ഉപഭോക്താക്കൾക്ക് ഉദാരമായ വായ്പ; മുന്നറിയിപ്പുമായി സി.ബി.ഒ
text_fieldsമസ്കത്ത്: ഉപഭോക്താക്കൾ കടക്കെണിയിലായേക്കാവുന്ന ഉദാരമായ വായ്പ വിതരണത്തിനെതിരെ ബാങ്കുകൾക്ക് മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സി.ബി.ഒ). ഉപഭോക്താക്കളുടെ വരുമാന സ്രോതസ്സുകളുമായും തിരിച്ചടക്കാനുള്ള കഴിവുമായും പൊരുത്തപ്പെടാത്ത വിധത്തിൽ വായ്പകൾ നൽകരുത്.
ബാങ്കിങ് സേവനങ്ങൾ നൽകുമ്പോൾ, ഉപഭോക്താക്കൾക്കും വായ്പയെടുക്കുന്നവർക്കും പ്രസക്തമായ എല്ലാ വിശദാംശങ്ങളും വ്യക്തവും സുതാര്യമായും വിശദീകരിക്കണം, അത് ഉപഭോക്താക്കൾക്ക് നല്ല രീതിയിൽ വായ്പയെടുക്കാൻ സഹായകമാകും.
കഴിഞ്ഞ പത്തു വർഷത്തിനിടെ ഒമാനിൽ ഗാർഹിക കടബാധ്യതയിൽ ഗണ്യമായ വർധനയുണ്ടായ സാഹചര്യത്തിലാണ് സി.ബി.ഒയുടെ മുന്നറിയിപ്പ്. മൊത്തം ബാങ്ക് വായ്പയുടെ 40 ശതമാനത്തോളം കുടുംബങ്ങൾക്ക് നൽകിയ കടമാണെന്ന് സി.ബി.ഒയുടെ 2022ലെ ഏറ്റവും പുതിയ സാമ്പത്തിക സ്ഥിരത റിപ്പോർട്ടിൽ പറയുന്നു.
2014ൽ 7.3 ശതകോടി റിയാലായിരുന്നു കുടുംബങ്ങൾക്ക് നൽകിയ വായ്പ. 2019ൽ ഇത് 10.3 ശതകോടി റിയാലിലേക്ക് ക്രമാനുഗതമായി വളർന്നു. 2021ലെ ബാങ്കുകളുടെ മൊത്തം വായ്പയുടെ 38 ശതമാനവും കുടുംബങ്ങൾക്ക് നൽകിയതാണെന്നും റിപ്പോർട്ടിൽ പറയുന്നു.സമീപകാല മഹാമാരി കാലത്തെ മാന്ദ്യത്തിനുശേഷം, 2021ൽ ഗാർഹിക വായ്പകൾ 2.8 ശതമാനമായാണ് ഉയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.