ഗസ്സ: ജി.സി.സി അടിയന്തര യോഗം ഇന്ന് ഒമാനിൽ
text_fieldsമസ്കത്ത്: ഗസ്സയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്നതിനായി ജി.സി.സി മന്ത്രിതല സമിതിയുടെ 43-ാമത് യോഗം ചൊവ്വാഴ്ച ഒമാനിൽ ചേരും. നിലവിൽ ജി.സി.സി പ്രസിഡന്‍റ് സ്ഥാനത്തുള്ള ഒമാന്‍റെ അഭ്യർഥനയെ തുടർന്നാണ് അടിയന്തര യോഗം ചേരുന്നതെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസെം മുഹമ്മദ് അൽബുദൈവി പറഞ്ഞു. ഗാസ മുനമ്പിലെ സംഭവവികാസങ്ങളെയും ഇസ്രായേലിന്‍റെ ലംഘനങ്ങളെയും കുറിച്ച് ജി.സി.സി അംഗരാജ്യങ്ങളുമായി ചർച്ചയും കൂടിയാലോചനയും നടത്താനാണ് ഈ അടിയന്തര യോഗം ലക്ഷ്യമിടുന്നതെന്ന് ജി.സി.സി സെക്രട്ടറി ജനറൽ പറഞ്ഞു.
അതിനിടെ, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, യുനൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ നിയർ ഈസ്റ്റ് (യു.എൻ.ആർ.ഡബ്ല്യു.എ) കമീഷണർ ജനറൽ ഫിലിപ്പ് ലസാരിനിയുമായി ഫോൺ വിളിച്ചു. ഗസ്സ മുനമ്പിലേക്ക് മാനുഷികവും ദുരിതാശ്വാസ സഹായവും വിതരണം ചെയ്യുന്നത് ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നിലനിർത്തേണ്ടതിന്‍റെ പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.
ഫലസ്തീനിലെ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് സിറിയൻവിദേശകാര്യ മന്ത്രി ഡോ. ഫൈസൽ അൽ മിഖ്ദാദ്, ഈജിപ്ത് വിദേശകാര്യ മന്ത്രി സമേഹ് ഷൗക്രി എന്നിവർ ഫോണിലൂടെ ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽബുസൈമാരുമായും ചർച്ച ചെയ്തു.
ഗസ്സയിലെ ജനങ്ങളുടെ മാനുഷിക ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ആക്രമണം അവസാനിപ്പിക്കുന്നതിനുമുള്ള പ്രാദേശികവും അന്താരാഷ്ട്ര നീതിയുടെയും അടിസ്ഥാനത്തിൽ സമാധാന മാർഗം അവലംബിക്കേണ്ടതിന്‍റെ പ്രാധാന്യവും അവർ ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.