പ്രിയ ഭരണാധികാരിയുടെ ദീപ്തസ്മരണകളിൽ നാട്
text_fieldsമസ്കത്ത്: സുൽത്താനേറ്റിനെ ആധുനിക ലോകത്തോടൊപ്പം സഞ്ചരിക്കാൻ പ്രാപ്തനാക്കിയ പ്രിയ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് വിടവാങ്ങിയിട്ട് ഇന്നേക്കു നാലു വർഷം പൂർത്തിയാകുന്നു. നയതന്ത്രജ്ഞൻ, സമാധാനകാംക്ഷി തുടങ്ങിയ ഒട്ടനവധി വിശേഷണങ്ങൾക്കർഹനായ പ്രിയ ഭരണാധികാരിയുടെ ഓർമകൾ ഇന്നും ജനമനസ്സുകളിൽ മായാതെ നിൽക്കുന്നു.
1970 ജൂലൈ 23ന് ഭരണസാരഥ്യം സുൽത്താൻ ഖാബൂസ് ഏറ്റെടുക്കുമ്പോൾ അറബ് മേഖലയിൽപോലും അധികമാരും അറിയാത്ത രാജ്യമായിരുന്നു ഒമാൻ. മലമടക്കുകൾ നിറഞ്ഞ തീർത്തും അവികസിതവും ദരിദ്രവുമായ ഒരു രാജ്യം. ഗോത്രവർഗ കലാപങ്ങൾ അവസാനിപ്പിക്കുന്നതിനാണ് അദ്ദേഹം പ്രഥമ പരിഗണന നൽകിയത്. സുൽത്താനേറ്റ് ഓഫ് മസ്കത്ത്, ഒമാൻ എന്നായിരുന്നു സുൽത്താൻ ഖാബൂസ് അധികാരമേൽക്കുമ്പോൾ രാജ്യത്തിന്റെ പേര്. അധികാരമേറ്റശേഷം രാജ്യത്തിന്റെ പേര് സുൽത്താനേറ്റ് ഓഫ് ഒമാൻ എന്നാക്കി മാറ്റി. സലാലയുൾപ്പെടെ വിവിധ ഗോത്രവർഗ പ്രദേശങ്ങളെയടക്കം പ്രദേശങ്ങളെ ചേർത്തു പിടിക്കാനും വിശാലമായ ഒരു രാഷ്ട്രമാക്കി ഒമാനെ പരിവർത്തിപ്പിക്കാനും ഇതുവഴി സാധിച്ചു.
ഒരു ഭരണാധികാരിയുടെ ദീർഘവീക്ഷണവും ഉൾക്കാഴ്ചയും കാഴ്ചപ്പാടുകളും ഒരു രാജ്യത്തെ മാറ്റിമറിക്കുന്ന അത്യപൂർവ കാഴ്ച്ചക്കാണ് പിന്നീടുള്ള അമ്പതു വർഷക്കാലം ഒമാൻ സാക്ഷ്യം വഹിച്ചത്. രാജ്യത്തിന്റെ എണ്ണ സമ്പത്ത് വികസനത്തിനും ജനക്ഷേമത്തിനുംവേണ്ടി ഉപയോഗിച്ചതോടെ ജനങ്ങളുടെ വിശ്വാസവും സ്നേഹവും കരുതലും അദ്ദേഹത്തെ തേടിയെത്തി. അടിസ്ഥാന സൗകര്യ വികസനത്തിനു വിദ്യാഭ്യാസത്തിനും പൗരന്മാരുടെ ആരോഗ്യത്തിനും സ്ത്രീകളുടെ ഉന്നമനത്തിനുമാണ് സുൽത്താൻ തുടർന്നുള്ള ഭരണത്തിൽ ഊന്നൽ നൽകിയത്.
അധികാരമേൽക്കുമ്പോൾ തലസ്ഥാനമായ മസ്കത്തിൽനിന്ന് ഏഴു കിലോമീറ്റർ മാത്രമാണ് ടാർ ചെയ്ത റോഡ് ഉണ്ടായിരുന്നത്. ഇന്നു ലോകത്തിലെ ഏറ്റവും മികച്ച റോഡ് ഗതാഗത ശൃംഖലയുള്ള രാഷ്ട്രമാണ് ഒമാൻ. അധികാരത്തിലേക്കെത്തുമ്പോൾ വിരലിൽ എണ്ണാവുന്ന ആശുപത്രികൾ മാത്രമായിരുന്നു രാജ്യത്തുണ്ടായിരുന്നത്. ദീർഘ വീക്ഷണമുള്ള കാഴ്ചപ്പാടുകളോടെ കാര്യങ്ങളെ സമീപിച്ചതോടെ മുഴുവൻ ഗ്രാമങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും പ്രാദേശിക ആസ്ഥാനങ്ങളിൽ എല്ലാ ആധുനിക സൗകര്യങ്ങളോടുംകൂടിയ ആശുപത്രികളും സജ്ജമാക്കാൻ സാധിച്ചു. ഇന്നെല്ലാ വിലായത്തുകളിലും സ്കൂളുകളും രാജ്യത്തിന്റെ എല്ലാ ഭാഗത്തും യൂനിവേഴ്സിറ്റികളും പ്രവർത്തിക്കുന്നു.
പൗരൻമാർക്ക് യൂനിവേഴ്സിറ്റി തലത്തിൽ വരെ വിദ്യാഭ്യാസം സൗജന്യമാണ്. ഒപ്പം വിദേശത്തെ യൂനിവേഴ്സിറ്റികളിലും ഗവേഷണ കേന്ദ്രങ്ങളിലും തുടർവിദ്യാഭ്യാസം നടത്താൻ എല്ലാവിധ സഹായങ്ങളും നൽകുന്നു. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും സ്ത്രീകൾക്ക് അദ്ദേഹം തുല്യപദവി നൽകി. മന്ത്രിസഭയിൽ ഉന്നത വിദ്യാഭ്യാസം ഉൾപ്പെടെ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്നതും സ്ത്രീകളാണ്. എന്നും സമാധാനത്തിന്റെ തുരുത്തായി സുൽത്താനേറ്റിനെ നിലനിർത്തുന്നതിൽ സുൽത്താന്റെ നയങ്ങൾ ഏറെസഹായകരമായി.
നയതന്ത്രജ്ഞതയിലും വിദേശ കാര്യ നയത്തിന്റെ രൂപവത്കരണത്തിലും അറബ് മേഖലയിൽ എന്നും വേറിട്ടുനിന്ന വ്യക്തിത്വമായിരുന്നു സുൽത്താൻ ഖാബൂസ് ബിൻ സഈദ്. നയതന്ത്രജ്ഞതയുടെ സുൽത്താൻ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന വ്യക്തിത്വം. അറബ് മേഖലയിലും അതിനപ്പുറവും ഉരുണ്ടുകൂടിയ കാർമേഘങ്ങളെ ശാന്തിയുടെ ഉറവകളാക്കി മാറ്റിയെടുക്കാൻ സുൽത്താൻ മുൻപന്തിയിലായിരുന്നു.
സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും ശൈഖ മസൂൺ അല്‍ മഷാനിയുടെയും ഏക മകനായി 1940 നവംബര്‍ പതിനെട്ടിന് സലാലയിലാണ് സുൽത്താൻ ഖാബൂസ് ജനിച്ചത്. സലാലയിലും പുണെയിലുമായിട്ടായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പൂനെയിൽ മുൻ ഇന്ത്യൻ രാഷ്ട്രപതി ശങ്കർദയാൽ ശർമ ഇദ്ദേഹത്തിന്റെ അധ്യാപകനായിരുന്നു.
ഇന്ത്യയുമായി എന്നും സവിശേഷബന്ധം പുലര്‍ത്തിപ്പോന്നു. ഇന്ത്യന്‍ പ്രവാസികള്‍ എക്കാലവും അദ്ദേഹത്തിനു പ്രിയപ്പെട്ടവരായിന്നു. പശ്ചിമേഷ്യൻ സമാധാനത്തിന് അദ്ദേഹം നൽകിയ സംഭാവനകളെ മുൻനിർത്തി മഹാത്മാ ഗാന്ധി സമാധാന പുരസ്കാരം സുൽത്താൻ ഖാബൂസ് ബിൻ സഈദിന് നൽകിയിട്ടുണ്ട്.
സുൽത്താൻ ഖാബൂസിന്റെ പിൻഗാമിയായി വന്ന സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദ് രാജ്യത്തെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കുന്നതിനുള്ള യജ്ഞത്തിലാണ്. സുൽത്താൻ ഖാബൂസിന്റെ മഹത്തായ പാരമ്പര്യം മുൻനിർത്തി രാജ്യത്തെ നയിക്കുമെന്ന് അധികാരമേറ്റ ഉടൻ രാഷ്ട്രത്തെ അഭിസംബോധന ചെയ്തിരുന്നു. അതിനോട് പൂർണ്ണമായും നീതി പുലർത്തുംവിധമാണ് രാജ്യത്തെ നയിച്ചു കൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.