പെരുന്നാൾ പുലരിയിൽ...
text_fieldsമസ്കത്ത്: ആത്മസമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും സ്മരണകൾ പുതുക്കി വിശ്വാസികൾ ബുധനാഴ്ച ബലിപെരുന്നാൾ ആഘോഷിക്കും. രാജ്യത്തെ മസ്ജിദുകളിലേക്കും ഈദുഗാഹുകളിലേക്കും കുട്ടികളടക്കമുള്ള ആബാലവൃദ്ധം രാവിലെ മുതൽക്കുതന്നെ ഒഴുകി തക്ബീർ ധ്വാനികളാൽ ഭക്തിസാന്ദ്രമാക്കും. പെരുന്നാൾ നമസ്കാരത്തിനും ഈദ്ഗാഹിനുമായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലും വിവിധ സ്ഥലങ്ങളിൽ ഈദ്ഗാഹുകൾ നടക്കുന്നുണ്ട്. രാജ്യത്ത് കനത്ത ചൂട് അനുഭവപ്പെടുന്നതിനാൽ പലയിടത്തും രാവിലെ ആറ് മണിയോട് അനുബന്ധിച്ചാണ് ഈദ്ഗാഹുകളും നമസ്കാരങ്ങളും ഒരുക്കിയിരിക്കുന്നത്. വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ നടക്കുന്ന ഈദ് ഗാഹിന് നാട്ടിൽനിന്നെത്തിയ പണ്ഡിതൻമാരാണ് നേതൃത്വം നൽകുന്നത്.
പെരുന്നാൾ പ്രാർഥനയും മൃഗബലിയും വീടുകളിലും താമസ ഇടങ്ങളിലും നടക്കും. മൃഗബലി പൊതുസ്ഥലങ്ങളിൽ അനുവദനീയമല്ലാത്തതിനാൽ അറവുശാലകളിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആവശ്യക്കാർക്ക് ബലിമൃഗങ്ങളെ എത്തിക്കാൻ സ്ഥാപനങ്ങളും കമ്പനികളും രംഗത്തുണ്ട്. അതേസമയം, ഇത്തവണ മലയാളികൂട്ടായ്മകളുടെ പെരുന്നാൾ ആഘോഷങ്ങൾക്ക് പൊലിമ കുറവായിരിക്കും. മധ്യവേനലവധി ആരംഭിച്ചതോടെ ഭൂരിഭാഗം പ്രവാസികളും നേരത്തെതന്നെ നാടണഞ്ഞിരുന്നു.
പെരുന്നാളിനായുള്ള അവസാനവട്ട ഒരുക്കത്തിനായി സ്വദേശികളും വിദേശികളും ഒഴുകിയതോടെ മാളുകളിലും സൂപ്പർമാർക്കറ്റുകളിലും പരമ്പരാഗത സൂഖുകളിലും ചൊവ്വാഴ്ച നല്ല തിരക്കാണ് അനുഭവപ്പെട്ടത്. പെരുന്നാളിനോടനുബന്ധിച്ച് ഹൈപർമാർക്കറ്റുകളും വ്യാപാരസ്ഥാപനങ്ങളും ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു. ഭക്ഷ്യ ഉൽപന്നങ്ങൾക്കും പെരുന്നാൾ ഉൽപന്നങ്ങൾക്കും മികച്ച ഓഫറുകളാണ് വ്യാപാരസ്ഥാപനങ്ങൾ നൽകുന്നത്. വസ്ത്രങ്ങൾക്ക് നല്ല ഓഫറുകൾ എല്ലാ ഹൈപർമാർക്കറ്റുകളും നൽകുന്നുണ്ട്.
പെരുന്നാൾ വിപണിയിൽ ഉപഭോക്താക്കളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കാനായി കർശന പരിശോധനകളാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നടത്തിയത്. ഭക്ഷ്യവസ്തുക്കളുടെ വില സ്ഥിരതയും സാധനങ്ങളുടെ ലഭ്യതയും ഉറപ്പാക്കാനായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നിരുന്നത്.
ഓഫർ ആനുകൂല്യങ്ങൾ, വിലക്കിഴിവുകൾ എന്നിവയെല്ലാം കൃത്യമായി തന്നെയാണോ നൽകുന്നത് എന്നായിരുന്നു അധികൃതർ പരിശോധിച്ചിരുന്നത്. ഭക്ഷ്യവസ്തുക്കളുടെ പൂഴ്ത്തിവെപ്പ് തടയലും പരിശോധനയുടെ ഭാഗമായായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.