ഫാ. ടോമിെൻറ മോചനം: ഒാമാന് പ്രശംസ ചൊരിഞ്ഞ് അന്താരാഷ്ട്രമാധ്യമങ്ങൾ
text_fieldsമസ്കത്ത്: യമനിൽ ഭീകരരുടെ തടവിൽനിന്ന് മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിലിെൻറ മോചനം സാധ്യമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച സുൽത്താൻ ഖാബൂസ് ബിൻ സഇൗദിനും ഒമാൻ സർക്കാറിനും പ്രശംസ ചൊരിഞ്ഞ് അന്താരാഷ്ട്രമാധ്യമങ്ങൾ. സുൽത്താൻ അധികാരമേറ്റ കാലം മുതൽ ഒമാൻ തുടർന്നുവരുന്ന വേറിട്ട വിദേശനയത്തിന് ലഭിച്ച സുപ്രധാന അംഗീകാരങ്ങളിലൊന്നാണ് വൈദികെൻറ മോചനമെന്ന് വിവിധ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പറയുന്നു. യമനിൽ തീവ്രവാദഗ്രൂപ്പുകളും പ്രാദേശിക ഗോത്രവർഗക്കാരും ബന്ദികളാക്കിയ നിരവധി വിദേശികളുടെ മോചനം ഒമാൻ ഇടപെട്ട് യാഥാർഥ്യമാക്കിയിട്ടുണ്ടെങ്കിലും അതിനൊന്നും ലഭിക്കാത്ത വിധത്തിലുള്ള വിപുലമായ വാർത്താപ്രാധാന്യമാണ് ടോം ഉഴുന്നാലിലിെൻറ മോചനത്തിന് ലഭിച്ചത്.
വൈദികെൻറ മോചനത്തിന് സഹായിക്കണമെന്ന വത്തിക്കാെൻറ അഭ്യർഥനപ്രകാരം സുൽത്താൻ ഖാബൂസ് ബിൻ സഇൗദ് ഉത്തരവിട്ടത് അനുസരിച്ചാണ് വിദേശകാര്യ മന്ത്രാലയം പ്രശ്നത്തിൽ ഇടപെട്ടത് എന്ന ഒൗദ്യോഗികപ്രസ്താവന മാത്രമാണ് ഇൗ വിഷയവുമായി ബന്ധപ്പെട്ട് ഒമാൻ സർക്കാറിൽനിന്ന് ഇതുവരെ പുറത്തുവിട്ടിട്ടുള്ളത്. അനൗദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം, തട്ടിക്കൊണ്ടുപോയ സംഘവുമായി മാസങ്ങൾ നീണ്ട ഒത്തുതീർപ്പ് ചർച്ചകൾക്ക് ഒടുവിലാണ് മോചനം യാഥാർഥ്യമായത്. ഒരു കോടി ഡോളറോളം മോചനദ്രവ്യം ഭീകരർക്ക് നൽകിയതായ അഭ്യൂഹങ്ങളും പരക്കുന്നുണ്ടെങ്കിലും ഒമാൻ സർക്കാറോ വത്തിക്കാനോ ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടെ, വത്തിക്കാെൻറ ഇടപെടലാണ് മോചനത്തിന് വഴിയൊരുക്കിയതെന്ന പ്രസ്താവന ഒമാൻ തിരുത്തിയെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ, ബുധനാഴ്ച വൈകീട്ട് വരെ ഒമാൻ വിദേശകാര്യമന്ത്രാലയം ഇൗ വിഷയത്തിൽ പുതിയ പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ലെന്നതാണ് വാസ്തവം. ചൊവ്വാഴ്ച രാവിലെ തന്നെ റോയൽ എയർഫോഴ്സിെൻറ പ്രത്യേക വിമാനത്തിൽ ഫാദർ ടോമിനെ മസ്കത്തിലെ റോയൽ വിമാനത്താവള ടെർമിനലിൽ എത്തിച്ചുവെങ്കിലും ഇന്ത്യൻ എംബസി അധികൃതർക്ക് ഇതിനെക്കുറിച്ച് ഒരു ധാരണയുമുണ്ടായിരുന്നില്ല. റോയൽ ഒാഫിസ് അധികൃതരുടെയും വിദേശകാര്യ മന്ത്രാലയം അധികൃതരുടെയും നേതൃത്വത്തിലാണ് ഫാദർ ടോമിനെ റോയൽ ടെർമിനലിൽ സ്വീകരിച്ചത്. തുടർന്ന് പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി പ്രാഥമിക ചികിത്സകൾ നൽകിയതിനുശേഷം വൈകാതെ റോമിലേക്ക് അയച്ചു. ഉച്ചയോടെ എംബസിയുമായി മാധ്യമപ്രവർത്തകർ ബന്ധപ്പെെട്ടങ്കിലും ഫാദർ ഒമാനിൽനിന്ന് റോമിലേക്കാണോ ഇന്ത്യയിലേക്കാണോ പോയത് എന്നതിൽ വ്യക്തതയില്ലെന്നായിരുന്നു എംബസി ഉന്നതഅധികൃതരുടെ പ്രതികരണം. ഉച്ചക്ക് ശേഷം മാത്രമാണ് മോചനവിവരത്തെക്കുറിച്ച് വിദേശകാര്യമന്ത്രി ട്വീറ്റ് ചെയ്യുന്നത്. റോമിലെത്തിയ വിവരവും ഫാദർ ഉൾക്കൊള്ളുന്ന സെലേഷ്യൻ സഭാധികൃതരാണ് സ്ഥിരീകരിച്ചത്.
ചൊവ്വാഴ്ച രാത്രിയോടെ റോമിലെത്തിയ ഫാദറിന് സ്വീകരണം ഒരുക്കിയിരുന്നു. 18 മാസത്തെ തടങ്കലിനെതുടർന്ന് ശാരീരികമായും മാനസികമായും തളർന്ന ഫാദറിനെ ബുധനാഴ്ച രാവിലെ വൈദ്യപരിശോധനക്ക് വിധേയനാക്കി. പൂർണ വിശ്രമത്തിനും ചികിത്സക്കും ശേഷം ആരോഗ്യം വീണ്ടെടുത്തശേഷമേ കേരളത്തിലേക്കുള്ള മടക്കം ഉണ്ടാവൂവെന്നാണ് റിപ്പോർട്ടുകൾ. തർക്കങ്ങളും സംഘർഷങ്ങളും ചർച്ചകളിലൂടെയാണ് പരിഹരിക്കേണ്ടതെന്ന അടിസ്ഥാനത്തിൽ ഉൗന്നിയുള്ള ഒമാെൻറ വിദേശനയം അന്താരാഷ്ട്രതലത്തിൽ തന്നെ വലിയ അംഗീകാരം നേടിയിരുന്നു. ഇറാനെയും വൻശക്തിരാഷ്ട്രങ്ങളെയും ചർച്ചക്ക് ഒരു മേശക്ക് ചുറ്റുമെത്തിച്ചത് സുൽത്താൻ ഖാബൂസ് ബിൻ സഇൗദിെൻറയും ഒമാൻ സർക്കാറിെൻറയും നയതന്ത്രമികവാണ്. ഇൗ ചർച്ച ആണവ കരാറിലെത്തിയത് ഒമാന് ഏറെ പ്രശംസയാണ് നേടിക്കൊടുത്തത്.
മേഖലയിലെ സംഘർഷങ്ങളിൽ പക്ഷംചേരാതെ നിൽക്കുന്ന ഒമാന് യമനിലെ ഒൗദ്യോഗിക വിഭാഗവുമായും വിമതരുമായും വിവിധ പ്രാദേശികഗ്രൂപ്പുകളുമായും നല്ല ബന്ധമാണുള്ളത്. ആഭ്യന്തരയുദ്ധം ആരംഭിച്ചശേഷം പത്തിലധികം വിദേശി തടവുകാർക്കാണ് ഒമാൻ ഇടപെട്ട് യമനിൽനിന്ന് മോചനമൊരുക്കിയത്. യമൻ യുദ്ധം അവസാനിപ്പിക്കാനുള്ള െഎക്യരാഷ്ട്രസഭയുടെ ശ്രമങ്ങൾക്ക് പ്രധാന സഹായിയായി നിൽക്കുന്നതും ഒമാനാണ്. കഴിഞ്ഞവർഷം കുവൈത്തിൽ വെച്ച് അലസിപ്പിരിഞ്ഞ യമൻ സമാധാനചർച്ചകൾ അടുത്തിടെ ഒമാനിൽ വെച്ച് വീണ്ടും പുനരാരംഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.