ഭക്ഷ്യ സുരക്ഷ: 20 ദശലക്ഷം റിയാലിന്റെ കരാറിൽ ഒപ്പുവെച്ചു
text_fieldsമസ്കത്ത്: ഭവന-നഗരാസൂത്രണ മന്ത്രാലയം 20 ദശലക്ഷം റിയാലിന്റെ 11 കരാറുകളിൽ നിരവധി കമ്പനികളുമായും സ്ഥാപനങ്ങളുമായും ഒപ്പുവെച്ചു. ഭക്ഷ്യസുരക്ഷക്കായുള്ള അഞ്ചും കാർഷിക പദ്ധതികൾക്കായുള്ള ആറ് ഭൂവിനിയോഗ കരാറുകളിലുമാണ് ഒപ്പുവെച്ചിട്ടുള്ളത്. മാംസം, മുട്ട, പച്ചക്കറികൾ, പഴങ്ങൾ, ഹൈഡ്രോപോണിക് ഉൽപന്നങ്ങൾ തുടങ്ങിയവക്കുള്ള ഉൽപാദന സൗകര്യങ്ങളാണ് പദ്ധതികളിൽ ഉൾപ്പെട്ടിട്ടുള്ളത്.
വടക്കൻ ബാത്തിന, ദാഹിറ, തെക്കൻ ബാത്തിന, വടക്കൻ ശർഖിയ, മുസന്ദം, തെക്കൻ ശർഖിയ എന്നീ ഗവർണറേറ്റുകളിലായിരിക്കും പദ്ധതി സ്ഥാപിക്കുക. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രി ഡോ. സൗദ് ഹമൂദ് അൽ ഹബ്സിയുടെ സാന്നിധ്യത്തിൽ ഭവന, നഗരാസൂത്രണ മന്ത്രി ഡോ. ഖൽഫാൻ സഈദ് അൽ ഷുവൈലിയും പദ്ധതികൾ നടപ്പാക്കുന്ന കമ്പനികളുടെ പ്രതിനിധികളുമാണ് കരാറുകളിൽ ഒപ്പുവെച്ചത്. കോഴി വളർത്തൽ പദ്ധതികളും കരാറിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഇതുപ്രകാരം ദാഹിറയിലെ ഇബ്രിയിൽ 70 ഏക്കർ സ്ഥലത്ത് 9,00,000 റിയാൽ ചെലവിൽ പ്രതിവർഷം 46 മില്യൺ കോഴി മുട്ടകൾ ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ധങ്കിൽ 250 ഏക്കർ വിസ്തൃതിയിൽ 1.5 മില്യൺ റിയാൽ ചെലവിൽ പ്രതിവർഷം ആറു ദശലക്ഷം കോഴിക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാനുള്ള പദ്ധതിയും നടപ്പാക്കും.
3,50,000 റിയാൽ ചെലവിൽ 105 ഏക്കർ സ്ഥലത്ത് മുസന്ദത്തെ ഖസബിൽ സംരംഭകർക്കായി ഒരു ഇൻകുബേറ്റർ (മുട്ട വിരിയിക്കുന്നതിനുള്ള യന്ത്രം) സ്ഥാപിക്കും. കരാർ അടിസ്ഥാനത്തിൽ വടക്കൻ ബാത്തിനയിലെ സുവൈഖിൽ പത്ത് ഏക്കർ സ്ഥലത്ത് 1,00,000 റിയാൽ ചെലവിൽ ആട് ഫാം സ്ഥാപിക്കും.
63,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 1,20,000 റിയാൽ ചെലവിൽ ആട് ഫാം, 90,000 റിയാൽ ചെലവിൽ പത്ത് ഏക്കർ സ്ഥലത്ത് പഴം, പച്ചക്കറി ഫാം എന്നിങ്ങനെ രണ്ട് പദ്ധതികളാണ് ഇബ്രിയിൽ നടപ്പാക്കുക. തെക്കൻ ശർഖിയയിലെ ജലാൻ ബാനി ബു ഹസനിൽ 45,000 രൂപ ചെലവിൽ 20,000 ചതുരശ്ര മീറ്ററിൽ കോഴി ഫാമും കരാർ പ്രകാരം ഒരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.