ജി.സി.സി ഗെയിംസ്: സ്വർണത്തിലേക്ക് കാഞ്ചി വലിച്ച് ഒമാൻ
text_fieldsമസ്കത്ത്: കുവൈത്തിൽ നടക്കുന്ന ജി.സി.സി ഗെയിംസിൽ ഷൂട്ടിങ്ങിൽ സുൽത്താനേറ്റ് രണ്ട് സ്വർണമെഡൽ നേടി. ശൈഖ് സബാഹ് അൽ അഹമ്മദ് ഷൂട്ടിങ് കോംപ്ലക്‌സിൽ ബുധനാഴ്ച നടന്ന പുരുഷന്മാരുടെ 10 മീ. എയർ റൈഫിൾ മത്സരത്തിൽ സലിം അൽ നബിയാണ് ഒമാന് വേണ്ടി ആദ്യം സ്വർണ മെഡൽ കരസ്ഥമാക്കിയത്. ഫൈനലിൽ 17-11 ന് യു.എ.ഇ യുടെ ഇബ്രാഹിം അലിയയാണ് പരാജയപ്പെടുത്തിയത്.
ഒമാന്റെ ഒളിമ്പിക് ഷൂട്ടർ ഇസ്സാം അൽ ബലൂഷി വെങ്കലവും നേടി. പുരുഷന്മാരുടെ 25 മീ. റാപ്പിഡ് ഫയർ പിസ്റ്റളിലാണ് ഒമാൻ രണ്ടാം സ്വർണത്തിലേക്ക് വെടിയുതിർത്തത്. ഈ ഇനത്തിൽ സുൽത്താനേറ്റിന്‍റെ മുആദ് അൽ ബലൂഷിയാണ് 23 പോയന്റുമായി സ്വർണമെഡൽ കരസ്ഥമാക്കിയത്. ബഹ്‌റൈൻ ഷൂട്ടർമാരായ അബ്ദുൽ മജീദ് അബ്ദുൽഖാലിഖ്, അബ്ദുല്ല റഹ്മ എന്നിവരാണ് യഥാക്രമം വെള്ളി, വെങ്കല മെഡൽ ജേതാക്കൾ.
അതേസമയം ഗെയിംസിൽ ഇതുവരെ ഏഴ് സ്വർണവും നാല് വെള്ളിയും എട്ട് വെങ്കലവുമായി 19 മെഡൽ നേടിയ ഒമാൻ അഞ്ചാം സ്ഥാനത്താണുള്ളത്. 17 സ്വർണവും 14 വെള്ളിയും ഏഴ് വെങ്കലവുമായി 38 മെഡലുകൾ നേടി ബഹ്റൈൻ ഒന്നാം സ്ഥാനത്ത് തുടരുന്നു. 13 സ്വർണവും 13 വെള്ളിയും 14 വെങ്കലവുമായി 41 മെഡലുകൾ നേടി ആതിഥേയരായ കുവൈത്ത് രണ്ടാം സ്ഥാനത്താണ്. 10 സ്വർണവും പത്ത് വെള്ളിയും എട്ട് വെങ്കലവുമായി 28 മെഡൽ നേടിയ ഖത്തറാണ് മൂന്നാമത്.
ഏഴ് സ്വർണവും എട്ട് വെള്ളിയും 14 വെങ്കലവുമായി 29 മെഡൽ നേടിയ സൗദി നാലാമതും മൂന്ന് സ്വർണവും അഞ്ച് വെള്ളിയും ഒരു വെങ്കലവും നേടിയ യു.എ.ഇ ആറാം സ്ഥാനത്തുമാണുള്ളത്. കുവൈത്ത്, യു.എ.ഇ, സൗദി, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിൽനിന്നുള്ള 1700ലധികം പുരുഷ, വനിത കായിക താരങ്ങളാണ് മാറ്റുരക്കുന്നത്. ഹാൻഡ് ബാൾ, വോളിബാൾ, ബാസ്കറ്റ്ബാൾ, ഫുട്സാൽ, നീന്തൽ, അത്‍ലറ്റിക്സ്, കരാട്ടേ, ജൂഡോ, ഫെൻസിങ്, ഷൂട്ടിങ്, ടെന്നീസ്, സൈക്ലിങ്, ഐസ് ഹോക്കി, ടേബിൾ ടെന്നീസ്, പാഡെൽ, ഇലക്ട്രോണിക് സ്പോർട്സ് എന്നിങ്ങനെ 16 ഇനങ്ങളിലാണ് മത്സരം.
ജി.സി.സി ഗെയിംസിൽ ആദ്യമായി ഫുട്സാൽ, ബൈസിക്ലിങ്, അത്ലറ്റിക്സ്, ടേബിൾ ടെന്നീസ്, ബാസ്കറ്റ്ബാൾ, ഇലക്ട്രോണിക് ഗെയിംസ് എന്നിവയിൽ വനിതകൾക്കും മത്സരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.