നാലുപതിറ്റാണ്ട് പ്രവാസത്തിന് വിരാമം; മഹമൂദ് നാളെ നാടണയും
text_fieldsമത്ര: ആദ്യകാല പ്രവാസികളിലെ അവശേഷിക്കുന്നവരില്‍ ഒരാള്‍കൂടി നാടണയുന്നു. 40 വര്‍ഷത്തെ പ്രവാസജീവിതത്തിന് വിരാമമിട്ട് കണ്ണൂര്‍ തളിപ്പറമ്പ് കാക്കത്തോട് സ്വദേശി മഹമൂദാണ് ബുധനാഴ്ച നാട്ടിലേക്ക് മടങ്ങുന്നത്. 1982ലാണ് പ്രവാസജീവിതത്തിന് തുടക്കംകുറിച്ചത്. ജ്യേഷ്ഠൻ നല്കിയ വിസയില്‍ മത്ര സബാദിയില് ഉണ്ടായിരുന്ന സഹോദരന്റെ ഫുഡ് സ്റ്റഫ് കടയിലായിരുന്നു തുടക്കത്തില്‍ ജോലി. തുടര്‍ന്ന് ഒമ്പത് വര്‍ഷത്തോളം സ്വന്തമായി ഫുഡ് സ്റ്റഫ് കട നടത്തി.
ഇതിനിടയിലാണ് ചെറുകിട ഫുഡ് സ്റ്റഫ് കടകള്‍ സ്വദേശിവത്കരണമുണ്ടായത്. അതോടെ കട ഒഴിവാക്കി പച്ചക്കറി കച്ചവടം ആരംഭിച്ചു. ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കി വാഹനവും വാങ്ങി തുടങ്ങിയ പച്ചക്കറി കച്ചവടവുമായാണ് പിന്നീട് മുന്നോട്ടു പോയത്. അതിരാവിലെ മാർക്കറ്റിനിന്ന് പച്ചക്കറി ശേഖരിച്ച് കടകളിലും സ്വദേശി വീടുകളിലും എത്തിച്ചാണ് കച്ചവടം ചെയ്തിരുന്നത്.
ഓര്‍ഡറുകള്‍ മിതമായ നിരക്കില്‍ കൃത്യമായി എത്തിച്ചു നല്കുന്നതിനാല് സ്വദേശികള്‍ക്കൊക്കെ വലിയ കാര്യമായിരുന്നു. മത്രയിൽനിന്ന് പോയാലും ഈ നാടിനെയും ഇവിടുത്തെ സ്നേഹസമ്പന്നരായ ജനങ്ങളെയും ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്ന് മഹ്മൂദ് പറയുന്നു. ഇവിടെ ജോലി ചെയ്ത് മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കാന്‍ സാധിച്ചു. ഈ നാടിനോടുള്ള കടപ്പാട് വാക്കുകളില്‍ ഒതുക്കാനാവില്ല. സ്വന്തമായ വീടെന്ന ഏതൊരാളുടെയും സ്വപ്നം സാക്ഷാത്കരിച്ചത് പ്രവാസ ജീവിതനേട്ടങ്ങളില്‍ പ്രധാനപ്പെട്ടതാണ്. മക്കളുടെ വിദ്യാഭ്യാസവും ബാധ്യതകളില്ലാതെ പെണ്മക്കളെ വിവാഹം ചെയ്തു കൊടുക്കാന്‍ കഴിഞ്ഞതും ഇവിടെ ജോലി ചെയ്തതിനാലാണ്.
തുടക്കം മുതലേ കുടുംബസമേതം കഴിയാന്‍ സാധിച്ചതിനാല്‍ പ്രവാസം വിരസമായി അനുഭവപ്പെട്ടില്ല. മൂന്നു മക്കളിൽ രണ്ടു പേര് ജനിച്ചതും മൂവരും പഠിച്ചതും ഒമാനില്‍തന്നെ. മൂത്തമകന് മസ്കത്തില് സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു. ആരോഗ്യം അനുവദിക്കാത്തതുകൊണ്ടാണ് പ്രവാസത്തിന് വിരാമമിടണമെന്ന ചിന്തയുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.