ഗോ ഫസ്റ്റ് സർവിസ് നിലച്ചിട്ട് രണ്ടു മാസം; ടിക്കറ്റ് തുക തിരിച്ചുകിട്ടാതെ യാത്രക്കാർ
text_fieldsസുഹാർ: സർവിസുകൾ റദ്ദാക്കിയ ഗോ ഫസ്റ്റ് വിമാനക്കമ്പനി ടിക്കറ്റ് തുക രണ്ടു മാസമായിട്ടും തിരികെ നൽകാത്തത് യാത്രക്കാർക്ക് പ്രയാസമാകുന്നു. ടിക്കറ്റ് എടുത്ത ട്രാവൽ കമ്പനിക്കെതിരെ കൺസ്യൂമർ കോടതിയിൽ കേസ് ഫയൽ ചെയ്യാൻ തയാറെടുക്കുകയാണ് യാത്ര മുടങ്ങിയവർ. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മേയ് ആദ്യ വാരം മുതലാണ് ഗോ ഫസ്റ്റിന്റെ സർവിസുകൾ റദ്ദാക്കിയത്. രണ്ടു മാസം പൂർത്തിയായിട്ടും വിമാന കമ്പനിയുടെ ഭാഗത്തുനിന്ന് ടിക്കറ്റ് തുക തിരിച്ചുനൽകാൻ ഒരു നീക്കവും നടന്നിട്ടില്ല.
ജൂലൈ ആറിന് സർവിസ് പുനരാരംഭിക്കും എന്ന അറിയിപ്പല്ലാതെ മറ്റൊന്നും വെബ്സൈറ്റിൽ ലഭ്യമല്ല. നിരവധി തവണ തീയതി മാറ്റി അറിയിപ്പുകൾ നൽകിവരുന്നുണ്ടെങ്കിലും സർവിസ് പുനരാരംഭിക്കുമെന്ന് കരുതുന്നില്ലെന്ന് ട്രാവൽ രംഗത്തുള്ളവർ പറയുന്നു. വിമാനം റദ്ദുചെയ്ത സമയത്ത് ബുക്ക് ചെയ്തിരുന്ന ടിക്കറ്റുകൾ അടുത്ത തീയതിയിലേക്ക് മാറ്റിനൽകാൻ വിമാനക്കമ്പനി അനുവദിച്ചെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ ഒരു സർവിസ് പോലും നടത്താൻ ഗോ ഫസ്റ്റിന് കഴിഞ്ഞില്ല.
ചില ട്രാവൽ ഏജൻസികൾ ഗോ ഫസ്റ്റിന്റെ ടിക്കറ്റ് തുകക്ക് അധികം വരുന്ന തുക മാത്രം വാങ്ങി മറ്റു വിമാനങ്ങളിൽ യാത്രക്കാർക്ക് സീറ്റ് തരപ്പെടുത്തി കൊടുത്തിരുന്നു. ഇങ്ങനെ ചെയ്ത ട്രാവൽ ഏജൻസികളും ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. വിമാന സർവിസ് നടത്താതിരുന്ന ടിക്കറ്റ് തുക ഗോ ഫസ്റ്റ് നൽകുമെന്ന വിശ്വാസത്തിലാണ് ട്രാവൽ ഏജൻസികൾ ഇങ്ങനെ ചെയ്തിരുന്നത്. ട്രാവൽ ഏജൻസികളിൽനിന്ന് വിളി വരുമ്പോഴാണ് ടിക്കറ്റ് തുക ഗോ ഫസ്റ്റ് നൽകിയിട്ടില്ലെന്ന കാര്യം അറിയുന്നത്. അന്നു ടിക്കറ്റെടുത്തവർക്ക് നിലവിൽ വലിയ ബാധ്യതയാണ് വന്നിരിക്കുന്നത്.
കുടുംബവുമായി യാത്ര ചെയ്തവർക്ക് അന്നത്തെ ഗോ ഫസ്റ്റിന്റെ ടിക്കറ്റ് നിരക്ക് അനുസരിച്ച് ഒരാൾക്ക് അമ്പത് റിയാൽവെച്ചു ഇപ്പോൾ ട്രാവൽസ് ഏജന്റിന് തിരിച്ചു കൊടുക്കണം. ഇതിനിടയിലാണ് ട്രാവൽ ഏജന്റിനെതിരെ കേസിനു പോകാൻ ചിലർ മുന്നോട്ടുവരുന്നത്. വിമാന കമ്പനിക്കെതിരെയാണ് പ്രതിഷേധവും പരാതിയും നൽകേണ്ടതെന്നും ഞങ്ങൾ വെറും ഏജന്റ് മാത്രമാണെന്നുമാണ് ട്രാവൽ ഏജന്റ് വൃത്തങ്ങൾ പറയുന്നത്. റദ്ദാക്കിയ സർവിസിന്റെ ടിക്കറ്റ് തുക പോയന്റ് ഓഫ് സെയിൽസ് വഴി തിരിച്ചുനൽകുമെന്നായിരുന്നു വിമാന കമ്പനി അധികൃതർ യാത്രക്കാർക്ക് നൽകിയ വിവരം.
ബാങ്ക് ട്രാൻസ്ഫർ, യു.പി.ഐ, ക്രെഡിറ്റ് കാർഡ് തുടങ്ങി ഏത് പോയന്റിലൂടെയാണോ ടിക്കറ്റ് തുക ഗോ ഫസ്റ്റിന് നൽകിയത്, അതേ സെയിൽസ് പോയന്റിലേക്ക് തുക തിരിച്ചുനൽകുമെന്നായിരുന്നു വിശദീകരണം. എന്നാൽ, ഇതുവരെയും തുക തിരിച്ചു നിക്ഷേപിച്ചിട്ടില്ല. വിറ്റ ടിക്കറ്റിന്റെ തുക ട്രാവൽ ഏജൻസികൾക്ക് ഗോ ഫസ്റ്റ് അനുവദിച്ച പോർട്ടലിൽതന്നെ തിരിച്ചു നിക്ഷേപിക്കുമെന്നാണ് പറഞ്ഞിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.