സർവ ജനത്തിനുമുള്ള മഹാ സന്തോഷം
text_fields
ഫാദർ സാം മാത്യു കാവുങ്കൽ (സി.എസ്.ഐ സെന്റ് ജെയിംസ് ചർച്ച്, മസ്കത്ത്)
വീണ്ടും ക്രിസ്മസ് നാളുകൾ വരവായി. ക്രിസ്മസിന്റെ മഹത്തായ സന്ദേശം ‘സർവ ജനത്തിനുമുള്ള മഹാ സന്തോഷം’ (ലുക്കാ 2:8 -14) എന്നുള്ളതാണ്.
ഇന്ന് ഈ മഹാസന്തോഷം അനുഭവിക്കുവാനാകാതെ നിരാശയിലായിരിക്കുന്ന ഒരു വലിയ സമൂഹം നമുക്ക് ചുറ്റുമുണ്ട്. ഇവരുടെ ഭീതി മാറ്റുവാൻ, കണ്ണുനീർ തുടക്കുവാൻ, യഥാർഥ സന്തോഷം പകരുവാൻ സാധിക്കുന്നിടത്താണ് ക്രിസ്മസ് പൂർണമാകുന്നത് എന്ന് നാം തിരിച്ചറിയണം. ഈ തിരിച്ചറിവ് ലഭിക്കണമെങ്കിൽ ക്രിസ്തുദർശനം ഉൾക്കൊള്ളുകയും ഈ മഹാസന്തോഷത്തിന്റെ ആഴവും അർഥവും അറിയുകയും ചെയ്യണം.
ക്രിസ്തുവിന്റെ തിരുപ്പിറവി ഒരു വാഗ്ദത്ത നിവൃത്തി കൂടിയാണ്. ഒരു രക്ഷകനെ നൽകുമെന്ന ദൈവിക വാഗ്ദാനത്തിന്റെ നിവൃത്തിയാണിത്. വാഗ്ദാനങ്ങൾ വിസ്മരിക്കപ്പെട്ടു പോകുകയും സാധാരണ ജനം കഷ്ടപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ തിരു അവതാര നിവൃത്തി വാക്കുമാറാത്ത ദൈവികതയെ വെളിപ്പെടുത്തുന്നു എന്നതും ഈ മഹാ സ്നേഹത്തിന്റെ കാരണമാണ്.
തിരുപ്പിറവി വാർത്ത ദൈവദൂതന്മാർ ആദ്യം അറിയിച്ചത് ആട്ടിടയന്മാരോടാണ്. അക്കാലത്തു ആട്ടിടയർ അപകടകരമായ അന്തരീക്ഷത്തിൽ, തുറസ്സായ ഇടങ്ങളിൽ ജീവൻ പണയപ്പെടുത്തി വേല ചെയ്യുന്ന അസംഘടിത അധ്വാനവർഗത്തിന്റെ അടയാളമായിരുന്നു.
കൊട്ടാരങ്ങളിൽ ജന്മം എടുക്കാതെ പരിമിതികളുടെ അടയാളമായ കാലിത്തൊഴുത്തിൽ അവതരിച്ച ക്രിസ്തു എന്നും പാവപ്പെട്ടവരോടും, പാർശ്വവത്ക്കരിക്കപ്പെട്ടവരോടും പീഡിതരോടുമൊപ്പമായിരുന്നു. ഇന്ന് അതിജീവനത്തിന്റെ കഷ്ടതയിൽ വലയുന്നവർക്ക് ക്രിസ്മസ് മഹാസന്തോഷത്തിന്റെ അനുഭവമാണ്. ജീവിതത്തിൽ പാർശ്വവത്കരിക്കപ്പെട്ടവരെയും അസംഘടിതരെയും അടിച്ചമർത്തപ്പെട്ടവരെയും യുദ്ധക്കെടുതികൾ അനുഭവിക്കുന്നവരെയും കരുതുന്ന ഒരു രക്ഷിതാവ് ജനിച്ചു എന്നതാണ് ക്രിസ്മസിന്റെ മഹാസന്തോഷം.
മഹാസന്തോഷത്തിന്റെ മറ്റൊരു കാരണം, ബത്ലേഹേമിൽ ജനിച്ച ഈ പൈതൽ എല്ലാവരെയും തന്നിലേക്കാകർഷിക്കുകയാണ് (ലുക്കാ 2:15-21). പുൽക്കൂട് സന്ദർശിച്ചത് ഇടയന്മാരും വിദ്വാൻമാരും മാത്രമല്ല അനേക സാധാരണക്കാരും പക്ഷിമൃഗാദികളും പ്രകൃതിയുമെല്ലാമായിരുന്നു. ക്രിസ്തു ഒരു തുറക്കപ്പെട്ട വാതിലാണ്! ജാതി മത നിറ വ്യത്യാസമില്ലാതെ എല്ലാവരെയും ഈ വാതിൽ സ്വാഗതം ചെയ്യുന്നു. ഉള്ളവനിൽ നിന്നെടുത്ത് ഇല്ലാത്തവന് നൽകുന്ന യഥാർഥ സോഷ്യലിസമാണ് ക്രിസ്മസ് നമുക്ക് നൽകുന്ന വാഗ്ദാനം.
ക്രിസ്തു ദർശനം ഉൾക്കൊണ്ടു കൊണ്ട് വിഘടന ശക്തികളെ കീഴ്പ്പെടുത്താൻ, പാർശ്വവത്ക്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാൻ, ശബ്ദമില്ലാത്തവരുടെ ശബ്ദമാകുവാൻ, കരയുന്നന്റെ കണ്ണുനീരൊപ്പുവാൻ ഈ ആധുനികതയുടെ വെല്ലുവിളികളുടെ മധ്യത്തിൽ നാം ഓരോരുത്തരും ക്രിസ്തുവായി പുനർജനിക്കേണ്ടിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.