സാമ്പ്രാണി ഫെസ്റ്റിവലിന് സലാലയിൽ വർണാഭ തുടക്കം
text_fieldsമസ്കത്ത്: സാമ്പ്രാണി (ഫ്രാങ്കിൻസെൻസ്) ഫെസ്റ്റിവലിന് സലാലയിൽ വർണാഭ തുടക്കം. ഡിസംബര്‍ രണ്ടുവരെ നടക്കുന്ന ഫെസ്റ്റിവലിന്‍റെ ഉദ്ഘാടന ചടങ്ങില്‍ ദോഫാര്‍ ഗവര്‍ണര്‍ സയ്യിദ് മര്‍വാന്‍ ബിന്‍ തുര്‍ക്കി അല്‍ സഈദ് കാര്‍മികത്വം വഹിച്ചു.
ദോഫാർ ഗവർണറേറ്റിലെ ഹെറിറ്റേജ് ആൻഡ് ടൂറിസം ഡയറക്ടർ ജനറൽ ഖാലിദ് ബിൻ അബ്ദുല്ല അൽ അബ്രി, നിരവധി ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. അഞ്ചു ദിവസത്തെ ഫെസ്റ്റിവൽ ലാൻഡ് ഓഫ് ഫ്രാങ്കിൻസെൻസിലെ അൽ ബലീദ് ആർക്കിയോളജിക്കൽ പാർക്ക്, സംഹറം ആർക്കിയോളജിക്കൽ പാർക്ക്, വാദി ദ്വാക നേച്ചർ റിസർവ് എന്നിങ്ങനെ വ്യത്യസ്ത സ്ഥലങ്ങളിലാണ് നടക്കുന്നത്.
ലാൻഡ് ഓഫ് ഫ്രാങ്കിൻസെൻസ് സൈറ്റുകളുടെ ചരിത്രപരമായ സവിശേഷതകളും മറ്റും ഉയർത്തിക്കാട്ടുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ശൈത്യകാല സീസണായതുകൊണ്ട് നിരവധി വിനോദ സഞ്ചാരികളെയും ഫെസ്റ്റിവൽ ആകർഷിക്കും.
കർഷകർ എങ്ങനെയാണ് സാമ്പ്രാണി ശേഖരിക്കുന്നതെന്നും അതിനെ അടിസ്ഥാനമാക്കിയുള്ള ഉൽപന്നങ്ങൾ പരമ്പരാഗതവും ആധുനികവുമായ രീതികളിൽ നിർമിക്കുന്നതിനെക്കുറിച്ചുള്ള അവതരണവും ഫെസ്റ്റിവലിൽ ഉണ്ടാകും. പ്രാദേശിക കമ്പനികളുടെ സുഗന്ധദ്രവ്യങ്ങളുടെയും ഒമാനി സാമ്പ്രാണി ഉൽപന്നങ്ങളുടെയും പ്രദർശനവും മേളയിലുണ്ട്.
ഖോർ അൽ ബലീദിൽ വിനോദസഞ്ചാരികൾക്ക് ആസ്വദിക്കാനായി ബോട്ട് സർവിസ്, റസ്റ്റാറന്റുകൾ, കുട്ടികളുടെ തിയറ്ററുകൾ എന്നിവക്കായി പ്രത്യേക സ്ഥലവും ഒരുക്കിയിട്ടുണ്ട്. യുനെസ്കോ ലോക പൈതൃകപട്ടികയിൽ ഫ്രാങ്കിൻസെൻ സൈറ്റുകൾ ഉൾപ്പെടുത്തിയതിന്‍റെ ആഘോഷത്തിന്‍റെ ഭാഗമായി ഡിസംബർ രണ്ടിന് വാദി ദ്വാക പ്രകൃതിസംരക്ഷണ കേന്ദ്രത്തിൽ ആയിരത്തോളം സാമ്പ്രാണി മരങ്ങളും നടും. ഫെസ്റ്റിവൽ രാജ്യത്തെ ആഭ്യന്തര വിനോദസഞ്ചാരത്തെ ഉത്തേജിപ്പിക്കുകയും ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എസ്.എം.ഇ) അവരുടെ ഉൽപന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കാൻ വഴിയൊരുക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.