സ്വർണത്തിന് തിളക്കം; വ്യാപാരം വർധിക്കുന്നു
text_fieldsമസ്കത്ത്: സ്വർണവില അന്താരാഷ്ട്ര തലത്തിൽ പുതിയ റെക്കോഡുകൾ സൃഷ്ടിച്ച് മുന്നേറുന്നു. ഇന്നലെ അന്താരാഷ്ട്ര വിപണിയിൽ ഒരു ഔൺസിന് 2288 ഡോളറായിരുന്നു വില. തലേ ദിവസത്തെ 2,250 എന്നതിൽനിന്നാണ് വില പുതിയ റെക്കോഡിലെത്തിയത്. ഒമാനിലും ഒറ്റ ദിവസം 400 ബൈസയാണ് ഗ്രാമിന് വർധിച്ചത്. വെള്ളിയാഴ്ച രാവിലെ ഒരു ഗ്രാമിന് 27.800 റിയാലായിരുന്നു വില വൈകുന്നേരത്തോടെ 28.200 ആയി ഉയർന്നു. ആഗോളതലത്തിൽ സംഘർഷ സാധ്യത നിലനിൽക്കെ സ്വർണ വില ഇനിയും ഉയരാനാണ് സാധ്യത എന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഇറാൻ-ഇസ്രായേൽ സംഘർഷം കനക്കാനിരിക്കുന്നത് ഏറ്റവും പുതിയ സംഭവ വികാസമാണ്.
സ്വർണവില വർധിക്കാൻ മൂന്ന് കാരണങ്ങളാണ് പ്രധാനമായുള്ളത്. അന്തരാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന സംഘർഷങ്ങളാണ് ഇതിൽ പ്രധാനം. രണ്ട് വർഷം മുമ്പ് റഷ്യ യുക്രെയ്നെ ആക്രമിച്ചതോടെയാണ് അന്താരാഷ്ട്ര തലത്തിൽ പുതിയ പ്രതിസന്ധി ആരംഭിച്ചത്. ഈ യുദ്ധം അന്താരാഷ്ട്ര തലത്തിൽ വൻ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കിയത്.റഷ്യക്കെതിരെ ഉപരോധം അടക്കമുള്ള നടപടികൾ നിലവിൽ വന്നതോടെ ഏറ്റവും സുരക്ഷിത നിക്ഷേപമായി ജനങ്ങൾ കണ്ടത് സ്വർണമായിരുന്നു. നിലവിൽ ഇസ്രായേലിന്റെ ഫലസ്തീൻ ആക്രമണവും ഇറാൻ -ഇസ്രായേൽ സംഘർഷവുമൊക്കെ നിലനിൽക്കുന്നതും ആഗോള തലത്തിൽ പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. യുദ്ധം രൂക്ഷമാവുന്നതോടെ ഹോർമുസ് കടലിടുക്ക് അടക്കാനുള്ള സാധ്യതയുണ്ട്.
റിസർവ് ബാങ്കുകൾ സ്വർണം വാങ്ങുന്നതും വില വർധനക്ക് കാരണമാണ്. ആഗോള തലത്തിൽ സെൻട്രൽ ബാങ്കുകൾ ഫെബ്രുവരിയിൽ 19 ടൺ സ്വർണമാണ് വാങ്ങിക്കൂട്ടിയത്.സെൻട്രൽ ബാങ്കുകൾ സുരക്ഷിത നിക്ഷേപമായാണ് സ്വർണത്തെ കാണുന്നത്. അതിനാൽ ഇവർ വാങ്ങിക്കൂട്ടുന്ന സ്വർണത്തിന്റെ അളവും കഴിഞ്ഞ മാസങ്ങളിൽ വർധിച്ചിട്ടുണ്ട്. അന്തരാഷ്ട്ര തലത്തിൽ വർധിച്ചു വരുന്ന പണപ്പെരുപ്പം തടയാനും സ്വർണം വാങ്ങുന്നവരും നിരവധിയാണ്.
വില വർധിക്കുന്നുണ്ടെങ്കിലും ജ്വല്ലറികളിലെ വിൽപനയും വർധിക്കുകയാണെന്ന് മസ്കത്തിലെ ജ്വല്ലറി ഉടമകൾ പറയുന്നു. അടുത്തിടെ സ്വർണ വിൽപന നല്ല തോതിൽ വർധിച്ചതായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് കൺട്രി മാനേജർ നജീബ് പറഞ്ഞു. ചെറിയ വ്യതിയാനങ്ങളുണ്ടായാലും സ്വർണവില വർധിച്ചു കൊണ്ടേയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ അവധി സീസൺ അടുക്കുന്നതിൽ സ്വർണ വിൽപന ഇനിയും വർധിക്കും. 2010 ൽ ഒരു ഗ്രാം സ്വർണത്തിന് 12 റിയാലായിരുന്നു വില ഇപ്പോൾ 28.200ലെത്തി. വില താഴേക്ക് പോവാൻ സാധ്യതയില്ല. സൂക്ഷിക്കാനും കൈകാര്യം ചെയ്യാനും എളുപ്പമാണ്. അതിനാൽ വില വർധിക്കുമ്പോഴും സ്വർണത്തിന് ആവശ്യക്കാർ വർധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.വില വർധിച്ചതോടെ പല ജ്വല്ലറികളും ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത് ശതമാനം പണമടച്ച് സ്വർണം ബുക്ക് ചെയ്യുന്നവർക്ക് പിന്നീട് അതേ നിരക്കിൽ മുഴുവൻ പണവുമടച്ച് സ്വർണം വാങ്ങാൻ കഴിയുന്ന പദ്ധതിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.