ഭക്ഷ്യസുരക്ഷ; ഭവന, നഗരാസൂത്രണ മന്ത്രാലയം 3.2 കോടി റിയാലിന്റെ കരാറിൽ ഒപ്പിട്ടു
text_fieldsമസ്കത്ത്: ഭക്ഷ്യസുരക്ഷയെ പിന്തുണക്കുന്നതിനായി ഭവന, നഗരാസൂത്രണ മന്ത്രാലയം, ഏകദേശം 3.2കോടി റിയാൽ മൂല്യമുള്ള ആറ് ഭൂപാട്ട കരാറുകളിൽ ഒപ്പുവെച്ചു. ദാഖിലിയ, ബുറൈമി, നോർത്ത്, സൗത്ത് ബത്തിന എന്നീ ഗവർണറേറ്റുകളിലാണ് പദ്ധതികൾ സ്ഥാപിക്കുക.
തേൻ, പച്ചക്കറികൾ, പഴങ്ങൾ, വിവിധ വിളകൾ എന്നിവയുടെ ഉൽപാദനം, കൃഷി, വിപണനം എന്നിവ കരാറുകളിൽ ഉൾപ്പെടുന്നുണ്ട്. പദ്ധതികൾ നടപ്പാക്കുന്ന കമ്പനി പ്രതിനിധികളുമായി ഭവന, നഗരാസൂത്രണ മന്ത്രി ഡോ. ഖൽഫാൻ ബിൻ സഈദ് അൽ ഷുവൈലിയാണ് കരാറുകളിൽ ഒപ്പുവെച്ചത്. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രി ഡോ. സൗദ് ഹമൂദ് അൽ ഹബ്സി ചടങ്ങിൽ സംബന്ധിച്ചു.
ബർക്കയിൽ 10 ലക്ഷം റിയാൽ ചെലവിൽ മൂന്ന് ഏക്കറിൽ തേൻ മ്യൂസിയം, ജബൽ അഖ്ദറിലെ 30 ഏക്കറിൽ മാതള നാരങ്ങ ഉൽപാദിപ്പിക്കുന്നതിനുള്ള ജൈവകൃഷി, 66 ഏക്കറിലധികം സ്ഥലത്ത് വാഴപ്പഴ ഉൽപാദനം, വിപണനം, സുഹാറിൽ അത്തി കൃഷി, 50,000 ഈന്തപ്പനകൾ നടുക തുടങ്ങി നിരവധി പദ്ധതികളാണ് കരാറുകളിൽ ഉൾപ്പെടുന്നത്. ഈത്തപ്പഴം പോലുള്ള ചില വിളകളുടെ ഉൽപാദനത്തിൽ 100 ശതമാനം നേട്ടം കൈവരിച്ചതിനുശേഷം, മറ്റു മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാനാണ് മന്ത്രാലയം ശ്രമിക്കുന്നതെന്ന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രി ഡോ. സൗദ് ഹമൂദ് അൽ ഹബ്സി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.