ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഒമാൻ പങ്കെടുത്തു
text_fieldsമസ്കത്ത്: ന്യൂഡൽഹിയിൽ നടന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഒമാൻ പങ്കെടുത്തു. കഴിഞ്ഞ ദിവസം നടന്ന വിദേശകാര്യ മന്ത്രിമാരുടെ സെഷനില്‍ ഒമാനെ പ്രതിനിധാനം ചെയ്ത് മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദിയാണ് പങ്കെടുത്തത്. ജി20 ഉച്ചകോടിയിൽ ഒമാൻ അതിഥി രാജ്യമായി ഈ വർഷം പങ്കെടുക്കും. ഇതിന്റെ ഭാഗമായാണ് യോഗത്തിൽ സംബന്ധിച്ചത്. സംഭാഷണം, സഹിഷ്ണുത, നല്ല അയൽപക്കം തുടങ്ങിയ മൂല്യങ്ങളിലൂന്നി സമാധാന നിർമാണത്തെക്കുറിച്ചുള്ള ഒമാന്റെ വീക്ഷണം സയ്യിദ് ബദര്‍ അവതരിപ്പിച്ചു. ഇന്ത്യയിലെ ഒമാന്‍ അംബാസഡര്‍ ഇസ്സ ബിന്‍ സാലിഹ് അല്‍ ശൈബാനി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം വ്യാപാര, അന്താരാഷ്ട്ര സഹകരണ കാര്യ അണ്ടര്‍ സെക്രട്ടറി പങ്കജ് ഖിംജി, മന്ത്രിയുടെ ഓഫിസ് വിഭാഗം തലവന്‍ അംബാസഡര്‍ ഖാലിദ് ബിന്‍ ഹാശില്‍ അല്‍ മുസ്ലഹി, വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഒമാന്‍ സംഘത്തിലുള്ളത്.
വടക്കേ ഇന്ത്യൻ നഗരമായ ഗുരുഗ്രാമിൽ ആരംഭിച്ച ജി20യുടെ ആദ്യ അഴിമതി വിരുദ്ധ വർക്കിങ് ഗ്രൂപ് മീറ്റിങ്ങിലും (എ.സി.ഡബ്ല്യു.ജി) ഒമാൻ പങ്കെടുത്തു. സുൽത്താനേറ്റിനെ പ്രതിനിധാനം ചെയ്ത് സ്റ്റേറ്റ് ഓഡിറ്റ് ഇൻസ്റ്റിറ്റ്യൂഷൻ (എസ്.എ.ഐ) ആണ് സംബന്ധിച്ചത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ 90ലധികം പ്രതിനിധികൾ അഴിമതി തടയുന്നതിനുള്ള അന്താരാഷ്ട്ര സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ചകളിൽ ഏർപ്പെടും. 20 അംഗരാജ്യങ്ങളിൽനിന്നും പത്ത് ക്ഷണിക്കപ്പെട്ട രാജ്യങ്ങളിൽനിന്നും ഒമ്പത് അന്താരാഷ്ട്ര സംഘടനകളിൽനിന്നുമുള്ള പ്രതിനിധികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.
അഴിമതിയും സാമ്പത്തിക കുറ്റകൃത്യങ്ങളും ചെറുക്കുന്നതിൽ അന്താരാഷ്ട്ര സഹകരണം, മോഷ്ടിച്ച സ്വത്തുക്കൾ വീണ്ടെടുക്കൽ, അഴിമതി തടയുന്നതിനും ചെറുക്കുന്നതിനും ബന്ധപ്പെട്ട പ്രത്യേക അധികാരികളുടെ സമഗ്രതയുടെ പങ്ക് എന്നിവ ഉൾപ്പെടെ നിരവധി വിഷയങ്ങൾ എ.സി.ഡബ്ല്യു.ജി ചർച്ച ചെയ്യും. സാമ്പത്തികം, ഊർജം, വ്യാപാരം, വിനോദസഞ്ചാരം, ആരോഗ്യം, സുസ്ഥിര കൃഷി, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകൾ ഉൾക്കൊള്ളുന്ന ജി20യിലെ നിരവധി വർക്കിങ് ഗ്രൂപ്പുകൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.