പതിനെട്ടിന് മുകളിലുള്ള വിദേശികൾക്ക് പണം നൽകി വാക്സിനെടുക്കാം
text_fieldsമസ്കത്ത്: സ്വകാര്യ ആശുപത്രികളിലാരംഭിച്ച കോവിഡ് വാക്സിനേഷന് മികച്ച പ്രതികരണം. ആയിരക്കണക്കിന് ആളുകളാണ് വാക്സിൻ സ്വീകരിക്കുന്നത്. ആരോഗ്യമന്ത്രാലയത്തിെൻറ ദേശീയ ഇമ്യൂണൈസേഷൻ കാമ്പയിനിൽ രജിസ്റ്റർ ചെയ്ത ആശുപത്രികളിലാണ് കോവിഡ് വാക്സിൻ ലഭ്യമാവുക. ആശുപത്രികളിൽ നേരിട്ടെത്തുന്നവർക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കും നിശ്ചിത തുക ഫീസ് അടച്ചാൽ വാക്സിൻ ലഭിക്കും. തുടക്കത്തിൽ 45 വയസ്സിന് മുകളിലുള്ള വിദേശികൾക്കായിരുന്നു സ്വകാര്യ ആശുപത്രികളിൽ വാക്സിനേഷൻ. എന്നാൽ, ഇന്നലെ മുതൽ 18 വയസ്സിന് മുകളിലുള്ള വിദേശികൾക്കും വാക്സിൻ നൽകാൻ അനുമതി നൽകിയിട്ടുണ്ട്.
രണ്ട് ഡോസ് ആസ്ട്രാസെനക വാക്സിന് 22 റിയാലാണ് സ്വകാര്യമേഖലയിൽ ആരോഗ്യമന്ത്രാലയം നിശ്ചയിച്ച നിരക്ക്. ഒരു ഡോസിന് എട്ട് റിയാലാണ് ഫീസ്. മൂന്ന് റിയാൽ സേവനനിരക്കായും ഈടാക്കാം. സർക്കാറിെൻറ സൗജന്യ വാക്സിനുള്ള മുൻഗണനാ പട്ടികക്കായി കാത്തുനിൽക്കാൻ താൽപര്യമില്ലാത്തവർക്കും രാജ്യത്തിന് പുറത്തേക്ക് പോകാനുള്ളവർക്കും പണം കൊടുത്ത് വാക്സിനേഷന് വിധേയരാകാം. ആരോഗ്യമന്ത്രാലയത്തിെൻറ മാർഗനിർദേശങ്ങൾക്ക് അനുസരിച്ചാണ് വാക്സിനേഷനെന്നും സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
അതിനിടെ മസ്കത്ത് ഗവർണറേറ്റിൽ ഡ്രൈവ് ത്രൂ വാക്സിനേഷൻ കേന്ദ്രം ഞായറാഴ്ച മുതൽ പ്രവർത്തനമാരംഭിച്ചു. ഒമാൻ ഒാട്ടോമൊബൈൽ അസോസിയേഷനിൽ അൽ റഫാ ആശുപത്രിയുമായി സഹകരിച്ചാണ് സംവിധാനമൊരുക്കിയിരിക്കുന്നത്. ഞായറാഴ്ച മുതൽ വ്യാഴാഴ്ചവരെ വൈകീട്ട് നാല് മുതൽ ഒമ്പതുവരെ ഇവിടെ വാക്സിൻ ലഭിക്കും.
വാഹനത്തിൽനിന്ന് ഇറങ്ങാതെ 20 മിനിറ്റ് കൊണ്ട് വാക്സിൻ സ്വീകരിച്ച് മടങ്ങാൻ കഴിയും. രണ്ടാം ഡോസിന് അർഹതയുള്ളവർക്കും സർക്കാർ ജീവനക്കാർക്കും ഇവിടെയെത്തി വാക്സിൻ സ്വീകരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.