കൂടുതൽ വിദേശികൾക്ക് സൗജന്യ വാക്സിൻ; പ്രവാസികൾക്ക് ആശ്വാസം
text_fieldsവി.കെ. ഷെഫീർ
മസ്കത്ത്: കൂടുതൽ വിദേശികൾക്ക് സൗജന്യ വാക്സിൻ ലഭ്യമാക്കുമെന്ന പ്രഖ്യാപനം പ്രവാസികൾക്ക് ആശ്വാസമായി. വാക്സിനേഷൻ തോത് വർധിപ്പിക്കുമെന്ന് വ്യാഴാഴ്ച നടന്ന സുപ്രീം കമ്മിറ്റിയുടെ വാർത്തസമ്മേളനത്തിൽ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഈദിയാണ് അറിയിച്ചത്. ഇതിനായി അഞ്ചുലക്ഷം ഡോസ് സിനോവാക് വാക്സിൻ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. വാക്സിനേഷന് കമ്പനികളും സ്പോൺസർമാരും താൽപര്യമെടുക്കാത്ത വിദേശികൾക്കായിരിക്കും ഈ വാക്സിനുകൾ ഉപയോഗപ്പെടുത്തുകയെന്നും സുപ്രീം കമ്മിറ്റി വാർത്തസമ്മേളനത്തിൽ ഡോ. അൽ സഈദി പറഞ്ഞു.
കഴിഞ്ഞ ആഴ്ചകളിൽ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ വിദേശികൾക്കായി സൗജന്യ വാക്സിനേഷൻ ക്യാമ്പുകൾ ആരംഭിച്ചിരുന്നു. ബാർബർമാർ, ബ്യൂട്ടിസലൂൺ ജീവനക്കാർ, വീട്ടുജോലിക്കാർ തുടങ്ങി കുറഞ്ഞ വരുമാനക്കാർക്കാണ് ഇവിടെ വാക്സിൻ നൽകിയത്. ആസ്ട്രാസെനക വാക്സിനാണ് ഈ ക്യാമ്പുകളിൽ നൽകിയത്.
മസ്കത്ത് ഗവർണറേറ്റിൽ മത്ര, അമറാത് എന്നിവിടങ്ങളിൽ സൗജന്യ വാക്സിൻ നൽകുന്ന സ്ഥലങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
സെപ്റ്റംബർ ഒന്നു മുതൽ ഒമാനിൽ പൊതുസ്ഥലങ്ങളിൽ പ്രവേശനം അനുവദിക്കുക വാക്സിൻ എടുത്തവർക്കു മാത്രമാണ്.
ഈ സാഹചര്യത്തിലാണ് വാക്സിൻ എടുക്കാൻ വിദേശികളടക്കം കൂടുതൽ ജാഗ്രത കാണിക്കുന്നത്. അതോടൊപ്പം 12 വയസ്സിനു മുകളിലുള്ള വിദേശികളായ വിദ്യാർഥികൾക്കും മസ്കത്ത് ഗവർണറേറ്റിൽ സൗജന്യ കോവിഡ് വാക്സിൻ നൽകാൻ ആരംഭിച്ചു. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിലാണ് കുത്തിവെപ്പ് നൽകുന്നത്. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ ഉച്ചക്ക് രണ്ടു വരെ വാക്സിൻ സ്വീകരിക്കാം. മറ്റ് ഗവർണറേറ്റുകളിൽ 12 വയസ്സിന് മുകളിലുള്ള വിദേശ വിദ്യാർഥികൾക്ക് ഉടൻ വാക്സിൻ നൽകാൻ ആരംഭിക്കും. ആറു വയസ്സിന് മുകളിലുള്ള കുട്ടികൾക്കും വൈകാതെ വാക്സിനേഷൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.