ജി.സി.സി ഹെൽത്ത് പാസ്പോർട്ട് ആലോചനയിൽ
text_fieldsമസ്കത്ത്: കോവിഡ് സാഹചര്യത്തിൽ ഏകീകൃത ജി.സി.സി ഹെൽത്ത് പാസ്പോർട്ട് ആലോചനയിലാണെന്ന് ഡിസീസസ് സർവൈലൻസ് വിഭാഗം ഡയറക്ടർ ജനറൽ ഡോ.സാലിം അൽ അബ്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇത് സംബന്ധിച്ച തീരുമാനം അടുത്തയാഴ്ചകളിലായി ഉണ്ടാകും. കോവിഡ് വാക്സിൻ സ്വീകരിച്ചവരാണെങ്കിലും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ ഇളവില്ലെന്നും ഡോ. അബ്രി പറഞ്ഞു.
സ്കൂളുകളിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യമുണ്ടായിട്ടുണ്ട്. പരിശോധനയിൽ പുറത്തുനിന്നാണ് രോഗം പടർന്നതെന്ന് കണ്ടെത്തി. മുഖാവരണം ധരിക്കാത്തതും സാമൂഹിക അകലം പാലിക്കാത്തതുമടക്കം കാരണങ്ങളാലാണ് ഇവർക്ക് രോഗം ബാധിച്ചത്. വാക്സിൻ മതിയായ അളവിൽ ലഭിച്ചുകഴിഞ്ഞാൽ അധ്യാപകരെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് ഡോ. അബ്രി പറഞ്ഞു. നിലവിൽ മുതിർന്നവർക്ക് വാക്സിൻ നൽകുന്നതിനാണ് മുൻഗണന. ജനുവരിയിൽ രോഗബാധിതരായ 75 ശതമാനം പേർക്കും യാത്രയിൽ നിന്നാണ് രോഗം പടർന്ന് കിട്ടിയതെന്നും ഡോ.അബ്രി പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ 1099 എന്ന ടോൾഫ്രീ നമ്പർ സജ്ജീകരിച്ചതായി വാർത്താസമ്മേളനത്തിൽ സംബന്ധിച്ച റോയൽ ഒമാൻ പൊലീസ് പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റ് വക്താവ് മേജർ മുഹമ്മദ് ബിൻ സലാം അൽ ഹാഷ്മി പറഞ്ഞു. ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്നത് ഉറപ്പാക്കാൻ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. നിയമ ലംഘകരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.