കണ്ണൂരിൽനിന്ന് വിദേശ വിമാന കമ്പനികളെ വിലക്കി; പ്രതിഷേധവുമായി യാത്രക്കാർ
text_fieldsമസ്കത്ത്: കണ്ണൂർ വിമാനത്താവളത്തിലേക്ക് വിദേശ വിമാന കമ്പനികൾക്ക് സർവിസ് നടത്താനുള്ള അനുമതി കേന്ദ്ര സർക്കാർ വീണ്ടും നിരസിച്ചു. വിദേശ വിമാന കമ്പനികൾക്ക് സർവിസ് നടത്താൻ അനുവദിക്കുന്ന ‘പോയന്റ് ഓഫ് കാൾ’ സ്റ്റാറ്റസ് കണ്ണൂർ വിമാനത്താവളത്തിന് നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം. എന്നാൽ, പശ്ചിമ ബംഗാളിലെ ബഗ്ഡോറ വിമാത്താവളത്തിന് കഴിഞ്ഞ ദിവസം ‘പോയന്റ് ഓഫ് കാൾ’ നൽകുകയും ചെയ്തിരുന്നു.
കണ്ണൂർ വിമാനത്താവളത്തിനോടുളള അവഗണന അവസാനിപ്പിച്ച് ‘പോയന്റ് ഓഫ് കാൾ’പദവി നൽകണമെന്നും കണ്ണൂരിലേക്ക് കൂടുതൽ വിമാനം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ ശക്തമായി രംഗത്തുണ്ട്. ഈ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിരവധി നിവേദനങ്ങൾ ബന്ധപ്പെട്ട മന്ത്രാലയത്തിന് കണ്ണൂർ യാത്രക്കാർ നൽകുകയും ജോൺ ബ്രിട്ടാസ് അടക്കമുള്ള എം.പിമാർ രാജ്യ സഭയിൽ ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും, വിമാനത്താവളത്തെ അവഗണിക്കുക തന്നെയാണ് ചെയ്യുന്നതെന്ന് മസ്കത്തിലെ യാത്രക്കാർ പറയുന്നു. എയർ അറേബ്യ, ഇത്തിഹാദ് തുടങ്ങിയ നിരവധി വിമാന കമ്പനികൾ കണ്ണൂരിൽ നിന്ന് പറക്കാൻ അനുമതി ചോദിച്ചിട്ടും എന്തുകൊണ്ടാണ് അനുവാദം നൽകാത്തതെന്നാണ് യാത്രക്കാരുടെ ചോദ്യം. മസ്കത്തിൽ നിന്ന് ഒമാൻ ബജറ്റ് വിമാന കമ്പനിയായ സലാം എയറും കണ്ണൂരിലേക്ക് സർവിസ് നടത്താൻ ശ്രമിക്കുന്നുണ്ട്.
‘പോയന്റ് ഓഫ് കാൾ’നിരസിച്ച സാഹചര്യത്തിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട്പോകുമെന്ന് കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിലിന്റെ മസ്കത്ത് ഭാരവാഹികൾ അറിയിച്ചു. ഇതിന്റെ മസ്കത്തിലുള്ള കണ്ണൂർ പ്രവസികളുടെ യോഗം ഉടൻ ചേരുമെന്നും ഭാവി പരിപാടികൾ ആലോചിക്കുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. മസ്കത്തിലെ എല്ലാ വിഭാഗം പ്രമുഖരെയും സംഘടിപ്പിച്ചുകൊണ്ടായിരിക്കും യോഗം ചേരുക. കണ്ണൂരിൽ സമര പരിപാടിയുടെ ഭാഗമായി ചൊവ്വാഴ്ച മട്ടന്നൂരിൽ സമര പ്രഖ്യാപന സമ്മേളനം നടക്കുമെന്നും ഏത് രീതിയിലുള്ള സമര പരിപാടികളാണ് സംഘടിപ്പിക്കുകയെന്ന് ചർച്ചയിൽ തീരുമാനിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
പ്രവർത്തനം ആരംഭിച്ച് ആറു വർഷം കഴിഞ്ഞിട്ടും മതിയായ സർവിസ് പോലും അനുവദിക്കാത്തത് തികഞ്ഞ അവഗണനയാണെന്നും ‘പോയന്റ് ഓഫ് കാൾ’പദവി അനുവദിക്കാതിരിക്കാനുള്ള കാരണമായി കേന്ദ്രം പറയുന്ന പല കാരണങ്ങളും അംഗീകരിക്കാൻ കഴിയില്ലെന്നും യാത്രക്കാർ പറയുന്നു. വിമാനത്താവളം സിറ്റിയിലല്ലെന്നും മതിയായ സൗകര്യങ്ങളില്ലെന്നതുമൊക്കെ പദവി അനുവദിക്കാതിരിക്കാനുള്ള വെറും ന്യായങ്ങൾ മാത്രമാണെന്നും അവർ പറഞ്ഞു.
കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലയുടെ വടക്കൻ ഭാഗം എന്നിവിടങ്ങളിൽ നിന്നുള്ളവരും കർണാടകയിലെ അതിർത്തി പ്രദേശങ്ങളിലുള്ളവരും കാര്യമായി ആശ്രയിക്കുന്ന വിമാനത്താളമാണ് കണ്ണൂർ വിമാനത്താവളം. ഗൾഫ് മേഖലയിൽ നല്ലൊരു ശതമാനവും ഈ മേഖലയിലുള്ളവരാണ്. കണ്ണൂർ വിമാനത്താവളം നിലവിൽ വരുന്നതിന് മുമ്പ് കണ്ണൂരിൽ പയ്യന്നൂർ, കാഞ്ഞങ്ങാട് വരെയുള്ളവർ കോഴിക്കോട് വിമാനത്താവളത്തെയാണ് ആശ്രയിച്ചിരുന്നത്.
ഇവർക്ക് വീട്ടിൽ നിന്ന് വിമാനത്താവളത്തിലേക്കും തിരിച്ചും യാത്ര ചെയ്യണമെങ്കിൽ മണിക്കൂറുകൾ റോഡിലും ട്രെയിനിലും ചെലവിടേണ്ടി വരും. അപ്രതീക്ഷിതമായ ഗതാഗത കുരുക്കുകൾ മൂലം യാത്ര മുടങ്ങുകയും ചെയ്യും. ഇങ്ങനെ സമയത്തിന് കോഴിക്കോട് വിമാനത്താവളത്തിൽ എത്താതെ യാത്ര മുടങ്ങിയ നിരവധി അനുഭവങ്ങളുണ്ട്.
ഇപ്പോൾ വിമാന സർവിസുകൾ കുറഞ്ഞതോടെ പലർക്കും വീണ്ടും കോഴിക്കോട് വഴി യാത്ര ചെയ്യേണ്ടി വരുന്നുണ്ട്. സർവിസുകൾ കുറഞ്ഞതോടെ കണ്ണൂരിലേക്കുള്ള നിരക്കുകളും ഉയർന്നിട്ടുണ്ട്. അതിനാൽ കണ്ണൂരുകാരോട് കരുണ കാണിക്കണമെന്നും യാത്രാ ദുരിതം അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് യാത്രക്കാർ അധികൃതരോട് ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.