പഴയ വസ്തുക്കൾ ഉപയോഗിച്ച് ഫർണിച്ചർ നിർമാണം; നടപടി കർശനമാക്കി അധികൃതർ
text_fieldsമസ്കത്ത്: പഴയതും മുമ്പ് ഉപയോഗിച്ചതുമായ ഉൽപന്നങ്ങൾ ഉപയോഗിച്ച് വീട്ടുപകരണങ്ങൾ നിർമിക്കുന്ന ഫർണിച്ചർ ഫാക്ടറിക്ക് അധികൃതർ പിഴ ചുമത്തി. ഈ സ്ഥാപനത്തിൽനിന്ന് 4,000 കിലോ വരുന്ന ഗുണനിലവാരം കുറഞ്ഞതും പഴയതുമായ ഉൽപന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു.ഉപയോഗിച്ച സ്പോഞ്ച്, പഴകിയ തുണികൾ, ഉപയോഗിച്ച മരങ്ങൾ, പഴയ ഫർണിച്ചറുകൾ എന്നിവയാണ് അധികൃതർ നശിപ്പിച്ചത്. ഇവയെല്ലാം ഫർണിച്ചർ നിർമാണത്തിന് ഉപയോഗിക്കുകയും പുതിയതാക്കി മാർക്കറ്റിൽ ഇറക്കുകയുമായിരുന്നു.
ഉപഭോക്തൃ സംരക്ഷണ അതോറിറ്റി തെക്കൻ ബാത്തിന ഗവർണറേറ്റിലെ റുസ്താഖിലാണ് പരിശോധന നടത്തിയത്. ഗവർണറേറ്റിലെ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ സാധാരണ പരിശോധനക്കിടയിലാണ് ഇവ പിടികൂടിയതെന്ന് അധികൃതർ പറഞ്ഞു. പരിശോധനക്കിടെയാണ് ഫാക്ടറിയിൽ പാഴ് വസ്തുക്കൾ കണ്ടെത്തിയത്.മരം, സ്പോഞ്ച്, പഴകിയ തുണി, ഉപയോഗിച്ച ഫർണിച്ചർ എന്നിവ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെ സൂക്ഷിച്ചു വെച്ചിരുന്നു.പ്രത്യേക യന്ത്രം ഉപയോഗിച്ച് ഈ വസ്തുക്കൾ രൂപമാറ്റം വരുത്തി ഫർണിച്ചറുകൾ നിർമിക്കുകയും പുതിയ ഫർണിച്ചറുകൾ എന്ന നിലക്ക് ഒമാനിലെ മാർക്കറ്റുകളിൽ വിതരണം ചെയ്യുകയുമായിരുന്നു.
കേടുവന്ന ഈ ഉൽപന്നങ്ങൾ യന്ത്രം ഉപയോഗിച്ച് പൊടിക്കുകയും മറ്റും ചെയ്ത് ഫർണിച്ചറുകളായി രൂപപ്പെടുത്തുകയുമായിരുന്നു. ഇവ ഉപഭോക്താവിന് സാമ്പത്തിക നഷ്ടത്തോടൊപ്പം ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നതായി അധികൃതർ കണ്ടെത്തി. ഉപഭോക്തൃ സംരക്ഷണ വിഭാഗം ഫാക്ടറിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പിടിച്ചെടുത്ത വസ്തുക്കൾ നശിപ്പിക്കുകയും ഫാക്ടറിക്ക് പിഴ ചുമത്തുകയും ചെയ്തു. ഉപഭോക്താക്കൾക്ക് നഷ്ടമുണ്ടാക്കുന്നതും ആരോഗ്യത്തിനും സുരക്ഷക്കും ഹാനിയുണ്ടാക്കുന്നതുമായ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു.
ഉപഭോക്താക്കളുടെ ക്ഷേമം ഉറപ്പുവരുത്തുന്ന ഉൽപന്നങ്ങളും സേവനങ്ങളും ലഭ്യമാക്കണം. ഉപയോഗിച്ച മരങ്ങളും മറ്റും പ്രാണികൾ വളരാനും രോഗങ്ങൾ ഉണ്ടാക്കാനും കാരണമാക്കും. ഇത് ഒരിക്കലും സ്വീകാര്യമല്ലെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.