ജി20 ഉച്ചകോടി; അവസരങ്ങളുടെ വാതിൽ തുറന്ന് ഒമാൻ സംഘം തിരിച്ചെത്തി
text_fieldsമസ്കത്ത്: വിവിധ മേഖലകളിൽ അവസരങ്ങൾക്ക് വാതിൽ തുറന്ന് ന്യൂഡൽഹിയിൽ നടന്ന ജി20 ഉച്ചക്കോടിയിൽ പങ്കെടുത്ത് ഒമാൻ സംഘം തിരിച്ചെത്തി. അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണ കാര്യങ്ങളുടെയും ഉപപ്രധാനമന്ത്രിയും സുൽത്താന്റെ വ്യക്തിഗത പ്രതിനിധിയുമായ സയ്യിദ് അസദ് ബിൻ താരിഖ് അൽ സഈദായിരുന്നു ഒമാൻ സംഘത്തെ നയിച്ചിരുന്നത്. ഇൻഫർമേഷൻ മന്ത്രി ഡോ. അബ്ദുല്ല നാസർ അൽ ഹറസി, പൈതൃക, ടൂറിസം മന്ത്രി സലിം മുഹമ്മദ് അൽ മഹ്റൂഖി, എൻഡോവ്മെന്റ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് സഈദ് അൽ മഅമരി, ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ്, സയ്യിദ് അസദിന്റെ ഓഫിസിലെ സെക്രട്ടറി ജനറൽ സെയ്ഫ് മുഹമ്മദ് അൽ അബ്രി എന്നിവർ ചേർന്നാണ് അസദിനെയും സംഘത്തെയും സ്വീകരിച്ചത്.
അതേസമയം, ജി20 ഉച്ചക്കോടിയിൽ പങ്കെടുക്കാൻ ഒമാനെ ക്ഷണിച്ചതിന് നന്ദി അറിയിക്കുകയാണെന്ന് ജി20 ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ സംസാരിച്ച സയ്യിദ് അസദ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴമാണ് ഇത് സൂചിപ്പിക്കുന്നത്. ചന്ദ്രനിൽ വിജയകരമായി ഇറങ്ങാൻ സാധിച്ച ഇന്ത്യയുടെ നേട്ടത്തെ അഭിനന്ദിക്കുകയാണെന്നും ഇത് ഭാവിയിലേക്കുള്ള വഴിത്തിരിവാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യനാഗരികതക്ക് ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള സംയുക്ത പ്രവർത്തനത്തെ ഒമാൻ പിന്തുണക്കും.
‘ഭാവി നഗര’ങ്ങൾക്ക് ധനസഹായം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ചർച്ച ചെയ്ത വിഷയങ്ങളെ സുൽത്താനേറ്റ് അഭിനന്ദിച്ചു. സുസ്ഥിര സാമ്പത്തിക വളർച്ച കൈവരിക്കുന്നതിൽ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ഒരു പ്രധാന പങ്ക് വഹിക്കും. സുൽത്താനേറ്റിന്റെ വികസന ലക്ഷ്യങ്ങളെ പിന്തുണക്കുന്നതായി ഒമാൻ വിഷൻ 2040, വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, നവീകരണം എന്നിവക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഈ സുപ്രധാന മേഖലകൾക്ക് സുസ്ഥിരമായ ധനസഹായം നൽകാനും വൈവിധ്യമാർന്ന അറിവ് കെട്ടിപ്പടുക്കുന്നതിനായി മനുഷ്യവിഭവശേഷിയിൽ നിക്ഷേപം നടത്താനും ഊന്നൽ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജി20 അംഗത്വം നേടിയ ആഫ്രിക്കൻ യൂനിയനെ അഭിനന്ദിച്ച അസദ്, ജി20 മീറ്റിങ്ങുകളുടെ അടുത്ത അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്ന ബ്രസീലിലെ സുൽത്താനേറ്റിന്റെ ആശംസകൾ നേരുകയും ചെയ്തു.
ഞായറാഴ്ച രാവിലെ ജി20 ഉച്ചകോടിക്കെത്തിയ അസദടക്കമുള്ള ലോക നേതാക്കൾ രാജ്ഘട്ടിലെത്തി മഹാത്മ ഗാന്ധിക്ക് ആദരമർപ്പിച്ചു. രാജ്ഘട്ടിലെത്തിയ ലോകനേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഇതിനു ശേഷമാണ് മോദിയുൾപ്പെടെ എല്ലാ ലോകനേതാക്കളും ചേർന്ന് മഹാത്മ ഗാന്ധിക്ക് ആദരമർപ്പിച്ചത്. എല്ലാ നേതാക്കളും ഒന്നിച്ച് പുഷ്പചക്രം അർപ്പിച്ച ശേഷം ഒരു മിനിറ്റ് മൗനം ആചരിച്ചു. ഇതാദ്യമായാണ് രാജ്ഘട്ടിൽ ഇത്രയും ലോകനേതാക്കൾ ഒത്തുചേർന്ന് ആദരമർപ്പിക്കുന്നത്.
‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന തലക്കെട്ടിലായിരുന്നു 18ാമത് ജി20 ഉച്ചകോടി നടന്നത്. കാലാവസ്ഥാമാറ്റം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കൽ, സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ത്വരിതഗതിയിലുള്ള പ്രയോഗവത്കരണം, ക്രിപ്റ്റോ കറൻസിക്ക് പൊതു ചട്ടക്കൂട് ഉണ്ടാക്കൽ, അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളുടെ പരിഷ്കരണം തുടങ്ങിയ വിഷയങ്ങളിലെല്ലാം ജി20 ഉച്ചകോടിയിൽ ക്രിയാത്മക ചർച്ചകൾ നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.