തെക്കൻ ശർഖിയയിൽ വിദേശനിക്ഷേപം വർധിച്ചു
text_fieldsമസ്കത്ത്: വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഈ വർഷം തെക്കൻ ശർഖിയയിൽ 124 വിദേശ നിക്ഷേപ പദ്ധതികൾ രജിസ്റ്റർ ചെയ്തു. ഇതോടെ മേഖലയിൽ വിദേശ നിക്ഷേപം മുൻകാലങ്ങളേക്കാൾ വർധിച്ചിരിക്കുകയാണ്. നിരവധി നിക്ഷേപ സംരംഭങ്ങൾ കാരണം മേഖല ചലനാത്മക സാമ്പത്തിക കേന്ദ്രമായി മാറിയെന്ന് തെക്കൻ ശർഖിയ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന വകുപ്പ് ഡയറക്ടർ ഖാലിദ് ബിൻ ഹമദ് അൽ സാദി അഭിപ്രായപ്പെട്ടു. റാസൽ ഹദ്ദിൽ സ്ഥിതി ചെയ്യുന്ന ബ്ലൂ പ്രോജക്ട്, അൽ ദിയാർ പദ്ധതി, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള അൽ കാമിൽ വാൽ വാഫി, ജലാൻ ബനീ ബു അലിയിലെയും ജലാൻ ബനീ ബു അലി ഹസ്സനിലെയും ചെമ്മീൻ ഫാം പദ്ധതികൾ തുടങ്ങിയ വിവിധ സംരംഭങ്ങൾ പുതുതായി ആരംഭിച്ചവയിൽ ഉൾപ്പെടും.
ഈ വർഷം ആദ്യ പകുതിയിൽ 1,153 വ്യവസായ സ്ഥാപനങ്ങൾക്കൊപ്പം 19,470 വാണിജ്യ സ്ഥാപനങ്ങളും മേഖലയിൽ രജിസ്റ്റർ ചെയ്തതായി അധികൃതർ വ്യക്തമാക്കി. ഗവർണറുടെ ഓഫിസുമായും ഗവർണറേറ്റിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ചാണ് തെക്കൻ ശർഖിയയുടെ വികസനം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള പദ്ധതിയിൽ മന്ത്രാലയം പ്രവർത്തിക്കുന്നതെന്ന് ഹമദ് അൽ സാദി ചൂണ്ടിക്കാട്ടി. പ്രാദേശിക സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള വാർഷിക ഇവന്റുകളുടെയും പ്രവർത്തനങ്ങളുടെയും ആതിഥേയത്വം സുഗമമാക്കുന്നതിന് നടപടികളെടുക്കാനും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
ഒമാനിൽ ഈ വർഷം ആദ്യ പാദത്തിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ 23.3 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. വിദേശ നിക്ഷേപം നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ ബ്രിട്ടനാണ് ഒന്നാം സ്ഥാനത്തുള്ളത്. അമേരിക്ക, ചൈന, യു.എ.ഇ, കുവൈത്ത് എന്നീ രാജ്യങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്. നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട പ്രാഥമിക കണക്കുകൾ പ്രകാരം, 2023ന്റെ ആദ്യ പാദത്തിന്റെ അവസാനം വരെ എണ്ണ, വാതക ഉൽപാദന മേഖലകളാണ് ഏറ്റവും വലിയ വിദേശ നിക്ഷേപം നേടിയിട്ടുള്ളത്. 10.352 ബില്യൺ റിയാൽ നിക്ഷേപമാണ് യു.കെ രാജ്യത്ത് നടത്തിയിട്ടുള്ളത്. അമേരിക്ക 3.508 ബില്യൺ റിയാൽ, ചൈന 1.231 ബില്യൺ, യു.എ.ഇ 934.900 മില്യൺ, കുവൈത്ത് 3.778 മില്യൺ, ഖത്തർ 431.200 മില്യൺ, ബഹ്റൈൻ 375.100 മില്യൺ, ഇന്ത്യ 296.4 മില്യൺ, നെതർലൻഡ്സ് 296.4 മില്യൺ, സ്വിറ്റ്സർലൻഡ് 181.900 മില്യൺ എന്നിങ്ങനെയാണ് നിക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.