ഗോപാലകൃഷ്ണൻ ജയിൽ മോചിതനാകുന്നു; ആന്ദകണ്ണീരിൽ ഭാര്യ പ്രിയയും മകളും
text_fieldsമസ്കത്ത്: 20 വർഷത്തിന് ശേഷം ഒമാനിലെ സമാഇൽ ജയിലിൽനിന്ന് ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശി സുരേന്ദ്രൻ ഗോപാലകൃഷ്ണൻ (51) ജയിൽമോചിതനാകുമ്പോൾ ആന്ദകണ്ണീരടക്കാനാവാതെ ഭാര്യ പ്രിയയും മകളും. ബലിപ്പെരുന്നാളിനോടനുബന്ധിച്ച് സുൽത്താൻ ഹൈതം ബിൻ താരിക്ക് മാപ്പ് നൽകിയ തടവുകാരുടെ ലിസ്റ്റിലാണ് ഇദ്ദേഹം ഉൾപ്പെട്ടിട്ടുള്ളത്. സുൽത്താന്‍റെ കാരുണ്യത്തിൽ ആകെ 308 പേരാണ് ജയിൽ മോചിതരായിരിക്കുന്നത്. ഇതിൽ 119 പേർ വിദേശികളാണ്. കേരള പ്രവാസി ക്ഷേമനിധി ബോർഡംഗം പി.എം. ജാബിറിന്റെ നേതൃത്വത്തിലുള്ള സാമൂഹിക പ്രവർത്തകരുടെ നിരന്തരമായ ഇടപ്പെടലുകളാണ് ഗോപാലകൃഷ്ണന്റെ മോചനത്തിന് വഴി തെളിഞ്ഞത്.
കല്ല്യാണം കഴിഞ്ഞ് മധുവിധു തീരുമുമ്പേ ഒമാനിലേക്ക് മടങ്ങിയ ഗോപാലകൃഷ്ണൻ സഹപ്രവർത്തകരായ രണ്ടുമലയാളികളെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് ജയിലിൽ പോകുന്നത്. ഭാര്യ പ്രസവിച്ച സന്തോഷത്തിൽ നാട്ടിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട വാക്ക് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പറയുന്നു. 2002ൽ ഇസ്ക്കിയിലായിരുന്നു കേസിനാസ്പദമായ സംഭവം. സമാഇലിൽ താമസിക്കുന്ന ടോണിയുടെ സഹായത്താൽ കഴിഞ്ഞ റമദാനിൽ പ്രിയയും മകളും ജയിലിൽ ഗോപാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വികാരഭരിതമായിരുന്നു ആ കൂടി കാഴ്ച. വിവാഹം കഴിഞ്ഞ് ഒരു മാസം മാത്രം കൂടെ കഴിഞ്ഞ് വിദേശത്തേക്ക് പോയ ഭർത്താവിനെ ഇരുപത്തിയൊന്നു വർഷങ്ങൾക്കു ശേഷമായിരുന്നു പ്രിയ കാണുന്നത്. മകൾ വളർന്ന് ബിരുദധാരിയായിരിക്കുന്നത് നിറകണ്ണുളോടെയാണ് ഗോപാലകൃഷ്ണൻ കണ്ടത്.
രേഖകൾ ശരിയാക്കി വൈകാതെ ഇദ്ദേഹത്തെ നാട്ടിലേക്കയക്കാനാകുമെന്ന് പി.എം. ജാബിർ പറഞ്ഞു. ഗോപാലകൃഷ്ണന്‍റെ മോചനം കാത്ത് കണ്ണീരണിഞ്ഞ് കഴിഞ്ഞിരുന്ന മാതാപിതാക്കൾ വർഷങ്ങൾക്ക് മുമ്പ് മരിച്ചു. നല്ലൊരു കലാകാരൻ കൂടിയായ സുരേന്ദ്രൻ ഗോപാലകൃഷ്ണൻ ജയിലിൽനിന്ന് നിരവധി ചിത്രങ്ങളും വരച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.