60 വയസ്സിന് മുകളിലുള്ളവർക്ക് അടുത്തയാഴ്ച മുതൽ കോവിഡ് വാക്സിൻ –ആരോഗ്യ മന്ത്രി
text_fieldsമസ്കത്ത്: അടുത്തയാഴ്ച മുതൽ 60 വയസ്സിന് മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ നൽകിത്തുടങ്ങുമെന്ന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ സഇൗദി. ആദ്യഘട്ടത്തിൽ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തിയവരിൽ 95 ശതമാനത്തിനും ഇതിനകം വാക്സിൻ നൽകി. 52,858 പേരാണ് ഇതുവരെ വാക്സിനേഷന് വിധേയരായത്. ഉപയോഗം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ വാക്സിനുകളുടെ ഉപയോഗത്തിനാണ് ഒമാൻ അനുമതി നൽകുന്നതെന്നും സുപ്രീം കമ്മിറ്റിയുടെ വാർത്തസമ്മേളനത്തിൽ സംസാരിക്കവേ ആരോഗ്യമന്ത്രി പറഞ്ഞു.
കൂടുതൽ ആരോഗ്യപ്രവർത്തകർക്കും അടുത്തയാഴ്ച മുതൽ വാക്സിൻ നൽകിത്തുടങ്ങും. വാക്സിൻ വലിയ അളവിൽ ലഭ്യമാകുന്ന മുറക്ക് സ്വകാര്യമേഖലയെ കൂടി വാക്സിൻ വിതരണത്തിൽ പങ്കാളികളാക്കാൻ പദ്ധതിയുണ്ട്. വാക്സിനേഷന് ശേഷം കോവിഡ് ഗുരുതരമായി െഎ.സി.യുവിൽ പ്രവേശിപ്പിക്കപ്പെടുന്ന പ്രായമായവരുടെ എണ്ണത്തിൽ കുറവ് ദൃശ്യമാണ്. മൊത്തം ജനസംഖ്യയിൽ 60 ശതമാനം പേർക്ക് വാക്സിനേഷൻ നടത്തുകയാണ് സർക്കാറിെൻറ ലക്ഷ്യമെന്നും ഡോ. അൽ സഇൗദി പറഞ്ഞു. ജോൺസൺ ആൻഡ് ജോൺസൺ വാക്സിെൻറ രണ്ടു ലക്ഷം ഡോസ് ഒമാൻ ഉറപ്പുവരുത്തിയതായും ആരോഗ്യമന്ത്രി അറിയിച്ചു.
അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വിഭാഗം ബുധനാഴ്ച പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഇൗ വാക്സിെൻറ ഒറ്റ ഡോസ് ഗുരുതരമായ കോവിഡ് ബാധയെ പ്രതിരോധിക്കുന്നതിൽ കാര്യക്ഷമമാണ്. വാക്സിനുകളെ കുറിച്ച ഉൗഹാപോഹങ്ങൾ പലരും വിശ്വസിക്കുകയാണ്. ആസ്ട്രാസെനക്ക വാക്സിന് പകരം ഫൈസർ വാക്സിൻ മതിയെന്നാണ് ചിലയാളുകളുടെ ആവശ്യം. രണ്ടു വ്യത്യസ്ത കമ്പനികളാണ് ഉണ്ടാക്കുന്നത് എങ്കിലും രണ്ടും ഒരേ മരുന്ന് തന്നെയാണ്. സുരക്ഷയും കാര്യക്ഷമതയും ഉറപ്പുവരുത്താതെ മരുന്നുകൾക്ക് ഒമാൻ അനുമതി നൽകില്ലെന്നും ഡോ. അൽ സഇൗദി പറഞ്ഞു. വാക്സിന് ഗുരുതരമായ പാർശ്വ ഫലങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. വാക്സിനേഷൻ വഴി അമേരിക്കയിലും ബ്രിട്ടനിലും മരണനിരക്കും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. െഎെസാലേഷൻ പാലിക്കാതിരിക്കൽ, ബ്രേസ്ലെറ്റ് അഴിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
കോവിഡ് വ്യാപനം കണക്കിലെടുത്താണ് ചില രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിൽ ആയതിനാലാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ആരോഗ്യ സ്ഥിതി ഗുരുതരമാകുന്ന പക്ഷം ആശുപത്രികളിൽ ചികിത്സ തേടണം. ചികിത്സ തേടാൻ വൈകിയതിനാൽ പത്തുപേരെ ഇന്നലെ നേരിട്ട് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റേണ്ടിവന്നു. ആവശ്യമെങ്കിൽ കൂടുതൽ മുൻകരുതൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.