വിദേശികളുടെ പണമയക്കൽ ഏഴു വർഷത്തെ താഴ്ന്ന നിലയിൽ
text_fieldsമസ്കത്ത്: ഒമാനിലെ വിദേശികൾ നാടുകളിലേക്ക് അയക്കുന്ന സംഖ്യ 2020ൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞതായി സാമ്പത്തിക റിപ്പോർട്ടുകൾ. 2020ൽ 3.373 ശതകോടി റിയാലാണ് വിദേശികൾ നാട്ടിലേക്ക് അയച്ചതെന്ന് ഒമാൻ സെൻട്രൽ ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഇത് 2013ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പണമയക്കലാണ്.
കോവിഡ് പ്രതിസന്ധി കാരണമാണ് വിദേശികൾ പണമയക്കൽ കുറഞ്ഞത്. ഇത് തൊഴിൽ മേഖലയിൽ ശമ്പളം കുറയാനും വിദേശികൾ കൊഴിഞ്ഞുപോവാനും കാരണമായി.
2020ൽ മാത്രം 15.4 ശതമാനം വിദേശികളാണ് ഒമാനിൽനിന്ന് പിരിഞ്ഞുപോയത്. അപെക്സ് ബാങ്ക് പുറത്തിറക്കിയ വാർഷിക റിപ്പോർട്ട് അനുസരിച്ച് വിദേശികളുടെ പണം അയക്കൽ മുൻ വർഷത്തെക്കാൾ നാലു ശതമാനം കുറഞ്ഞ് 3.373 ശതകോടിയിലെത്തിയിരുന്നു.
2019ൽ 3.512 ശതകോടി റിയാലായിരുന്നു ഒമാനിലെ പ്രവാസികൾ നാട്ടിലേക്ക് അയച്ചത്.
2015 മുതൽ ഒമാനിൽനിന്നുള്ള വിദേശികളുടെ പണമയക്കൽ വർഷം തോറും കുറഞ്ഞുവരുകയായിരുന്നു. 2014ലാണ് ഒമാനിൽനിന്ന് ഏറ്റവും കൂടുതൽ പണം വിദേശ രാജ്യങ്ങളിലേക്ക് ഒഴുകിയത്.
4.226 ശതകോടി റിയാലാണ് ഒമാനിൽനിന്ന് വിദേശങ്ങളിലേക്ക് അയച്ചത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഇടിഞ്ഞതും പകർച്ചവ്യധി കാരണം കയറ്റുമതി കുറഞ്ഞതും പണം അയക്കൽ കുറയാൻ കാരണമായി. ചില സ്ഥാപനങ്ങളിലും കമ്പനികളിലും ജീവനക്കാരുടെ ശമ്പളം കുറച്ചതും വിദേശി ജനസംഖ്യ കുറഞ്ഞതുമാണ് വിദേശികളുടെ പണമയക്കൽ കുറയാൻ കാരണമെന്ന് ഒമാൻ സെൻട്രൽ ബാങ്ക് വ്യക്തമാക്കി.
ഇതോടെ അക്കൗണ്ട് കമ്മി 2020ൽ 3.330 ശതകോടിയായി വർധിച്ചു. 2019ൽ 1.639 ശതകോടിയായിരുന്നു അക്കൗണ്ട് കമ്മി.
ഒമാൻ നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ സെൻറർ പുറത്തിറക്കിയ വാർഷിക റിപ്പോർട്ട് അനുസരിച്ച് 2,70,000 വിദേശികളും അവരുടെ കുടുംബങ്ങളും 2020ൽ രാജ്യം വിട്ടിരുന്നു.
ഇതുണ്ടാക്കുന്ന വെല്ലുവിളികൾ മറികടക്കാൻ പ്രാദേശിക നിക്ഷേപം വർധിപ്പിക്കാർ സർക്കാർ മുൻകൈയെടുക്കണന്നെ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വിദേശ നിക്ഷേപത്തിന് അനുയോജ്യമായ കൂടുതൽ അവസരങ്ങൾ ഒരുക്കണമെന്നും ഇവർ അഭിപ്രായപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.