പെരുന്നാൾ തിരക്കിലലിഞ്ഞ് ഫ്രൈഡേ മാർക്കറ്റ്
text_fieldsമസ്കത്ത്: ചെറിയ പെരുന്നാളിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വാദി കബീറിലെ ഫ്രൈഡേ മാർക്കറ്റിൽ തിരക്കേറി. പരമ്പരാഗത ഒമാനി വസ്ത്രങ്ങളും ഇലക്ട്രോണിക് സാധനങ്ങളും വാങ്ങാൻ വെള്ളിയാഴ്ച നൂറുകണക്കിന് ആളുകളാണ് ഇവിടേക്ക് എത്തിയത്. ഷോപ്പിങ്ങിന് ഇനി ഒരു വെള്ളിയാഴ്ചകൂടി കിട്ടാൻ സാധ്യതയുണ്ടെങ്കിലും വസ്ത്രങ്ങളും വീട്ടുപകരണങ്ങളും നേരത്തെ മേടിച്ച് അവസാനത്തെ തിരക്ക് ഒഴിവാക്കാനാണ് ആളുകൾ ശ്രമിക്കുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ കോവിഡിനെ തുടർന്ന് ഫ്രൈഡേ മാർക്കറ്റിൽ വേണ്ടത്ര ആളും ആരവും ഉണ്ടായിരുന്നില്ല. എന്നാൽ, ഇത്തവണ കാര്യങ്ങളിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും നല്ല വ്യാപാരമാണ് നടക്കുന്നതെന്നും കച്ചവടക്കാർ പറഞ്ഞു.
പുരുഷന്മാരുടെ വസ്ത്രങ്ങളും (ഒമാനി തലപ്പാവ്) കുമ്മയുമാണ് (ഒമാനി തൊപ്പി) കൊണ്ടുവന്നിട്ടുള്ളതെന്നും ഇതിന് ആവശ്യക്കാരേറെയാണെന്നും പാർട്ട് ടൈമായി കച്ചവടം നടത്തുന്ന മുഹമ്മദ് അൽ റുദൈമി പറഞ്ഞു. പ്രമുഖ ഇലക്ട്രോണിക് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആളാണ് ഇദ്ദേഹം. മൊബൈൽ സ്പെയർ പാർട്സുകൾ, ബാറ്ററികൾ, മറ്റ് ആക്സസറികൾ എന്നിവയാണ് ഇദ്ദേഹം മാർക്കറ്റിൽ വിറ്റിരുന്നത്. എന്നാൽ, ഈദിന് മുമ്പുള്ള വെള്ളിയാഴ്ചകളിൽ വസ്ത്രങ്ങൾ വിൽക്കുന്നത് കൂടുതൽ ലാഭകരമാണെന്ന് റുദൈമി പറഞ്ഞു. ഇഷ്ടമുള്ള സാധനങ്ങൾ വിലപേശലിലൂടെ കുറഞ്ഞ വിലക്ക് സ്വന്തമാക്കാൻ കഴിയുമെന്നാണ് ഫ്രൈഡേ മാർക്കറ്റിന്റെ പ്രത്യേകത.
അതുകൊണ്ടുതന്നെ തലസ്ഥാനത്തെ വിവിധ വിലായത്തുകളിൽനിന്നുള്ള സാധാരണക്കാരായ ആളുകൾക്ക് ആശ്വാസമാകുന്നതാണിത്. മത്ര സൂഖിലോ ഫ്രൈഡേ മാർക്കറ്റിലോ ഷോപ്പിങ് നടത്താനാണ് തനിക്ക് ഇഷ്ടമെന്ന് പേര് വെളിപ്പെടുത്താത്ത ഒമാനി വനിത പറഞ്ഞു. അത് പിതാവിന്റെ കാലം മുതലുള്ള സമ്പ്രദായമാണ്, രണ്ടാമതായി, വലിയ ഷോപ്പിങ് മാളുകളെക്കാൾ കുറഞ്ഞ വിലയിൽ സാധനങ്ങൾ വാങ്ങാൻ കഴിയുമെന്നും അവർ പറഞ്ഞു. എല്ലാ വെള്ളിയാഴ്ചയും സജീവമാകുന്ന മാർക്കറ്റിനുള്ളിൽ ചെറുതും വലുതുമായ നൂറോളം കടകളുണ്ട്. കൂടുതലും ഒമാനികളാണ് നടത്തുന്നത്.
അതേസമയം, വലിയ ഷോപ്പിങ് മാളുകളുടെ വരവ് ഇത്തരം പരമ്പരാഗത മാർക്കറ്റുകളുടെ പ്രതാപത്തിന് മങ്ങലേറ്റിട്ടുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. പലരും വലിയ ഓഫറുകൾ പ്രഖ്യപിക്കുന്നതിനാൽ ആളുകൾ ഇത്തരം മാളുകളിലേക്ക് പോകുന്ന സ്ഥിതിയാണുള്ളതെന്ന് ഇവർ പറയുന്നു. ഒരുകാലത്ത് കുട്ടികളുമായി എത്തുന്ന കുടുംബങ്ങൾ കളിക്കോപ്പുകളും മറ്റും വാങ്ങിയായിരുന്നു ഇവിടെ നിന്ന് മടങ്ങിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.