വ്യാജ വെബ്സൈറ്റ് നിര്‍മിച്ച് തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ
text_fieldsമസ്കത്ത്: വ്യാജ വെബ്സൈറ്റ് നിര്‍മിച്ച് തട്ടിപ്പ് നടത്തിയയാളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. അറബ് പൗരനെ ജനറല്‍ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആൻഡ് റിസര്‍ച് വിഭാഗമാണ് പിടികൂടിയത്. ഔദ്യോഗിക സ്ഥാപനത്തിന്റെ പേരില്‍ വ്യാജ വെബ്സൈറ്റ് നിർമിച്ച് ആളുകളുടെ ബാങ്ക്-വ്യക്തിഗത വിവരങ്ങള്‍ ചോർത്തി അക്കൗണ്ടിൽനിന്നും പണം തട്ടിയെടുക്കാനായിരുന്നു പ്രതിയുടെ ശ്രമമെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
ബാങ്ക് ജീവനക്കരെന്ന് പറഞ്ഞ് ആളുകളെ കബളിപ്പിച്ച് പണം തട്ടിയ സംഭവത്തിൽ ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള ആറു പേരെ ദിവസങ്ങൾക്ക് മുമ്പ് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാങ്ക് അക്കൗണ്ടിൽനിന്നും പണം തട്ടാനായി ഓരോ ദിവസവും പുതിയ അടവുകളുമായാണ് സംഘം തക്കം പാർത്തിരിക്കുന്നത്.
ഇത്തരം തട്ടിപ്പുകൾക്കെതിരെ ആർ.ഒ.പിയും സെൻട്രൽ ബാങ്ക് ഓഫ് ഒമാനും മറ്റ് ബാങ്കിങ് മേഖലയും മുന്നറിയിപ്പ് നൽകിയിട്ടും പലരും ഇത്തരം കെണിയിൽപെട്ടുപോകുന്നതായാണ് കണ്ടുവരുന്നത്. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് പിഴ ഉടന്‍ അടക്കണമെന്നും ബാങ്കിങ് വിവരങ്ങള്‍ കൈമാറണമെന്നും ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും പലർക്കും ലഭിച്ചിരുന്നു.
പിഴയായി അടക്കേണ്ട തുകയും ഓണ്‍ലൈന്‍ ലിങ്കും ഉള്‍പ്പെടെയാണ് സംഘം ഇരകളെ വല വീശിപ്പിടിക്കാനായി അയച്ച് കൊടുക്കുന്നത്. ഇത്തരം തട്ടിപ്പുകളുടെ യാഥർഥ്യം മനസ്സിലാക്കാതെ വിവരങ്ങൾ കൈമാറുന്നതോടെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം നഷ്ടമാകുകയും ചെയ്യും. പ്രമുഖ വാണിജ്യസ്ഥാപനം, ബാങ്ക് എന്നിവിടങ്ങളിൽ സമ്മാനത്തിനും മറ്റും അര്‍ഹനായിരിക്കുന്നുവെന്നും നിങ്ങള്‍ക്ക് ലഭിച്ച ഒ.ടി.പി നമ്പറും മറ്റു വിവരങ്ങളും നല്‍കണമെന്നും ആവശ്യപ്പെട്ട് തട്ടിപ്പുകൾ നടന്നിരുന്നു.
ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് വിളിക്കുന്ന അജ്ഞാതർക്ക്/സന്ദേശങ്ങൾക്ക് കാർഡ് വിവരങ്ങൾ കൈമാറരുതെന്ന് റോയൽ ഒമാൻ പൊലീസ് നേരത്തേതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. സ്വദേശികൾക്കും വിദേശികൾക്കുമായി നൽകിയ നിർദേശങ്ങളിലാണ് ബാങ്ക് കാർഡിന്റെ വിശദാംശങ്ങൾ, സി.വി.വി കോഡ്, ഒ.ടി.പി എന്നിവ കൈമാറരുതെന്ന് ആർ.ഒ.പി നിർദേശിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.