ദോഫാറിൽ ഇഞ്ചികൃഷി പദ്ധതിക്ക് തുടക്കം
text_fieldsമസ്കത്ത്: ദോഫാർ ഗവർറേറ്റിൽ ഇഞ്ചികൃഷി പദ്ധതിക്ക് തുടക്കം. അഗ്രികൾച്ചറൽ ആൻഡ് ഫിഷറീസ് ഡെവലപ്മെന്റ് ഫണ്ടിന്റെ സഹായത്തോടെ റക്യുത്, ധാൽകൂത്ത് എന്നിവിടങ്ങളിലാണ് ആദ്യഘട്ടം നടപ്പാക്കുന്നത്. ദോഫാർ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് അഗ്രികൾച്ചർ, ഫിഷറീസ് ആൻഡ് വാട്ടർ റിസോഴ്സിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്നത്.
30 കർഷകരുടെ ഇഞ്ചി കൃഷിയുടെ ആദ്യ ഘട്ടം ജൂണിൽ മൂന്ന് ഏക്കർ സ്ഥലത്താണ് തുടങ്ങിയത്. 20 മുതൽ 30 ടൺ വരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വർഷം ഫെബ്രുവരിയിൽ വിളവെടുപ്പ് നടത്തുമെന്ന് ദോഫാർ ഗവർണറേറ്റിലെ അഗ്രികൾച്ചറൽ വെൽത്ത്, ഫിഷറീസ്, ജലവിഭവ വകുപ്പ് ജനറൽ ഡയറക്ടറേറ്റിലെ കാർഷിക വികസന വകുപ്പ് ഡയറക്ടർ പറഞ്ഞു.
റക്യുത്, ധാൽകൂത്ത് എന്നിവിടങ്ങളിലെ കർഷകർക്ക് നിലമൊരുക്കുന്നതിനും ആധുനിക ജലസേചന സംവിധാനം സ്ഥാപിക്കുന്നതിനും നടീൽ ആരംഭം മുതൽ വിളവെടുപ്പ് വരെയുള്ള തുടർനടപടികൾക്കും സാങ്കേതിക പിന്തുണയും മാർഗനിർദേശവും നൽകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദോഫാർ ഗവർണറേറ്റിൽ തുടർച്ചയായി മൂന്നാം വർഷവും നടപ്പാക്കുന്ന മഞ്ഞൾ കൃഷി പദ്ധതിയുടെ വിജയത്തെ തുടർന്നാണ് ഇഞ്ചികൃഷി പദ്ധതി നടപ്പാക്കിയത്.
ഇഞ്ചി വാങ്ങാനും ഭാവിയിൽ വിപണനം ചെയ്യാനും സ്വകാര്യമേഖലയിൽ ഉൽപന്നം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രോജക്ട് മാനേജ്മെന്റ് ടീം പ്രവർത്തിക്കുമെന്നും ഡയറക്ടറേറ്റ് കർഷകർക്ക് സബ്സിഡി നിരക്കിൽ ഇഞ്ചി വേരുകൾ വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദോഫാർ ഗവർണറേറ്റിലെ മലനിരകളിൽ ഇഞ്ചി കൃഷിചെയ്യാൻ കർഷകരെ പ്രേരിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. സാമ്പത്തിക മൂല്യം കൂടുതലുള്ളതും ആരോഗ്യ -പോഷകാഹാര ഗുണങ്ങളുള്ളതുമായ ഒരു വിളയായതിനാൽ ഇതിന് പ്രാദേശികമായും ആഗോളതലത്തിലും ആവശ്യക്കാരെറെയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.