ജി20 ഉച്ചകോടി: ഗവേഷണ മന്ത്രിമാരുടെ യോഗത്തിൽ പങ്കാളിയായി ഒമാനും
text_fieldsമസ്കത്ത്: ജി20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയിലെ മുംബൈയിൽ നടന്ന ഗവേഷണ മന്ത്രിമാരുടെ യോഗത്തിൽ ഒമാൻ സംബന്ധിച്ചു. സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച് ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നവേഷൻ മന്ത്രാലയമാണ് പങ്കെടുത്തത്. ഒമാനി പ്രതിനിധി സംഘത്തെ ഉന്നതവിദ്യാഭ്യാസ, ഗവേഷണ, ഇന്നവേഷൻ മന്ത്രി ഡോ. റഹ്മ ഇബ്രാഹിം അൽ മഹ്റൂഖിയാണ് നയിച്ചത്. ശാസ്ത്ര ഗവേഷണവും നൂതനത്വവും പ്രോത്സാഹിപ്പിക്കുന്നതിൽ ഒമാന്റെ ശ്രമങ്ങളെ സംബന്ധിച്ച് യോഗത്തിൽ മന്ത്രി വിശദീകരിച്ചു.
പൊതുവെ ലോക രാജ്യങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതിന് ഈ യോഗത്തിന് പ്രാധാന്യമുണ്ടെന്നും സമൂഹങ്ങളുടെ പുരോഗതിയിലേക്ക് നയിക്കുന്ന മികച്ച പ്രവർത്തനങ്ങളും അറിവുകളും പങ്കുവെക്കുന്നതിനുള്ള ഫലപ്രദമായ വേദിയാണ് ഈ മീറ്റിങ് നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ഒമാൻ വിഷൻ 2040ൽ പറഞ്ഞിരിക്കുന്ന സമീപനത്തിന്റെ അടിസ്ഥാനത്തിൽ സമ്പദ്വ്യവസ്ഥയെ വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയാക്കി മാറ്റാനാണ് ഒമാൻ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സമ്പദ്വ്യവസ്ഥയും സമൃദ്ധിയും വൈവിധ്യവത്കരിക്കുന്നതിനും സുസ്ഥിര വികസന പദ്ധതികൾ കൈവരിക്കുന്നതിനുമുള്ള അടിസ്ഥാനമെന്ന നിലയിൽ ശാസ്ത്ര ഗവേഷണത്തിന്റെ പ്രാധാന്യവും അവർ എടുത്തുപറഞ്ഞു.
പരിപാടിയുടെ ഭാഗമായി മന്ത്രി ഡോ. റഹ്മ അൽ മഹ്റൂഖി, ജർമനിയിലെ ഫെഡറൽ വിദ്യാഭ്യാസ ഗവേഷണ മന്ത്രിയുടെ പാർലമെന്ററി സ്റ്റേറ്റ് സെക്രട്ടറി ജെൻസ് ബ്രാൻഡൻബർഗ്, യൂറോപ്യൻ കമീഷന്റെ റിസർച് ആൻഡ് ഇന്നവേഷൻ ജനറൽ ഡയറക്ടറേറ്റിലെ ഗ്ലോബൽ അപ്രോച്ച് ആൻഡ് ഇന്റർ നാഷനൽ പാർട്ണർഷിപ്പുകളുടെ ഡയറക്ടർ മരിയ ക്രിസ്റ്റീന റൂസോ എന്നിവരുമായും കൂടിക്കാഴ്ച നടത്തി.
ഇന്ത്യയിലെ ഒമാനി വിദ്യാർഥികൾ നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനായി മന്ത്രി ഇന്ത്യയിലെ ഒമാന്റെ സാംസ്കാരിക വിഭാഗത്തിന്റെ ചുമതലയുള്ള മുഹമ്മദ് അരീഫുമായും സംസാരിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിയിലെ ഡയറക്ടർ പ്രഫസർ അനിരുദ്ധ പണ്ഡിറ്റുമായി മന്ത്രിയും പ്രതിനിധി സംഘവും കൂടിക്കാഴ്ചയും നടത്തി.
പുനരുപയോഗ ഊർജം ‘ഹൈഡ്രജൻ’, ജലശുദ്ധീകരണം, ഭക്ഷ്യസുരക്ഷ, സംരംഭകത്വം എന്നിവയുമായി ബന്ധപ്പെട്ട ശാസ്ത്രീയ ഗവേഷണങ്ങളിലെ അനുഭവങ്ങൾ ഇരുപക്ഷവും കൈമാറി. ചില ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ, ടിഷ്യു ഉൽപാദനം, ഭക്ഷണം, പരിശീലനം, സംരംഭകത്വം എന്നിവക്കുള്ള ലബോറട്ടറികൾ, മുംബൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ എൻജിനീയറിങ് എന്നിവയും മന്ത്രി സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.