‘ഭാവി നഗര’ങ്ങളിൽ വിദേശികൾക്ക് സ്വത്ത് കൈവശം വെക്കാം
text_fieldsമസ്കത്ത്: സുൽത്താൻ ഹൈതം സിറ്റി പോലുള്ള ഭാവി നഗരങ്ങളിൽ വിദേശികൾക്ക് 99 വർഷത്തേക്ക് സ്വത്ത് കൈവശം വെക്കാൻ അവകാശമുണ്ടെന്ന് ഭവന, നഗരാസൂത്രണ മന്ത്രി ഡോ. ഖൽഫാൻ ബിൻ സഈദ് അൽ ഷുവൈലി പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് ഫോറത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗ്രേറ്റർ മസ്കത്ത്, ഗ്രേറ്റർ നിസ്വ, ഗ്രേറ്റർ സലാല, ഗ്രേറ്റർ സുഹാർ തുടങ്ങിയ ഭാവി നഗര പദ്ധതികളുടെ വികസന പദ്ധതികൾക്കായി മന്ത്രാലയം പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സലാല, നിസ്വ, സുഹാർ എന്നിവിടങ്ങളിലെ വിലായത്തുകളിൽ ഏകദേശം 30-40 ദശലക്ഷം ചതുരശ്ര മീറ്റർ സ്ഥലം അനുവദിച്ച് മൊത്തം 40,000 ഭവന യൂനിറ്റുകളുള്ള ആധുനിക നഗരങ്ങൾ ഈ പദ്ധതികളിൽ ഉൾപ്പെടുത്തും.
ഒമ്പത് വികസന സൈറ്റുകൾ ഉൾക്കൊള്ളുന്ന നാഷനൽ ഇനിഷ്യേറ്റിവ് ഫോർ ഇന്റഗ്രേറ്റഡ് റെസിഡൻഷ്യൽ നെയ്ബർഹുഡ്സ് ‘സുറൂഹ് പ്രോഗ്രാം’ സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ മൂന്നെണ്ണം നിലവിൽ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. മൂന്നെണ്ണം നിർമാണത്തിലും മൂന്നെണ്ണം നിക്ഷേപത്തിനും തയാറാണെന്ന് അധികൃതർ വ്യക്തമാക്കി.
ഭാവി നഗരമായി രൂപകൽപന ചെയ്ത സുൽത്താൻ ഹൈതം സിറ്റിയിൽ ആറ് റസിഡൻഷ്യൽ അയൽപക്കങ്ങളാണ് ഉൾക്കൊള്ളുന്നത്. 1.2 ശതകോടി റിയാലിന്റെ 20 കരാറുകളിലും സിറ്റി ഒപ്പുവെച്ചു. സുൽത്താൻ ഹൈതം സിറ്റിയിലെ നിർമാണ കരാറുകൾക്കും ഒമാനി യുവാക്കൾ ഉൾപ്പെടുന്ന മറ്റ് ഭാവി പദ്ധതികൾക്കും ഒമാൻ ഡെവലപ്മെന്റ് ബാങ്ക് ധനസഹായ ഓപ്ഷനുകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഷുവൈലി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.