ഇന്ധന സബ്സിഡി: വാഹന ഉടമകൾക്ക് ആശ്വാസം
text_fieldsമസ്കത്ത്: ഇന്ധനവിലയിൽ സബ്സിഡി നൽകാനുള്ള ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ രാജകീയ ഉത്തരവ് പൗരന്മാർക്കും താമസക്കാർക്കും ആശ്വാസമാവുന്നു.
ഇന്ധന വിലവർധന പിടിച്ചുനിർത്താൻ ഉത്തരവ് സഹായിക്കും. ഇതനുസരിച്ച് കഴിഞ്ഞ വർഷം ഒക്ടോബറിലെ ശരാശരി എണ്ണ വിലയനുസരിച്ച് ഉയർന്ന വിലയായി നിശ്ചയിക്കാനായിരുന്നു രാജകീയ ഉത്തരവ്. ഇതിൽ കൂടുതൽ വരുന്ന എണ്ണ വിലയിൽ സബ്സിഡി ഏർപ്പെടുത്താനായിരുന്നു ഉത്തരവ്. ഈ വർഷം ഡിസംബർവരെയാണ് സബ്സിഡി ആനുകൂല്യം.
കഴിഞ്ഞ ഒക്ടോബറിൽ ബാരലിന് 85 ഡോളറിൽ താഴെയായിരുന്നു ശരാശരി എണ്ണ വില. എന്നാൽ, പിന്നീട് പല കാരണങ്ങളാൽ വർധിക്കുകയും അടുത്തിടെ ബാരലിന് 130 ഡോളർ വരെ ഉയരുകയും ചെയ്തു.
റഷ്യ-യുക്രൈയ്ൻ യുദ്ധകാലത്താണ് എണ്ണവില ഏറ്റവും വലിയ ഉയരത്തിലെത്തിയത്. പിന്നീട് താഴ്ന്നെങ്കിലും അടുത്തിടെ വീണ്ടും ബാരലിന് 115 ഡോളർവരെ എത്തി. എന്നാൽ, കഴിഞ്ഞ ഏതാനും ദിവസമായി എണ്ണ വില കുറയുകയായിരുന്നു.
എണ്ണവില വർധിക്കാൻ തുടങ്ങിയതോടെ സർക്കാറിന് സബ്സിഡി ഇനത്തിൽ വൻ തുകയാണ് നൽകേണ്ടിവരുന്നത്. ഈ വർഷം ആദ്യപാദത്തിൽ 67.3 ദശലക്ഷം റിയാലാണ് സർക്കാർ സബ്സിഡി ഇനത്തിൽ ചെലവിട്ടത്. കഴിഞ്ഞ ഇതേ കാലയളവിൽ 7.6 ദശലക്ഷം റിയാൽ മാത്രമായിരുന്നു ചെലവ്.
സബ്സിഡി ഇനത്തിൽ ഈ കാലയളവിൽ 78.5 ശതമാനം വർധനവാണുണ്ടായത്. സുൽത്താന്റെ ഉത്തരവനുസരിച്ച് '91എണ്ണ' ലിറ്ററിന് 229 ബൈസയും '95എണ്ണക്ക്' ലിറ്ററിന് 239 ബൈസയും കൂടിയ നിരക്കായി നിശ്ചയിക്കുകയായിരുന്നു. ലിറ്ററിന് 258 ബൈസയായിരുന്നു കൂടിയ ഡീസൽ നിരക്ക്. അതോടൊപ്പം കുറഞ്ഞ വരുമാനക്കാർക്കായി സ്വദേശികൾക്ക് സബ്സിഡി കാർഡനുസരിച്ച് കുറഞ്ഞ നിരക്കിൽ എണ്ണ വാങ്ങാനുള്ള പരിധി മാസത്തിൽ 200 ലിറ്ററിൽനിന്ന് 400 ലിറ്ററായി ഉയർത്താനും ഉത്തരവിൽ പറഞ്ഞിരുന്നു.
ഇവർക്ക് ലിറ്ററിന് 180 ബൈസ എന്ന നിരക്കിലായിരിക്കും വില ഈടാക്കുക.മാസത്തിൽ 950 റിയാലിൽ കുറഞ്ഞ മാസവരുമാനമുള്ള വാഹനമോ ബോട്ടോ ഉള്ളവർക്കാണ് ആനുകൂല്യം ലഭിക്കുകയെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. മൊത്തം 5,92,725 സ്വദേശി പൗരന്മാർക്കാണ് ആനുകൂല്യം ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.