അൽ നഹ്മാൻ മൃഗശാലയിൽ നാല് കടുവക്കുട്ടികൾ പിറന്നു
text_fieldsമസ്കത്ത്: ഒമാനിലെ ഏക മൃഗശാലയായ ബർക്കയിലെ അൽ നഹ്മാനിൽ കഴിഞ്ഞ ദിവസം പിറന്നത് നാല് കടുവ കുട്ടികൾ. ഇതോടെ മൃഗശാലയിലെ കടുവകളുടെ എണ്ണം ആറായി. മൃഗശാല ഉടമയായ അഹമദ് അൽ ബലൂഷിക് സന്തോഷവാനാണ്. ഭാവിയിൽ കടുവക്കുട്ടികൾ മൃഗശാലയിലെ താരങ്ങളായി മാറുമെന്നാണ് അൽ ബലൂഷി പറയുന്നത്.
കടുവക്കുട്ടികളുടെ അടുത്ത് പോകാൻ അമ്മയായ ലൂന, അഹ്മദ് അൽ ബലൂഷി ഒഴികെ ആരെയും അനുവദിക്കുന്നില്ല. കടുവക്കുട്ടികളുടെ വരവിൽ വലിയ സന്തോഷമാണെന്നും ലൂനക്കും പാബ്ലാക്കും പിറന്നത് ആരോഗ്യമുള്ള നാല് മക്കളാണെന്നും അൽ ബലൂഷി പറഞ്ഞു. ജനിക്കുമ്പോൾ ഇവക്ക് കണ്ണ് കാണാൻ കഴിയില്ല. കണ്ണു തുറക്കാൻ ജനിച്ചത് മുതൽ 6-12 വരെ ദിവസങ്ങൾ വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
അമ്മയായ ലൂന കുട്ടികളെ പരിചരിക്കുന്നുണ്ട്. ഞാനൊഴികെ മറ്റാരെങ്കിലും കുട്ടികളുടെ അടുത്തേക്ക് പോവുമ്പോൾ അക്രമാസക്തയാവും. ഒരാഴ്ചക്കു ശേഷം കുട്ടികൾക്ക് ആവശ്യമായ പാലും മരുന്നുകളും നൽകുമെന്നും അദ്ദേഹം പറഞ്ഞു. കടുവക്കുട്ടികളെ സ്വന്തം മക്കളെപോലെയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒരാഴ്ചക്ക് ശേഷം കടുവക്കുഞ്ഞുങ്ങൾക്ക് മൂന്ന്, നാല് മണിക്കൂറുകൾക്കുള്ളിലും പാൽ നൽകേണ്ടി വരും. കുഞ്ഞുങ്ങൾ വളരെ വേഗം വളരും. ഒരു മാസത്തിനുള്ളിൽ അവയുടെ തൂക്കം 25 കിലോ ആകും. പിന്നീട് പുഴുങ്ങിയ കോഴിയും പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളും നൽകും. 25 ശതമാനത്തിലധികം പ്രോട്ടീനുള്ള ഭക്ഷണങ്ങളാണ് പിന്നീട് നൽകേണ്ടത്.
മൃഗങ്ങളെ ഏറെ സ്നേഹിക്കുന്നയാളാണ് ബലൂഷി. ഈ സ്നേഹമാണ് ബർക്കയിൽ മൃഗശാല ആരംഭിക്കാൻ പ്രേരണയായത്. മൃഗശാല തുടങ്ങുന്നതിന്റെ പ്രധാന ലക്ഷ്യം ജനങ്ങളെ ബോധവത്കരിക്കുകയാണ്. ദൈവത്തിന്റെ സൃഷ്ടി മാഹാത്മ്യം അടുത്തറിയാൻ മൃഗശാലകൾ സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സ്വദേശികൾക്കും കുടുംബത്തോടൊപ്പം വിദേശത്ത് പോയി മൃഗശാലകൾ സന്ദർശിക്കാൻ കഴിയില്ല. കുട്ടികൾ ടെലിവിഷനിലും ഇൻറർനെറ്റിലും നോക്കിയാണ് മൃഗങ്ങളെ പരിചയപ്പെടുന്നത്. ഇത്തരക്കാർക്കെല്ലാം ബർക്കയിലെ മൃഗശാലയിൽ വന്ന് കടുവക്കുട്ടികളെ കാണാമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.