ഗോഫസ്റ്റ് പുനരാരംഭിക്കാൻ സാധ്യത; കണ്ണൂർ യാത്രക്കാർ പ്രതീക്ഷയിൽ
text_fieldsമസ്കത്ത്: ഗോ ഫസ്റ്റ് എയറിന്റെ സ്പെഷൽ ഓഡിറ്റ് റിപ്പോർട്ട് വിശകലനം നടത്തിയ ശേഷം സർവിസ് പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. ഇത് നിലവിൽ യാത്ര ദുരിതം ഏറെ സഹിക്കുന്ന മസ്കത്ത്-കണ്ണൂർ സെക്ടറിലെ യാത്രക്കാർക്ക് പ്രതീക്ഷ നൽകുന്നു. കണ്ണൂർ-മസ്കത്ത് റൂട്ടിലായിരുന്നു ഗോ ഫസ്റ്റ് ഏറ്റവും കൂടുതൽ സർവിസുകൾ നടത്തിയിരുന്നത്. ആഴ്ചയിൽ എല്ലാ ദിവസവും വിമാനമുണ്ടായിരുന്നതും ഏറെ സൗകര്യമുള്ള സമയക്രമവും ആയതിനാൽ യാത്രക്കാരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
താരതമ്യേന കുറഞ്ഞ ടിക്കറ്റ് നിരക്കുകളാണ് ഗോ ഫസ്റ്റ് ഈടാക്കിയിരുന്നത്. ഇതും യാത്രക്കാർക്ക് അനുഗ്രഹമായിരുന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഗോ ഫസ്റ്റിന്റെ സ്പേഷൻ സ്പെഷൽ ഓഡിറ്റ് റിപ്പോർട്ട് വിശകലനം നടത്തുകയാണ്. മുബൈ, ദില്ലി ടീമീകൾ തയ്യാറാക്കിയ ഓഡിറ്റ് റിപ്പോർട്ട് ഡയറക്ടറേറ്റ് ജനറൽ പരിശോധിച്ചു കഴിഞ്ഞു.
മൂന്നു ദിവസങ്ങളിലായാണ് ഓഡിറ്റ് പരിശോധന നടന്നത്. ഇനി റിപ്പോർട്ടുകൾ വിലയിരുത്തിയ ശേഷമാണ് എയർലൈനിന്റെ ഭാവി സംബന്ധമായ തീരുമാനം ഉണ്ടാവുക. വിമാന സർവിസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സുരക്ഷ സംബന്ധമായ വിഷയങ്ങളിലാണ് ഓഡിറ്റ് ഊന്നൽ നൽകുകയെന്ന് നേരത്തേ അധികൃതർ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം 28 സർവിസുകൾ പുനരാരംഭിക്കുന്നത് സംബന്ധമായ പദ്ധതികൾ ഗോ ഫസ്റ്റ് സമർപ്പിച്ചിരുന്നു. തൊട്ടടുത്ത ദിവസം മുംബൈയിലും ഡൽഹിയിലുമായി സ്പെഷൽ ഓഡിറ്റുകൾ നടത്താൻ പദ്ധതിയുള്ളതായി ഏവിയേഷൻ അധികൃതർ വ്യക്തമാക്കിയിരുന്നു.
ഈ മാസം നാലു മുതൽ ആറു വരെ എയർലൈൻസിന്റെ സുരക്ഷ സംബന്ധമായ കാര്യങ്ങൾ കേന്ദ്രീകരിച്ചുള്ള ഓഡിറ്റ് നടന്നതായി റിപ്പോർട്ടുണ്ട്. 22 വിമാനങ്ങളുമായി കഴിയും വേഗത്തിൽ വിമാന സർവിസുകൾ പുനരാരംഭിക്കാനാണ് ഗോ ഫസ്റ്റ് ലക്ഷ്യമിടുന്നത്. മസ്കത്ത്-കണ്ണൂർ സെക്ടറിൽ ഗോ ഫസ്റ്റ് സർവിസ് നിർത്തിയത് ഈ സെക്ടറിലെ യാത്രക്കാരെ പ്രതികൂലമായി ബാധിച്ചിരുന്നു. ദിവസേന സർവിസ് നടത്തുന്ന ഗോ എയർ നിർത്തിയതോടെ കണ്ണൂർ, കാസർകോട് ജില്ലക്കാർക്കൊപ്പം കോഴിക്കോട്, അതിർത്തി സംസ്ഥനങ്ങളിലെ യാത്രക്കാർ എന്നിവരും യാത്രാ ദുരിതത്തിലായിരുന്നു. ആഴ്ചയിൽ മൂന്ന് സർവിസ് നടത്തുന്ന എയർ ഇന്ത്യ മാത്രമാണ് ഇപ്പോൾ ഈ സെക്ടറിലുള്ളത്.
ഇതിന്റെ സർവിസ് വാരാന്ത്യ ദിവസങ്ങളിലില്ലാത്തതടക്കമുള്ള പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഇതോടെ യാത്രക്കാർ കോഴിക്കോട്, ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലേക്കും യാത്ര മാറ്റേണ്ടി വന്നിരുന്നു. ഇതോടെ കണ്ണൂർ വിമാനത്താവളത്തിൽ തിരക്കൊഴിയുകയും ചെയ്തു. പ്രശ്നം പരിഹരിക്കാനും കണ്ണൂരിൽനിന്നും സർവിസുകൾ വർധിപ്പിക്കാനും ഈ മേഖലയിലുള്ളവർ മുറവിളി കൂട്ടുന്നതിനിടയിലാണ് ഗോ ഫസ്റ്റ് സർവിസ് പുനരാരംഭിക്കാൻ ശ്രമിക്കുന്നതായുള്ള വാർത്തകൾ പരക്കുന്നത്. അതിനിടെ, സർവിസുകൾ റദ്ദാക്കിയതോടെ ടിക്കറ്റിന് നൽകിയ തുക തിരിച്ചു കിട്ടാത്ത പരാതികളും നിലനിൽക്കുന്നുണ്ട്. കടമ്പകൾ എല്ലാം മറികടന്ന് ഗോ എയർ സർവിസുകൾ പുനരാരംഭിക്കണമെന്ന പ്രാർഥനയിലാണ് കണ്ണൂർ യാത്രക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.