റമദാനിൽ പഴവർഗങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ നടപടി തുടങ്ങി
text_fieldsമസ്കത്ത്: വിശുദ്ധ റമദാൻ സമാഗതമായിരിക്കെ പുതിയ സാഹചര്യത്തിൽ റമദാൻ വിഭവങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ അധികൃതർ നടപടികൾ ആരംഭിച്ചു. റമദാനിൽ ആവശ്യമായ പഴവർഗങ്ങളും മറ്റ് വിഭവങ്ങളും ലഭ്യമാക്കാനുള്ള നടപടികളാണ് മസ്കത്ത് മുനിസിപ്പാലിറ്റിയടക്കമുള്ള അധികൃതർ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് പഴവർഗങ്ങളുടെ ഇറക്കുമതിക്കാരുടെയും അതുമായി ബന്ധപ്പെട്ടവരുടെയും യോഗം അധികൃതർ വിളിച്ചുചേർത്തു. റമദാൻ വിഭവങ്ങൾ മാർക്കറ്റിലെത്തിക്കാൻ ശ്രമങ്ങൾ നടത്തണമെന്നും അതിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അധികൃതർ വ്യക്തമാക്കി. ഇറക്കുമതി സംബന്ധമായ നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതടക്കമുള്ള സഹായങ്ങളാണ് അധികൃതർ ചെയ്യുന്നത്. ഇതോടെ റമദാൻ വിഭവങ്ങളായ പഴവർഗങ്ങളും മറ്റും എങ്ങനെയും വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇറക്കുമതിക്കാർ.
ഒമാനിൽ ഏറ്റവും കൂടുതൽ പഴവർഗങ്ങൾ എത്തുന്ന സൗത്ത് ആഫ്രിക്ക, സ്െപയിൻ, ഇറ്റലി, ന്യൂസിലാൻഡ്, ആസ്േട്രലിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതി കുറയും. ഇത് പരിഹരിക്കാൻ, കോവിഡ്–19 വൈറസ് കൂടുതൽ ബാധിക്കാത്ത രാജ്യങ്ങളിൽനിന്ന് ഇതേ ഉൽപന്നങ്ങൾ മാർക്കറ്റിലെത്തിക്കാനാണ് ഇറക്കുമതിക്കാർ ശ്രമിക്കുന്നത്. അമേരിക്കയിൽ കോവിഡ് ബാധയുണ്ടെങ്കിലും കയറ്റുമതിയെ ബാധിച്ചിട്ടില്ലാത്തതിനാൽ അമേരിക്കയിൽനിന്നും ഫിലിപ്പീൻസ്, ഇന്തോനേഷ്യ, മലേഷ്യ അടക്കമുള്ള രാജ്യങ്ങളിൽനിന്നും പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് സുഹൂൽ അൽ ഫൈഹ മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദ് പറഞ്ഞു. എന്നാൽ, ഇത് ഗതാഗത നിരക്ക് വർധിക്കാൻ ഇടയാക്കിയേക്കാം. ഉൽപന്നങ്ങൾ കണ്ടെയിനറുകളിൽ എത്തിക്കാനുള്ള ചെലവ് വർധിക്കുന്നതിനാൽ ചില ഉൽപന്നങ്ങളുടെ വില വർധിക്കാൻ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽനിന്നുള്ള കയറ്റുമതി നിരോധനമുള്ളതിനാൽ സവാളയുടെ ലഭ്യത കുറയാൻ സാധ്യതയുണ്ടെന്നും എന്നാൽ ഇവ മാർക്കറ്റിൽ ഇല്ലാതാവുന്ന അവസ്ഥ വരില്ലെന്നും അദ്ദേഹം പറഞ്ഞു.
തുർക്കി അടക്കമുള്ള രാജ്യങ്ങളിൽനിന്ന് സവാള ഇറക്കുമതി ചെയ്യും. ഒമാൻ പച്ചക്കറി സുലഭമായി മാർക്കറ്റിലുള്ളതുകൊണ്ട് മറ്റ് പച്ചക്കറി ഇനങ്ങൾക്ക് ദൗർലഭ്യത ഉണ്ടാവാനും വില വർധിക്കാനും സാധ്യതയില്ല. തക്കാളി, പച്ചമുളക്, കാപ്സിക്കം, ബീൻസ്, കാബേജ്, കോളിഫ്ലവർ തുടങ്ങിയ ഒമാൻ പച്ചക്കറി വിഭവങ്ങൾ സുലഭമായി മാർക്കറ്റിലുണ്ട്. അതിനാൽ ഇത്തരം ഉൽപന്നങ്ങൾക്ക് മേയ് അവസാനം വരെ ദൗർലഭ്യത ഉണ്ടാവാൻ സാധ്യതയില്ല. എന്നാൽ, മേയ് അവസാനത്തോടെ കൊറോണയെ പിടിച്ചുകെട്ടാൻ കഴിഞ്ഞില്ലെങ്കിൽ സംഗതികൾ മാറിമറിയുമെന്നും ഇറക്കുമതി മേഖലയിലുള്ളവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.