ജി.സി.സി ഉച്ചകോടി: വിവിധ മേഖലകളിലെ സഹകരണത്തിന് ഒമാന്റെ പിന്തുണ ആവർത്തിച്ച് ഉപപ്രധാനമന്ത്രി
text_fieldsമസ്ത്ത്: ജി.സി.സി അംഗരാജ്യങ്ങൾ തമ്മിലെ ഐക്യം ശക്തിപ്പെടുത്തുന്നതിന് ഇത്തരം യോഗങ്ങൾ പതിവായി നടത്തേണ്ടുതുണ്ടെന്ന് മന്ത്രിസഭ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ്. കുവൈത്തിൽ നടന്ന ജി.സി.സി ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോളതലത്തിൽ കൗൺസിലിന്റെ സ്ഥാനം വർധിപ്പിക്കുന്നതിൽ ഈ യോഗങ്ങൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്. വെല്ലുവിളികളെ കൂടുതൽ ഫലപ്രദമായി അഭിമുഖീകരിക്കാനും എല്ലാ അംഗരാജ്യങ്ങളും കൂടുതൽ പുരോഗതിയും സമൃദ്ധിയും കൈവരിക്കാനും ഇത് പ്രാപ്തമാക്കുന്നുണ്ട്.
മേഖലയിലെ സുരക്ഷയും സ്ഥിരതയും ഏകീകരിക്കാനും നിലവിലെ പ്രശ്നങ്ങളിൽ സജീവമായി ഇടപഴകാനുമുള്ള രാജ്യത്തിന്റെ ദൃഢനിശ്ചയത്തെക്കുറിച്ച് അടിവരയിട്ട് പറഞ്ഞ സയ്യിദ് ഫഹദ്, സഹകരണത്തിന്റെ എല്ലാ മേഖലകളിലും സംയുക്തശ്രമങ്ങൾ തുടരുന്നതിനുള്ള ഒമാന്റെ പ്രതിബദ്ധത ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.
നേരത്തേ കുവൈത്തിലെത്തിയ ഉപപ്രധാനമന്ത്രി, ജി.സി.സി അംഗരാജ്യങ്ങളുടെ നേതാക്കൾക്ക് സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഹൃദയംഗമമായ ആശംസകൾ സയ്യിദ് ഫഹദ് അറിയിക്കുകയും ചെയ്തു. ഉച്ചകോടിയുടെ വിജയത്തിനും കുവൈത്തിനും അതിന്റെ നേതൃത്വത്തിനും ജനങ്ങൾക്കും തുടർന്നും പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയുള്ള സുൽത്താന്റെ ആശംസകളും നേർന്നു.
സാമ്പത്തിക, സാമൂഹിക, നിയമനിർമാണ, ശാസ്ത്രമേഖലകളിൽ സഹകരണ കൗൺസിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്ന് ജി.സി.സി സ്ഥാപിതമായതു മുതൽ കൈവരിച്ച നാഴികക്കല്ലുകൾ എടുത്തുകാണിച്ച് സയ്യിദ് ഫഹദ് അഭിപ്രായപ്പെട്ടു. ഈ നേട്ടങ്ങൾ നിലനിർത്തുന്നതിനും ഗൾഫ് അംഗങ്ങൾക്കിടയിൽ ഏകീകരണം വർധിപ്പിക്കുന്നതിനും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
ജി.സി.സി ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രിസഭ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദിനും പ്രതിനിധി സംഘത്തിനും ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്. വിമാനത്താവളത്തിലെ അമീരി ടെർമിനലിൽ കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവർ നേരിട്ടെത്തി സ്വീകരിച്ചു.
ഉപപ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് അൽ സൗദ് അസ്സബാഹ്, അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ്, ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെരീദ അൽ മൗഷർജി, ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും വിമാനത്താവളത്തിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.