ഭക്ഷ്യസുരക്ഷ: 610 ഏക്കറിൽ കൃഷി ഒരുക്കാൻ മന്ത്രാലയം
text_fieldsമസ്കത്ത്: ഭക്ഷ്യസുരക്ഷയിൽ സ്വയംപര്യാപ്തത കൈവരിക്കാനായി കാർഷിക-മത്സ്യബന്ധന-ജലവിഭവ മന്ത്രാലയം അഞ്ചു നിക്ഷേപങ്ങൾക്ക് അവസരമൊരുക്കുന്നു. ബുറൈമി, വടക്കൻ ബാത്തിന ഗവർണറേറ്റുകളിലായി 610 ഏക്കർ സ്ഥലത്ത് കാർഷിക വിളകൾ വളർത്താനാണ് നിക്ഷേപങ്ങൾ ക്ഷണിച്ചിരിക്കുന്നത്. ഈ മേഖലയിൽ നിക്ഷേപം നടത്താനായി ടെൻഡർ നൽകിയിട്ടുണ്ടെന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ അറിയിച്ചു. ബുറൈമിയിൽ രണ്ട് സ്ഥലങ്ങളിലായി യഥാക്രമം 324, 50 ഏക്കറുകളാണ് കൃഷിക്കായി അനുവദിച്ചിട്ടുള്ളത്. വടക്കൻ ബാത്തിനയിലെ സുവൈഖ് വിലായത്തിൽ മൂന്നു സൈറ്റുകളുമാണ് കൃഷിക്കായി നീക്കിവെച്ചിരിക്കുന്നത്. 100 ഏക്കർ വീതമുള്ള രണ്ട് സ്ഥലങ്ങളും 36 ഏക്കർ വരുന്ന മറ്റൊരു പ്ലോട്ടുമാണ് നീക്കിവെച്ചിട്ടുള്ളത്. ഈ സ്ഥലങ്ങളിൽ കൃഷി ഒരുക്കുന്നതിനായി നിക്ഷേപം നടത്താൻ ബിഡ് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 17വരെയാണെന്ന് അധികൃതർ അറിയിച്ചു.
സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, വിവിധ കാർഷിക വിളകളുടെ ഉൽപാദനവും ഭക്ഷ്യസുരക്ഷയും വർധിപ്പിക്കുക എന്നതാണ് സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ ആളോഹരി വരുമാനത്തിലേക്ക് കൃഷി മേഖലയിൽനിന്നുള്ള സംഭാവന വർധിപ്പിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ടെന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ അറിയിച്ചു. ദോഫാർ ഗവർണറേറ്റിലെ നജ്ദ് മേഖലയുടെ കാർഷിക വികസനത്തിനായി ഓഫിസ് സ്ഥാപിച്ച് പ്രവർത്തനം തുടങ്ങാനും തീരുമാനമായി. മികച്ച ആസൂത്രണത്തിലൂടെ മേഖലയിലെ കാർഷിക സമ്പത്തും ജലസ്രോതസ്സുകളും പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പരിപാടികൾ ഓഫിസ് വഴി നടത്താനാണ് ലക്ഷ്യമിടുന്നത്. ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി നജ്ദ് മേഖലയ്ക്കായി സംയോജിത നിക്ഷേപ മാപ്പ് തയാറാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.