ജി.സി.സി ട്രാഫിക് പിഴ: ആർ.ഒ.പി വഴി പരാതിപ്പെടാം
text_fieldsമസ്കത്ത്: ജി.സി.സി രാജ്യങ്ങളിൽ ട്രാഫിക് പിഴകൾക്ക് ഏകീകൃത രൂപമാണെന്നും പിഴകളിൽ പരാതിയുള്ളവർക്ക് റോയൽ ഒമാൻ പൊലീസ് വഴി നൽകാമെന്നും അധികൃതർ വ്യക്തമാക്കി. ട്രാഫിക് പിഴ ശരിയല്ലെന്നോ അല്ലെങ്കിൽ ഗതാഗത കുറ്റകൃത്യങ്ങൾ ചെയ്തിട്ടില്ലെന്നോ തോന്നുകയാണെങ്കിൽ ഇത്തരക്കാർക്കു റോയൽ ഒമാൻ പൊലീസിന്റെ ട്രാഫിക് വിഭാഗം വഴി പരാതിനൽകാവുന്നതാണ്. എന്നാൽ ഇതിന് പരിഹാരം ലഭിക്കാൻ കാലതാമസം പിടിക്കും. ഇത്തരക്കാർക്ക് പിഴ ലഭിച്ച ജി.സി.സി രാജ്യങ്ങളിൽ നേരിട്ട് പോയി പരാതിയും നൽകാവുന്നതാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
ഇത്തരം ഗതാഗത നിയമ ലംഘനങ്ങൾ ഒഴിവാക്കാൻ മറ്റ് ജി.സി.സി രാജ്യങ്ങളിലേക്ക് യാത്ര പുറപ്പെടുന്നതിനു മുമ്പ് അവിടുത്തെ നിയമങ്ങൾ മനസ്സിലാക്കിയിരിക്കണമെന്ന് റോയൽ ഒമാൻ പൊലിസ് ആവശ്യപ്പെട്ടു. പിഴകൾ ആർ.ഒ.പി വെബ്സൈറ്റ് വഴിയും അടക്കാവുന്നതാണ്.
അതിനിടെ യു.എ.ഇയിൽ യാത്ര ചെയ്ത ചിലർക്ക് നൂറുകണക്കിന് റിയാൽ പിഴ വീണതായി സാമൂഹ മാധ്യമങ്ങളിൽ പരാതികൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണു വിശദീകരണവുമായി ആർ.ഒ.പി എത്തിയിരിക്കുന്നത്. നിരവധി വർഷങ്ങളിലെ യാത്രക്കിടെ ആദ്യമായാണ് പിഴ ലഭിക്കുന്നതെന്നും ഇത്തരക്കാർ പറയുന്നു. വാഹനം രജിസ്ട്രേഷൻ പുതുക്കാൻ സമയമെടുത്തവർക്ക് ഇത്തരം പിഴകൾ വലിയ ബാധ്യതയാണ്. പിഴ അടച്ചു തീർത്താൽ മാത്രമേ ഇത്തരക്കാർക്ക് രജിസ്ട്രേഷൻ പുതുക്കാൻ കഴിയുകയുള്ളൂ.
ചില ജി.സി.സി രാജ്യങ്ങളിൽ സ്മാർട്ട് റഡാറുകൾ നിലവിലുണ്ട്. വാഹനം ഓടിക്കുമ്പോൾ ഫോൺ ചെയ്യുന്നതും ട്രാക്കുകൾ മാറുന്നതിനും ഇത്തരം റഡാറുകൾ ഒപ്പിയെടുക്കുകയും പിഴയീടാക്കുകയും ചെയ്യുന്നുണ്ട്.
ഒമാനിൽ ഇത് പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോൾ സ്മാർട്ട് റഡാറുകൾ പ്രവർത്തിക്കുന്നത്. ചില ജി. സി.സി രാജ്യങ്ങളിലെ ഗതാഗത പിഴകൾ വർധിക്കാൻ ഇത്തരം സ്മാർട്ട് റഡാറുകളും കാരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.