ജി 20 ഉച്ചകോടിയിലെ ഒമാൻ സാന്നിധ്യം; വ്യാപാര, നിക്ഷേപ മേഖലയിൽ പുതിയ അവസരങ്ങൾ തുറക്കും
text_fieldsമസ്കത്ത്: ഈവർഷം ഇന്ത്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ ഒമാൻ പങ്കെടുക്കുന്നത് നിക്ഷേപം വർധിപ്പിക്കുന്നതിനും വ്യാപാരം സുഗമമാക്കുന്നതിനും സഹായിക്കുമെന്ന് അധികൃതർ. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയ ഉപദേഷ്ടാവും ജി20 മീറ്റിങ്ങുകൾക്കുള്ള ഒമാൻ സെക്രട്ടേറിയറ്റ് മേധാവിയുമായ പങ്കജ് ഖിംജി ജി20 ഉച്ചകോടിയിൽ ഒമാൻ പങ്കെടുക്കുന്നതിന്റെ പ്രാധാന്യം അടിവരയിട്ട് പറഞ്ഞ് നടത്തിയ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജി20 അതിന്റെ തുടക്കം മുതൽ, ഭൂമിശാസ്ത്രപരമായ ഉൾച്ചേർക്കൽ ഉറപ്പാക്കാൻ തിരഞ്ഞെടുത്ത രാജ്യങ്ങളെ അതിഥികളായി ക്ഷണിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചകോടിയിൽ അതിഥി രാജ്യമായാണ് ഒമാൻ പങ്കെടുക്കുന്നത്. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സമ്പദ്വ്യവസ്ഥകളുടെ ഫോറത്തിൽ പങ്കെടുക്കാൻ കഴിയുന്നത് സുൽത്താനേറ്റിന് നിർണായക അവസരങ്ങളാണ് പ്രദാനം ചെയ്യുന്നത്.
അന്താരാഷ്ട്ര സമൂഹവുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രാദേശികതലത്തിൽ സജീവ പങ്കാളി എന്ന നിലയിലുള്ള ഒമാന്റെ സ്ഥാനം ഈ ക്ഷണം ഉറപ്പിക്കുന്നുണ്ടെന്നും ഖിംജി പറഞ്ഞു. നിക്ഷേപം, അന്താരാഷ്ട്ര വ്യാപാരം, ചെറുകിട ഇടത്തരം സംരംഭങ്ങളെ പിന്തുണക്കുക തുടങ്ങിയവ അഭിസംബോധന ചെയ്യുന്ന ജി20 മീറ്റിങ്ങുകളിൽ ഒമാൻ പങ്കെടുക്കുന്നതിലൂടെ നിരവധി നേട്ടങ്ങൾ ലഭിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഒമാൻ ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളുമായി നിരവധി തയാറെടുപ്പുകളും ഏകോപന യോഗങ്ങളും നടത്തി.
ജി 20 മീറ്റിങ്ങുകളിൽ ഒമാന്റെ പങ്കാളിത്തത്തിന് മേൽനോട്ടം വഹിക്കാൻ ഒരു പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രി, ധനകാര്യ മന്ത്രി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി എന്നിവർ സമിതിയിൽ അംഗങ്ങളാണെന്ന് ഖിംജി കൂട്ടിച്ചേർത്തു.;ഗ്രൂപ് ടാസ്ക് ടീമുകളുടെ മീറ്റിങ്ങുകളുടെ ഫലങ്ങളും ജി 20 ചർച്ചചെയ്യേണ്ട വിഷയങ്ങളുടെ അജണ്ടയും പിന്തുടരുന്നതിനുള്ള ഒരു കർമപദ്ധതിയും കമ്മിറ്റി രൂപപ്പെടുത്തി. ഒമാൻ വിഷൻ 2040ന് അനുസൃതമായി വ്യാപാരം, ഊർജം, വിനോദസഞ്ചാരം, സംസ്കാരം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി, ബഹുമുഖ സഹകരണത്തിനുള്ള വഴികൾ പര്യവേക്ഷണം ചെയ്യുന്നതിനും ആശയവിനിമയത്തിന്റെ നേരിട്ടുള്ള മാർഗങ്ങൾ സ്ഥാപിക്കുന്നതിനും കൂടിക്കാഴ്ചകൾ വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജി 20 മീറ്റിങുകളിലെ പങ്കാളിത്തത്തിലൂടെ സാമ്പത്തിക വെല്ലുവിളികളും ആഗോള ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് സഹായിക്കുന്ന നിർദേശങ്ങളും മനസ്സിലാക്കിയതായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ ഇൻവെസ്റ്റ്മെന്റ് പ്രോജക്ടുകളുടെ മോണിറ്ററിങ് ആൻഡ് ഇവാല്വേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഫൈസൽ അലി അൽ ഹിനായി പറഞ്ഞു. പങ്കെടുക്കുന്ന രാജ്യങ്ങളുമായുള്ള ശക്തമായ ബന്ധം സ്ഥാപിക്കുന്നതിന് ജി 20 മീറ്റിങ്ങുകളിലെ ഒമാന്റെ പങ്കാളിത്തം സഹായകമാകുമെന്ന് ധനമന്ത്രാലയത്തിലെ മാക്രോ-ഫിനാൻഷ്യൽ പോളിസി യൂനിറ്റ് ഡയറക്ടർ ജനറൽ ഡോ. സലിം അഹമ്മദ് അൽ ജഹ്വാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.