ഒമാനിൽ വിദേശികൾ കുറയുന്നു
text_fieldsമസ്കത്ത്: രാജ്യത്ത് വിദേശികളുടെ എണ്ണം കുറഞ്ഞുവരുന്നതായി കണക്കുകൾ. ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിെൻറ കണക്കുകൾ പ്രകാരം കഴിഞ്ഞ പത്തുമാസത്തിനിടെ 20,717 വിദേശികളാണ് രാജ്യംവിട്ടത്. 2017 മേയ് രണ്ടിന് 2,121,013 ആയിരുന്ന വിദേശ ജനസംഖ്യ മാർച്ച് ഏഴ് എത്തുേമ്പാൾ 2,100,296 ആയാണ് കുറഞ്ഞത്. കഴിഞ്ഞ ഒരു ദശാബ്ദ കാലത്തോളം വർധനവിെൻറ പാതയിൽനിന്നാണ് വിദേശികളുടെ എണ്ണം താഴ്ചയിലേക്കുള്ള വഴിയിലെത്തിനിൽക്കുന്നത്. എല്ലാ രാജ്യക്കാരുടെ എണ്ണത്തിലും കുറവ് ദൃശ്യമാണ്. ബംഗ്ലാദേശ് സ്വദേശികളുടെ എണ്ണം 692,164ൽ നിന്ന് 690,381 ആയും ഇന്ത്യക്കാരുടെ എണ്ണം 6,88,226ൽനിന്ന് 6,85,938 ആയും കുറഞ്ഞു.
ഇന്തോനേഷ്യൻ, ഇത്യോപ്യൻ സ്വദേശികളുടെ എണ്ണമാണ് ഏറ്റവുമധികം കുറഞ്ഞത്. യഥാക്രമം 3.4 ശതമാനത്തിെൻറയും 4.6 ശതമാനത്തിെൻറയും കുറവാണ് ഇൗ രണ്ടു വിഭാഗങ്ങളിലായി ഉണ്ടായത്. വീട്ടുജോലിക്കാരുടെ റിക്രൂട്ടിങ്ങിന് ഏർപ്പെടുത്തിയ നിബന്ധനകളാണ് ഇൗ രണ്ട് രാഷ്ട്രക്കാരുടെയും എണ്ണം കുറയാൻ കാരണം. ഫിലിപ്പിനോകളുടെ എണ്ണത്തിൽ മാത്രമാണ് കുറവ് ദൃശ്യമല്ലാത്തത്. രാജ്യത്തെ ഏറ്റവും വലിയ വിദേശ സമൂഹമെന്ന സ്ഥാനത്ത് ബംഗ്ലാദേശുകാർ തുടരുകയാണ്.
2016 ഒടുവിലാണ് ഇന്ത്യക്കാരിൽനിന്ന് ബംഗ്ലാദേശികൾ ഇൗ സ്ഥാനം കൈവശപ്പെടുത്തിയത്. മസ്കത്തിലെ വിദേശി ജനസംഖ്യ കഴിഞ്ഞവർഷം നവംബറിൽ 9,55,455 ആയിരുന്നത് ഡിസംബർ അവസാനമായപ്പോൾ 948,342ആയും കുറഞ്ഞു. ഏഴായിരത്തിലധികം പേരുടെ കുറവാണ് ഇക്കാലയളവിൽ ഉണ്ടായത്. കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിൽ ഒമാെൻറ എല്ലാ ഗവർണറേറ്റുകളിലും വിദേശി ജനസംഖ്യ കുറഞ്ഞിരുന്നു. ഉദ്യോഗസ്ഥ തലത്തിലുള്ള വിദേശികളുടെ എണ്ണത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളിലായി കുറവ് ദൃശ്യമായിരുന്നെന്ന് ഇൗ രംഗത്തെ നിരീക്ഷകർ പറയുന്നു. എന്നാൽ, കുറഞ്ഞ വേതനക്കാരായ ബ്ലൂകോളർ ജോലിക്കാർ കൂടുതലായി എത്തിയിരുന്നു. ഇപ്പോൾ പുതുതായി കുറഞ്ഞ വേതനക്കാരായ തൊഴിലാളികളുടെ എണ്ണവും കുറഞ്ഞതായി ഇവർ വിലയിരുത്തുന്നു. കർശനമായ സ്വദേശിവത്കരണ നയങ്ങളും വിസാ നയങ്ങളുമാണ് വിദേശികളുടെ വരവിന് തടയിടുന്നത്. ജനുവരി അവസാനം പത്ത് വിഭാഗങ്ങളിലെ 87 തസ്തികകളിൽ ആറു മാസത്തേക്ക് താത്ക്കാലിക വിസാ നിരോധം ഏർപ്പെടുത്തിയിരുന്നു. ഇത് വരും മാസങ്ങളിൽ വിദേശി ജനസംഖ്യയിൽ കുറവുണ്ടാക്കാൻ സാധ്യതയുണ്ട്.
2007 മുതൽ 2017 വരെ കാലയളവിലെ വിദേശി ജനസംഖ്യയിൽ മൂന്നിരട്ടി വർധനയാണ് ഉണ്ടായത്. രാജ്യത്ത് നടന്നുവന്ന വൻ വികസന പദ്ധതികളാണ് വിദേശികളുടെ എണ്ണത്തിലെ ഇൗ വർധനക്ക് കാരണമായത്. 2010ലെ സെൻസസ് പ്രകാരം ഒമാനിലെ ജനസംഖ്യയിൽ 29 ശതമാനമായിരുന്നു വിദേശികളുടെ എണ്ണം. എന്നാൽ 2017ൽ ഇത് 45 ശതമാനമായി ഉയർന്നു. വിദേശികളുടെ വരവ് കുറക്കുന്നതിെൻറ ഭാഗമായാണ് വിസാ നിയന്ത്രണം അടക്കം ഏർപ്പെടുത്തിയതെന്ന് മജ്ലിസുശൂറ അംഗം അസീസ് അൽ ഹസ്നി പറഞ്ഞു. ഇൗ ദിശയിൽ സർക്കാർ കൈക്കൊണ്ട വിവിധ നടപടികൾ തൊഴിൽ മാർക്കറ്റിെൻറ ക്രമീകരണത്തിന് സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.