ഗസ്സ: അടിയന്തരമായി വെടിനിർത്തണം-ഒമാൻ
text_fieldsമസ്കത്ത്: ഇറാന്റെ തലസ്ഥാനമായ തഹ്റാനിൽ നടന്ന ഫലസ്തീനിനെ സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തിൽ ഒമാൻ പങ്കെടുത്തു. ഇറാൻ പ്രസിഡന്റ് ഡോ. ഇബ്രാഹിം റഈസിയുടെ കാർമികത്വത്തിലായിരുന്നു പരിപാടികൾ. ഒമാൻ പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രാലയത്തിന്റെ പൊളിറ്റിക്കൽ അഫയേഴ്സ് അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ ബിൻ അലി അൽ ഹർത്തിയായിരുന്നു നയിച്ചിരുന്നത്. ഗസ്സ മുനമ്പിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ അപലപിച്ച ഒമാൻ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടുകയും മാനുഷിക സഹായം അനുവദിക്കുകയും ചെയ്യണമെന്ന് കോൺഫറൻസിൽ സംസാരിച്ച അൽഹർത്തി പറഞ്ഞു.
അന്താരാഷ്ട്ര നിയമവും മാനുഷിക മൂല്യങ്ങളും തത്വങ്ങളും മാനദണ്ഡങ്ങളും മറികടന്നു ഫലസ്തീൻ ജനതക്കെതിരായി ഇസ്രായേൽ നടത്തുന്ന വംശഹത്യയെ ന്യായീകരിക്കാൻ ഉപയോഗിക്കുന്ന എല്ലാകാരണങ്ങളും തള്ളിക്കളയുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗസ്സ മുനമ്പിലെ ഇസ്രായേൽ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് സമ്മേളനം ചർച്ച ചെയ്തു. ഫലസ്തീൻ ജനതക്ക് അവരുടെ നിയമാനുസൃതമായ അവകാശങ്ങൾ നേടിയെടുക്കാനും 1967ലെ കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി സ്വതന്ത്ര രാജ്യം സ്ഥാപിക്കാനുള്ള അവരുടെ അവകാശത്തിനു പിന്തുണ അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.