ഗ്ലോബല്‍ മണി എക്സ്ചേഞ്ചിന്റെ സേവനം സലാല അന്താരാഷ്ട്ര വിമാനത്താവളത്തിലും
text_fieldsമസ്കത്ത്: രാജ്യത്തെ മുൻനിര പണമിടപാട് സ്ഥാപനമായ ഗ്ലോബല്‍ മണി എക്സ്ചേഞ്ചിന്റെ സേവനം ഇപ്പോള്‍ സലാല അന്താരാഷ്ട്ര വിമാനത്താവളത്തിലും ലഭിക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സെപ്റ്റംബര്‍ 25ന് പുതുതായി മൂന്നു പുതിയ ശാഖകള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സലാലയിലെ രാജ്യാന്തര ടൂറിസം മേഖലയെ പിന്തുണക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ശാഖകൾ തുറന്നിരിക്കുന്നത്. ഇതോടെ ഗ്ലോബല്‍ മണി എക്സ്ചേഞ്ചിന് ദോഫാറിൽ പത്തു ശാഖകളായി. മേഖലയില്‍തന്നെ ഏറ്റവും കൂടുതല്‍ ശാഖകളുള്ള മണി എക്സ്ചേഞ്ച് ആണ് ഗ്ലോബല്‍ മണിയെന്നും മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു.
2002ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തില്‍ ഒമാനില്‍ തുടക്കം കുറിച്ച സ്ഥാപനം ഇന്ന് രാജ്യത്തുടനീളം ശാഖകളുള്ള ഒന്നാം നമ്പര്‍ മണി എക്സ്ചേഞ്ച് സ്ഥാപനം ഉയർന്നിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. വിവിധ രാജ്യങ്ങളിലായി 35ലധികം ബാങ്കുകളുമായി ധനവിനിമയ ക്രമീകരണങ്ങളും പ്രശസ്തമായ അന്താരാഷ്ട്ര മണി ട്രാന്‍സ്ഫര്‍ ഏജന്റുമാരുടെ സേവനങ്ങളും ഗ്ലോബല്‍ മണിയുടെ പ്രത്യേകതയാണ്. നിലവിലുള്ള മൊബൈല്‍ ആപ്പിന് പകരം കൂടുതല്‍ ഫീച്ചറുകളോടെ പുതിയത് ഉടൻ പുറത്തിറക്കും. ഗ്ലോബല്‍ മണി എക്സ്ചേഞ്ച് ശാഖകളില്‍നിന്നും ലോകത്തിലെ എല്ലാ പ്രധാന കറന്‍സികളിലും ഇടപാടുകള്‍ നടത്തിവരുന്നു. ഇന്ത്യന്‍ പാസ്പോര്‍ട്ട് പുതുക്കുന്നതിനും ഇഷ്യു ചെയ്യുന്നതിനും സൗകര്യമുള്ള ഒമാനിലെ ഏക എക്സ്ചേഞ്ച് കമ്പനി കൂടിയാണ് ഗ്ലോബല്‍ മണി. തെരഞ്ഞെടുത്ത ഒമ്പതു ശാഖകളിൽ കൂടിയാണ് ഈ സേവനം ലഭ്യമാകുക. മസ്കത്ത് ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് തിരഞ്ഞെടുത്ത ശാഖകളില്‍ അറ്റസ്റ്റേഷന് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
2018 മുതല്‍ ആയിരക്കണക്കിന് പ്രവാസികള്‍ ഈ സേവനത്തിന്റെ പ്രയോജനം നേടിയിട്ടുണ്ടെന്നും അധികൃതർ ചൂണ്ടികാട്ടി. കേരള പ്രവാസി ക്ഷേമനിധിയിലേക്കുള്ള രജിസ്ട്രേഷനും ആനുകാലിക സബ്സ്ക്രിപ്ഷൻ പേയ്മെന്റുകളും എല്ലാ ശാഖകളിലൂടെയും ചെയ്യാൻ സാധിക്കും. സുൽത്താനേറ്റിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ കറന്‍സി എക്സ്ചേഞ്ച് ആവശ്യകത നിറവേറ്റുന്നതിനായി മത്ര സുല്‍ത്താന്‍ ഖാബൂസ് പോര്‍ട്ടിലും ഒമാനിലെ മുഴുവന്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും സാന്നിധ്യമുള്ള ഏക എക്സ്ചേഞ്ച് കൂടിയാണ് ഗ്ലോബല്‍ മണി. സ്വദേശികള്‍ക്ക് പരമാവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചുവരുകയാണ്. ഒമാൻ വിഷൻ 2040, സെൻട്രൽ ബാങ്ക് ഓഫ് ഒമാന്റെ വിവിധ ഡിജിറ്റൽ സംരംഭങ്ങൾ എന്നിവയുമായി ചേർന്ന് ഡിജിറ്റൽ സംവിധാനങ്ങൾക്ക് മുൻതൂക്കം നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് മാനേജിങ്ഡയറക്ടർ സുബ്രമണ്യൻ പറഞ്ഞു. ജനറല്‍ മാനേജര്‍ അമിത് താലൂക്ദര്‍, ബോര്‍ഡ് ഉപദേശകന് മദുസൂദനന്‍ ആര്, അഡ്മിനിസ്ട്രേഷന് തലവന്‍ സഈദ് സാലിം ഹസ്സന് അല്‍ ബലൂശി എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.