തന്നെ സ്മാർട്ട് ഫാം സംവിധാനം ഏറെ പ്രയോജനകരമായിരിക്കുമെന്ന് പേര് വെളിപ്പെടുത്താത്ത നോങ്ഷിം ഉദ്യോഗസ്ഥൻ പ്രസ്താവനയിൽ പറഞ്ഞു.മിഡിലീസ്റ്റിലെ മിക്ക രാജ്യങ്ങളും ഇറക്കുമതി ചെയ്ത ഭക്ഷണത്തെ ആശ്രയിക്കുന്നതിനാൽ, സ്മാർട്ട് ഫാമുകളോടുള്ള അവരുടെ താൽപര്യം വർധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ വിപണി വളർച്ചക്ക് വളരെ ഉയർന്ന സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം ആദ്യം കൃഷി, ഫിഷറീസ് വെൽത്ത് ആൻഡ് വാട്ടർ റിസോഴ്സ്, ഒമാൻ അഗ്രികൾചറൽ സൊസൈറ്റി എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘം ദക്ഷിണ കൊറിയ സന്ദർശിച്ചിരുന്നു. സ്മാർട്ട് ഫാം സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനുമുള്ള വികസന ഗവേഷണ പദ്ധതി നടപ്പാക്കാൻ കരാറിലേർപ്പെടുകയും ചെയ്തിരുന്നു.കമ്പ്യൂട്ടർ/ഇലക്ട്രോണിക്സ് സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ചെയ്യുന്ന കൃഷിയാണ് സ്മാർട്ട് ഫാമിങ്. സാങ്കേതികവിദ്യ ഉപയോഗിച്ച് താപനില, ഈർപ്പം, സൂര്യപ്രകാശത്തിന്റെ അളവ് എന്നിവ സ്വയമേവ വിശകലനം ചെയ്യാൻ കഴിയുന്നതിനാൽ, കാലാവസ്ഥയെക്കുറിച്ച് ആശങ്കപ്പെടാതെ കർഷകർക്ക് ചെടികൾ വളർത്താൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.