ജി.സി.സി ഏകീകൃത ടൂറിസ്റ്റ് വിസ: കൂടിയാലോചനകൾ തുടരുന്നു -മന്ത്രി
text_fieldsമസ്കത്ത്: ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ഏകീകൃത ടൂറിസ്റ്റ് വിസ സംബന്ധിച്ച കൂടിയാലോചനകൾ തുടരുകയാണെന്ന് പൈതൃക-ടൂറിസം മന്ത്രി മന്ത്രി സാലിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി പറഞ്ഞു. ഒമാനും സൗദി അറേബ്യയും തമ്മിലുള്ള സംയുക്ത ടൂറിസം പ്രോത്സാഹനം വർധിപ്പിക്കുന്നതിനുള്ള കരാറിനുപുറമെ ചില കാര്യങ്ങൾക്ക് കൂടി അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാർത്താവിതരണ മന്ത്രാലയം സംഘടിപ്പിച്ച ഒമാൻ ആൻഡ് വേൾഡ് സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുൽത്താനേറ്റ് 103 രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ രഹിത പ്രവേശനം വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രാലയത്തിന്റെ നിക്ഷേപ വിഭാഗമായ ഒമ്രാൻ ഗ്രൂപ്പുമായി സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെയും തന്ത്രപരമായ പങ്കാളിത്തത്തിലൂടെയും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയങ്ങളിൽ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. വ്യതിരിക്തമായ ടൂറിസം അനുഭവങ്ങൾ നൽകുന്ന ആയിരത്തിലധികം ഹോട്ടൽ സൗകര്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
മാരിടൈം ഹിസ്റ്ററി മ്യൂസിയം പദ്ധതി നാല് വർഷത്തിനുള്ളിൽ പൂർത്തിയാക്കും. ഒമാനി സമുദ്ര പൈതൃകത്തിന്റെ സമ്പന്നതയും അതിന്റെ ചരിത്രപരമായ പദവിയും പ്രതിഫലിപ്പിക്കുന്നതായിരിക്കുമിത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അഞ്ച് സൈറ്റുകൾ സുൽത്താനേറ്റിനുണ്ട്. കൂടാതെ സാഹസിക വിനോദസഞ്ചാരത്തിനുള്ള ഒരു കേന്ദ്രമാകാനുള്ള സാധ്യതയും സുൽത്താനേറ്റിലുണ്ട്. സാഹസിക വിനോദ സഞ്ചാരികൾക്കായി സർക്കാർ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ തയാറാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷത്തിന്റെ ആദ്യപാദത്തിൽ 2.3 ദശലക്ഷം സന്ദർശകരാണ് ഒമാനിലെത്തിയത്. മുൻവർഷത്തെ ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 2.4 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. 2023ൽ 2.2 ദശലക്ഷം ആളുകളാണ് സന്ദർശകരായി ഉണ്ടായിരുന്നത്. ഇമാറാത്തികൾ (714,636), ഇന്ത്യക്കാർ (3,67,166), യമനികൾ (1,39,354), ജർമൻകാർ (79,439) എന്നിവരാണ് കഴിഞ്ഞവർഷമെത്തിയ സന്ദർശകരിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ വരുന്നത്.
33,53,777 ഒമാനികളും 506,121 ഇന്ത്യക്കാരും 302351 പാകിസ്ഥാനികളും 171,799 ബംഗ്ലാദേശികളും 131,575 യമനികളും ഉൾപ്പെടെ 4.7 ദശലക്ഷം ആളുകൾ ഇതേ കാലയളവിൽ രാജ്യത്തുനിന്ന് പുറത്തേക്ക് പോകുകയും ചെയ്തു. ഒമാനിലെ ത്രീ സ്റ്റാർ, ഫൈവ്സ്റ്റാർ ഹോട്ടലുകളിലായി 3,361 ഒമാനികളും 6,843 പ്രവാസികളും ജോലി ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.