പീഡാനുഭവ സ്മരണയിൽ ദുഃഖവെള്ളി ആചരിച്ചു
text_fieldsമസ്കത്ത്: ക്രിസ്തുവിന്റെ പീഡാനുഭവത്തെയും കുരിശുമരണത്തെയും അനുസ്മരിച്ച് ഒമാനിലെ ക്രൈസ്തവ സമൂഹം ദുഃഖവെള്ളി ആചരിച്ചു. മസ്കത്ത്, ഗാലാ, സലാല, സുഹാർ എന്നിവിടങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങളിൽ ഭക്തിനിർഭരമായ ആരാധനയാണ് നടന്നത്. ദേവാലയങ്ങളിൽ രാവിലെ മുതൽ നടന്ന ശുശ്രൂഷകൾക്ക് മെത്രാപ്പോലീത്തമാരും വൈദികരും കാർമികത്വം വഹിച്ചു. യാമ പ്രാർഥനകൾ, പ്രദക്ഷിണം, കുരിശിന്റെ വഴി, സ്ലീബ വന്ദനം തുടങ്ങി വിവിധ ശുശ്രൂഷകളാണ് ദുഃഖ വെള്ളിയുടെ ഭാഗമായി നടന്നത്.
കോവിഡ് നിയന്ത്രണങ്ങളുണ്ടായതിനാൽ കഴിഞ്ഞ മൂന്ന് വർഷങ്ങളിലും വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. ഇത്തവണ അഭൂതപൂർവ തിരക്കാണ് എല്ലാ ദേവാലയങ്ങളിലും അനുഭവപ്പെട്ടത്. ഒമാന്റെ ഉൾപ്രദേശങ്ങളിൽ നിന്നുപോലും ധാരാളം വിശ്വാസികൾ ആരാധനയിൽ പങ്കെടുക്കാനെത്തി. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രാധാന്യമർഹിക്കുന്ന ദിനമാണ് ദുഃഖവെള്ളി. ദുഃഖവെള്ളി ശുശ്രൂഷയുടെ ഭാഗമായി മസ്കത്തിലെ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ സഭയുടെ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ പ്രദിക്ഷണം നടന്നു.
ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. വർഗീസ് ടിജു ഐപ്പ്, സഹവികാരി ഫാ. എബി ചാക്കോ എന്നിവർ സഹകാർമികത്വം വഹിച്ചു. സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ യേശു തന്റെ ശിഷ്യന്മാരുടെ കാൽകഴുകിയതിനെ അനുസ്മരിച്ച് കാൽകഴുകൽ ശുശ്രൂഷ നടന്നു. ഇടവക മെത്രാപ്പോലീത്ത ഗീവർഗീസ് മാർ തെയോഫിലോസ് മുഖ്യ കാർമികത്വം വഹിച്ചു. യേശുവിനെ ജനക്കൂട്ടം ജറൂസലമിലേക്ക് വരവേറ്റതിന്റെ ഓര്മ പുതുക്കുന്ന ഓശാനയോടെ ക്രൈസ്തവ വിശ്വാസികളുടെ വിശുദ്ധവാരാചരണത്തിനു തുടക്കമായിരുന്നു. അന്ത്യ അത്താഴ സ്മരണ പുതുക്കുന്ന പെസഹ വ്യാഴം, കുരിശുമരണ ദിനമായ ദുഃഖവെള്ളി എന്നീ ആത്മീയ ദിനങ്ങൾ കടന്ന് യേശുവിന്റെ ഉയിർത്തെഴുന്നേൽപിന്റെ ഓർമ പുതുക്കുന്ന ഈസ്റ്ററോടെ വിശുദ്ധവാരാചരണം പൂർത്തിയാകും.
യേശുവിന്റെ പീഡാനുഭവവും മരണവും ഉയിർത്തെഴുന്നേൽപും സ്മരിച്ച് ക്രൈസ്തവ വിശ്വാസികൾ പരിശുദ്ധിയോടെയും വ്രതത്തോടെയും കഴിച്ചുകൂട്ടുന്ന ദിനങ്ങളാണിവ. ഉയിർപ്പ് ഞായറോടെ അമ്പത് നോമ്പിനും സമാപനമാകും. ശനിയാഴ്ച രാത്രിയും ഞായറാഴ്ചയുമായി ദേവാലയങ്ങളിൽ ഉയിർപ്പ് പെരുന്നാളിന്റെ പ്രത്യേക ആരാധന നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.