ഗസ്സ: ചർച്ചകൾ സജീവമാക്കി ഒമാൻ
text_fieldsമസ്കത്ത്: ഗസ്സയിലെ ഇസ്രായേൽ ആക്രമണവുമായി ബന്ധപ്പെട്ട് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും ഇറാൻ വിദേശകാര്യ മന്ത്രി ഡോ. ഹുസൈൻ അമീർ അബ്ദുല്ലാഹിയാനിയും ഫോണിൽ സംസാരിച്ചു. ഗസ്സയിലെ ഇസ്രായേൽ സൈനിക ആക്രമണം, സാധാരണക്കാരായ ആളുകളുടെ മരണം, ആശുപത്രികളും സ്കൂളുകളും ഉൾപ്പെടെയുള്ള പൊതുസൗകര്യങ്ങളുടെ നാശം എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൈമാറി.
പരിക്കേറ്റവരെ ചികിത്സിക്കുന്നതിനും ജനങ്ങൾക്ക് അടിയന്തര ജീവിത സാമഗ്രികൾ എത്തിക്കുന്നതിനും സുപ്രധാന സൗകര്യങ്ങൾ നൽകുന്നതിനുമുള്ള ചുമതലകൾ നിർവഹിക്കാൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അനുവദിക്കണമെന്നും ഇരു മന്ത്രിമാരും ആവശ്യപ്പെട്ടു. അധിനിവേശം അവസാനിപ്പിച്ച് സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെ ഫലസ്തീൻ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിന് നയതന്ത്ര, രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകേണ്ടതിന്റെയും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കേണ്ടതിന്റെയും പ്രാധാന്യവും അവർ ഊന്നിപ്പറഞ്ഞു.
ഗസ്സയിലെ നിലവിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയും ജപ്പാൻ വിദേശകാര്യ മന്ത്രി യോകോ കാമികാവയുമായും ഫോണിൽ സംസാരിച്ചു. മാനുഷിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും കൂടുതൽ സിവിലിയൻ മരണങ്ങൾ തടയുന്നതിനും ഗസ്സയിൽ അടിയന്തര കരാർ ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരുവരും സംസാരിച്ചു. ദ്വിരാഷ്ട്ര പരിഹാരം, അന്താരാഷ്ട്ര നിയമങ്ങൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഫലസ്തീൻ പ്രശ്നത്തിന് അന്തിമവും ശാശ്വതവുമായ പരിഹാരം കണ്ടെത്തുന്നതിനെ കുറിച്ച് ഇരുവരും അടിവരയിട്ട് പറഞ്ഞു.
ഒമാനും ജപ്പാനും തമ്മിലുള്ള സൗഹൃദപരവും സഹകരണപരവുമായ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വാണിജ്യ, സാമ്പത്തിക, ടൂറിസം പങ്കാളിത്തത്തിന് പിന്തുണ അറിയിച്ച മന്ത്രിമാർ, വിവിധ മേഖലകളിൽ വിനിമയവും സഹകരണവും വിപുലീകരിക്കുന്നതിനുള്ള വഴികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.