ആളും ആരവവുമൊഴിഞ്ഞ് ഫ്രൈഡേ മാർക്കറ്റ്
text_fieldsമസ്കത്ത്: പഴയകാലത്തിന്റെ നിഴലിലമർന്ന് മസ്കത്തിലെ വാദി കബീറിലുള്ള ഫ്രൈഡേ മാർക്കറ്റ്. ഒരുകാലത്ത് ഇലക്ട്രോണിക് സാധനങ്ങൾക്കും രണ്ടാംതരം ഫർണിചറിനും മറ്റുമായി നിരവധിപേരായിരുന്നു ഇവിടെ എത്തിയിരുന്നത്. കോവിഡിന്റെ പിടിയിലമർന്ന് സാമ്പത്തിക മേഖലയിലുണ്ടായ ഞെരുക്കവും വിവിധ ഹൈപർമാർക്കറ്റിലെ വില കിഴിവുകളും ഓഫറുകളുമെല്ലാമാണ് വാരാന്ത്യമേളക്ക് തിരിച്ചടിയായത്.
കച്ചവടം നിർത്താൻപോകുന്ന കടകളിൽനിന്നോ സ്റ്റോക്ക് ക്ലിയറൻസ് ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങളിൽനിന്നോ മൊത്തമായി ഉൽപന്നങ്ങൾ വാങ്ങിയായിരുന്നു ഫ്രൈഡേ മാർക്കറ്റിൽ ചില്ലറ വ്യാപരം നടത്തിയിരുന്നത്. നഗരത്തിലെ എല്ലാ കടകളിലും ആഴ്ചതോറും ഓഫറുകളും ആനകൂല്യങ്ങളും നൽകുന്നതിനാൽ ആളുകൾ സൂഖ് സന്ദർശിക്കുന്നില്ലെന്ന് വ്യാപാരിയായ അഹമ്മദ് പറഞ്ഞു.
മഹാമാരികാലത്തിനു മുമ്പ് 200മുതൽ 400 റിയാൽവരെ കച്ചവടം നടത്തിയിരുന്ന എനിക്ക് കഴിഞ്ഞ ആഴ്ച ഒരു റിയാൽപോലും സമ്പാദ്യക്കാനായില്ലെന്ന് പേരുവെളിപെടുത്താത്ത മറ്റൊരു വ്യാപാരി പറഞ്ഞു. കുടുംബങ്ങളുടെ സന്ദർശനം കുറഞ്ഞതും വ്യാപാരത്തിന് തിരിച്ചടിയായിട്ടുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. ഒരുകാലത്ത് കുട്ടികളടക്കവുമായി എത്തുന്ന കുടുംബങ്ങൾ കളിക്കോപ്പുകളും മറ്റും വാങ്ങിയായിരുന്നു ഇവിടുന്ന് മടങ്ങിയിരുന്നത്. എന്നാൽ, കോവിഡിന്റെ പിടിയിലമർന്നതോടെ ചില കുടുംബങ്ങൾ മാത്രമാണ് കുട്ടികളുമായി പുറത്തിറങ്ങുന്നത്. പുറത്തിറങ്ങുന്നവരാകട്ടെ വലിയ മാളുകളിലും മറ്റുമാണ് ഷോപ്പിങ്ങിന്പോകുന്നത്. വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്കരിച്ച് മടങ്ങുന്നവരിൽ അധികവും സൂഖിൽനിന്ന് സാധനങ്ങളും വാങ്ങിയായിരുന്നു മടങ്ങിയിരുന്നത്. ജുമുഅ നമസ്കാരത്തിന് നിയന്ത്രണമേർപ്പെടുത്തിയ ദിവസങ്ങളിൽ അത്തരത്തിലുള്ള കച്ചവടവും നഷ്ടപ്പെട്ടെന്ന്സൂഖിലെ വ്യാപാരികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.