ഗോ ഫസ്റ്റ് സർവിസ് പുനരാരംഭിച്ചില്ല കണ്ണൂർ യാത്രാദുരിതം തുടരുന്നു
text_fieldsമസ്കത്ത്: കണ്ണൂർ യാത്രക്കാർക്ക് ഏറെ അനുഗ്രഹമായിരുന്ന ഗോ ഫസ്റ്റ് സർവിസ് നിർത്തിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പുനരാരംഭിച്ചില്ല. ഇതോടെ മസ്കത്ത്-കണ്ണൂർ സെക്ടറിൽ മാത്രം എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് രംഗത്തുള്ളത്. കണ്ണൂർ യാത്രക്കാർക്ക് ഇത് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഗോ ഫസ്റ്റ് ഒക്ടോബറിൽ സർവിസുകൾ പുനരാരംഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും അനിശ്ചിതമായി നീളുകയാണ്. നിലവിൽ കണ്ണൂരിൽനിന്ന് മസ്കത്തിലേക്കും തിരിച്ചും എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ അഞ്ചു സർവിസുകളാണ് നടത്തുന്നത്. ഞായർ, ചൊവ്വ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാണിവ.
ഇതെല്ലാം പകൽ സർവിസുകളുമാണ്. വാരാന്ത്യ അവധി ദിവസമായ വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ചയും സർവിസുകളില്ലാത്തതും യാത്രക്കാരെ പ്രയാസത്തിലാക്കുന്നതാണ്. ഇതുകാരണം കണ്ണൂരിൽനിന്നുള്ള യാത്രക്കാർപോലും വാരാന്ത്യങ്ങളിൽ വിമാന സർവിസുകളുള്ള മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കുകയാണ്. ഗോ ഫസ്റ്റ് ആഴ്ചയിൽ എല്ലാ ദിവസവും സർവിസ് നടത്തിയിരുന്നു. ഇതിന്റെ സമയക്രമവും യാത്രക്കാർക്ക് ഏറെ സൗകര്യമായിരുന്നു. താരതമ്യേന കുറഞ്ഞ നിരക്കുമാണ് ഈടാക്കിയിരുന്നത്.
അതിനാൽ കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലക്ക് പുറമെ മറ്റുള്ള യാത്രക്കാരും കണ്ണൂർ വിമാനത്താവളത്തെ ആശ്രയിച്ചിരുന്നു. ഇതോടെ വിമാനത്താവളങ്ങളിൽ നല്ല തിരക്കും അനുഭവപ്പെട്ടിരുന്നു. ഗോ ഫസ്റ്റ് സർവിസ് നിർത്തിയതോടെ മസ്കത്തിൽനിന്നുള്ള യാത്രക്കാരിൽ വലിയൊരു വിഭാഗം കണ്ണൂർ വിമാനത്താവളത്തെ ഒഴിവാക്കി. ഗോ ഫസ്റ്റ് സർവിസ് നിലച്ചതോടെ കണ്ണൂരിൽനിന്നു നിരക്കുകളും വർധിച്ചിരുന്നു. ഇതെല്ലാം കാരണം വിമാനത്താവളം അവഗണിക്കപ്പെടുകയാണെന്നാണ് കണ്ണൂർ സ്വദേശികൾ പരാതിപ്പെടുന്നു.
ഗോ ഫസ്റ്റ് പുനരാരംഭിക്കുന്നത് അനിശ്ചിതമായി നീളുകയാണെങ്കിൽ എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ എല്ലാ ദിവസവും സർവിസ് നടത്തണമെന്നും യാത്രാസമയം യാത്രക്കാർക്ക് അനുയോജ്യമായ രീതിയിൽ പുനഃക്രമീകരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. കണ്ണൂരിന് പുറമെ കാസർകോട് ജില്ലക്കും കർണാടകയിലെ രണ്ടു ഭാഗത്തെയും അതിർത്തി ഗ്രാമങ്ങളിലെ യാത്രക്കാർക്കും ഏറെ അനുഗ്രഹമാണ് കണ്ണൂർ വിമാനത്താവളം.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി വരെയുള്ള ഭാഗങ്ങളിലെ യാത്രക്കാരും കണ്ണൂരിനെ ആശ്രയിക്കുന്നുണ്ടായിരുന്നു. അതിനാൽ കണ്ണൂരിന്റെ നിലവിലെ അവസ്ഥ മാറാൻ അധികൃതർ എല്ലാ നടപടികളും സ്വീകരിക്കണമെന്നും വിദേശ വിമാന കമ്പനികൾക്ക് അനുവാദം നൽകണമെന്നും യാത്രക്കാർ പറയുന്നുണ്ട്.
നിലവിൽ കണ്ണൂരിലെ വിമാന സർവിസുകളുടെ അപാകത നിമിത്തം കണ്ണൂരിൽ തന്നെയുള്ള നിരവധി പേർ മറ്റു വിമാനത്താവളങ്ങളിലാണ് ഇറങ്ങുന്നത്. കോഴിക്കോട് അടക്കമുള്ള വിമാനത്താവളങ്ങളിൽ ഇറങ്ങിയാൽ മണിക്കൂറുകൾ യാത്ര ചെയ്താണ് സ്വന്തം വീടുകളിൽ എത്താൻ കഴിയുക. വാടകക്ക് വാഹനം വിളിക്കുകയാണെങ്കിൽ നല്ല സംഖ്യതന്നെ നൽകേണ്ടിവരും.
അതിനാൽ സ്വന്തമായി വാഹനമില്ലാത്ത പലരും ബസിലും ട്രെയിനിലുമൊക്കെ കയറിയാണ് വീടണയുന്നത്. കണ്ണൂരിൽനിന്ന് കൂടുതൽ സർവിസുകൾ ആരംഭിച്ച് വിമാനത്താവളത്തെ രക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നവരും നിരവധിയാണ്. സേവ് കണ്ണൂർ എയർപോർട്ട് ഫോറം രൂപവത്കരിക്കുമെന്നും പലരും പറയുന്നുണ്ട്. ഏറെ സൗകര്യങ്ങളുള്ള കണ്ണൂർ വിമാനത്താവളത്തെ രക്ഷിക്കാൻ നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.