ഒമാനിൽ നേരിട്ടുള്ള വിദേശനിക്ഷേപം വർധിച്ചു; ഏറ്റവും കൂടുതൽ നിക്ഷേപം ബ്രിട്ടനിൽനിന്ന്
text_fieldsമസ്കത്ത്: ഒമാനിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ വർധന. ഈ വർഷം ആദ്യ പാദത്തിൽ 23.3 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ആകെ നിക്ഷേപം 2127 കോടി റിയാലായി. വിദേശ നിക്ഷേപം നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ ബ്രിട്ടനാണ് ഒന്നാം സ്ഥാനത്ത്. അമേരിക്ക, ചൈന, യു.എ.ഇ, കുവൈത്ത് എന്നീ രാജ്യങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.
നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട പ്രാഥമിക കണക്കുകൾപ്രകാരം, 2023ന്റെ ആദ്യ പാദത്തിന്റെ അവസാനം വരെ എണ്ണ, വാതക ഉൽപാദന മേഖലകളാണ് ഏറ്റവും വലിയ വിദേശ നിക്ഷേപം നേടിയത്. 10.352 ബില്യൺ റിയാൽ നിക്ഷേപമാണ് യു.കെ രാജ്യത്ത് നടത്തിയിട്ടുള്ളത്.
അമേരിക്ക 3.508 ബില്യൺ റിയാൽ, ചൈന 1.231 ബില്യൺ, യു.എ.ഇ 934.900 മില്യൺ, കുവൈത്ത് 3.778 മില്യൺ, ഖത്തർ 431.200 മില്യൺ, ബഹ്റൈൻ 375.100 മില്യൺ, ഇന്ത്യ 296.4 മില്യൺ, നെതർലൻഡ്സ് 296.4 മില്യൺ, സ്വിറ്റ്സർലൻഡ് 181.900 മില്യൺ എന്നിങ്ങനെയാണ് നിക്ഷേപം.
ഒമാനിൽ ചില മേഖലയിൽ വിദേശനിക്ഷേപം നിരോധിച്ച് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ആഴ്ചകൾക്കുമുമ്പ് ഉത്തരവിറക്കിയിരുന്നു. ഒമാനി നിക്ഷേപകർക്കു മാത്രമായാണ് ഇത് പരിമിതപ്പെടുത്തിയിരിക്കുന്നത്. ഉത്തരവ് പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ മന്ത്രാലയത്തിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും പങ്കാളിത്തത്തോടെ തീരുമാനം നടപ്പാക്കാൻ ആരംഭിച്ചിട്ടുണ്ട്. വലിയ ഉൽപാദനശേഷിയില്ലാത്ത കോഴി ഹാച്ചറികളുടെ നടത്തിപ്പ്, പ്രിന്റിങ്, ഫോട്ടോകോപ്പി തുടങ്ങിയ മെഷീനുകൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ, തേനീച്ചവളർത്തൽ, തേൻ ഉൽപാദനം, കടൽ മത്സ്യബന്ധനം തുടങ്ങിയ 11 മേഖലകളാണ് ഇതിൽ ഉൾപ്പെടുത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.